KSDLIVENEWS

Real news for everyone

അതിജീവിതയ്ക്കെതിരായ സൈബർ അധിക്ഷേപം; രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

SHARE THIS ON

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയായ യുവതിയെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിന് ജാമ്യമില്ല. തിരുവനന്തപുരം അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയത്.

രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും നിരാഹാര സമപത്തിലായതിനാൽ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെന്നും ജാമ്യം എതിർത്ത് പ്രോസിക്യൂഷൻ കോടതിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, പരാതിക്കാരിക്കെതിരെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റുകൾ പിൻവലിക്കാമെന്ന് രാഹുലിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇനി ഇത്തരത്തിൽ പോസ്റ്റുകൾ പങ്കുവയ്ക്കില്ലെന്നും പ്രതിഭാഗം വ്യക്തമാക്കിയിരുന്നു.

പൂജപ്പുര ജയിലിൽ കഴിയുന്ന രാഹുൽ ഈശ്വറിനെ കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. നിരാഹാര സമരത്തിലുള്ള രാഹുലിന്റെ ആരോഗ്യനില മോശമായതിനെ തുടർന്നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിജീവിതയുടെ പരാതിയിൽ തിരുവനന്തപുരം സൈബർ പൊലീസ് ആണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്തത്.

വിശദമായ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ആദ്യം ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിരുന്നു ചുമത്തിയത്. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പിന്നീട് കൂടുതൽ വകുപ്പുകൾ ചുമത്തുകയായിരുന്നു. അതിജീവിതയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഇലക്ടോണിക് സംവിധാനങ്ങളുടെ ദുരുപയോഗം, ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ തുടങ്ങിയ വകുപ്പുകളാണ് രാഹുല്‍ ഈശ്വറിനെതിരെ ചുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!