ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യ ഘട്ടത്തിൽ 60.13% പോളിംഗ്

പറ്റ്ന: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറെ നിർണ്ണായകമായ ഒന്നാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായി. 121 മണ്ഡലങ്ങളിലായി വ്യാഴാഴ്ച വൈകുന്നേരം 5 മണി വരെ 60.18 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 3.75 കോടി വോട്ടർമാരാണ് ആദ്യ ഘട്ടത്തിൽ വിധിയെഴുതിയത്. അതേസമയം പോളിംഗ് ബൂത്ത് സന്ദർശിക്കാൻ എത്തിയ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹയുടെ വാഹനത്തിന് നേരെ ജനങ്ങൾ കല്ലെറിഞ്ഞു.
ബെഗുസാരായി ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയത് – 67.32%. തൊട്ടുപിന്നിൽ സമസ്തിപൂർ (66.65%), മധേപുര (65.74%) എന്നീ ജില്ലകളാണ്. തലസ്ഥാനമായ പറ്റ്നയിൽ 48.69 ശതമാനമായിരുന്നു പോളിംഗ്.
ഭരണകക്ഷിയായ എൻഡിഎയ്ക്കും പ്രതിപക്ഷമായ ഇൻഡ്യ സഖ്യത്തിനും ഒരുപോലെ നിർണ്ണായകമാണ് ആദ്യ ഘട്ടം. ആർജെഡിയുടെ തേജസ്വി യാദവ്, ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ എന്നിവരുൾപ്പെടെ നിരവധി പ്രമുഖ നേതാക്കളും മന്ത്രിമാരും ഈ ഘട്ടത്തിൽ മത്സരരംഗത്തുണ്ടായിരുന്നു.
ഉയർന്ന പോളിംഗ് എൻഡിഎയ്ക്ക് അനുകൂലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേട്ടങ്ങൾ, 125 യൂണിറ്റ് സൗജന്യ വൈദ്യുതി, സ്ത്രീകൾക്ക് 10,000 രൂപ ധനസഹായം തുടങ്ങിയ ക്ഷേമപദ്ധതികൾ ഭരണവിരുദ്ധ വികാരം മറികടക്കാൻ സഹായിക്കുമെന്നാണ് എൻഡിഎ പ്രതീക്ഷിക്കുന്നത്.
പ്രതീക്ഷയോടെ പ്രതിപക്ഷം
എന്നാൽ, എൻഡിഎയുടെ അവകാശവാദങ്ങൾ തള്ളിക്കളഞ്ഞ പ്രതിപക്ഷം, ജനങ്ങൾ മാറ്റത്തിനായാണ് വോട്ട് ചെയ്തതെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്, “റൊട്ടി തവയിൽ മറിച്ചിട്ടില്ലെങ്കിൽ കരിഞ്ഞുപോകും” എന്ന ഉപമയുമായി സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. 20 വർഷം നീണ്ട ഭരണത്തിന് ശേഷം, പുതിയ ബീഹാർ കെട്ടിപ്പടുക്കാൻ തേജസ്വി യാദവിന്റെ സർക്കാർ ആവശ്യമാണെന്നും അദ്ദേഹം ‘എക്‌സിൽ’ കുറിച്ചു.
വോട്ടെടുപ്പ് ദിനത്തിൽ ഇരുപക്ഷവും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചു. ലഖിസാരായിയിൽ വെച്ച് തന്റെ വാഹനവ്യൂഹത്തിന് നേരെ ആർജെഡി പ്രവർത്തകർ ആക്രമണം നടത്തിയെന്ന് ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ ആരോപിച്ചു. അതേസമയം, ഇൻഡ്യ സഖ്യത്തിന് സ്വാധീനമുള്ള മേഖലകളിൽ വോട്ടിംഗ് മനഃപൂർവം മന്ദഗതിയിലാക്കിയെന്ന് ആർജെഡി ആരോപിച്ചു. എന്നാൽ ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി.
അതേസമയം മാഞ്ചി മണ്ഡലത്തിലെ സിപിഐ (എംഎൽ) ലിബറേഷൻ എംഎൽഎയായ സത്യേന്ദ്ര യാദവിന്റെ വാഹനവ്യൂഹത്തിന് നേരെ അജ്ഞാത സംഘം ആക്രമണം നടത്തി. സരൺ ജില്ലയിലെ മാഞ്ചി നിയമസഭാ മണ്ഡലത്തിൽ വെച്ചായിരുന്നു സംഭവം. എംഎൽഎയുടെ വാഹനവ്യൂഹം തടഞ്ഞുനിർത്തി അജ്ഞാതർ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ എംഎൽഎ സത്യേന്ദ്ര യാദവും കാറിലുണ്ടായിരുന്ന മറ്റുള്ളവരും പരുക്കേൽക്കാതെ രക്ഷപ്പെട്ടതായി സരൺ പൊലിസ് പ്രസ്താവനയിൽ അറിയിച്ചു. അക്രമത്തിന് പിന്നിലെ സാമൂഹിക വിരുദ്ധർക്കായി തിരച്ചിൽ ആരംഭിച്ചതായും പൊലിസ് വ്യക്തമാക്കി.

