KSDLIVENEWS

Real news for everyone

കര്‍ണാടകയില്‍ ലൗ ജിഹാദിനെതിരെ നിയമം, മദ്രസകളില്‍ പരിഷ്‌കരണം കൊണ്ടുവരുമെന്ന് ന്യൂനപക്ഷ ക്ഷേമമന്ത്രി, വര്‍ഗീയധ്രുവീകരണത്തിനുള്ള നീക്കമെന്ന് കോണ്‍ഗ്രസ്

SHARE THIS ON

ബംഗളൂരു: കര്‍ണാടകയില്‍ വൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്നും മദ്രസകളില്‍ പരിഷ്‌കരണം ഏര്‍പ്പെടുത്തുമെന്നും ന്യൂനപക്ഷ ക്ഷേമ മന്ത്രി ശ്രീമന്ത് ബാലസാഹേബ് പാട്ടീല്‍ പറഞ്ഞു. വിവാഹത്തിലൂടെ ‘നിര്‍ബന്ധിത മതപരിവര്‍ത്തനം’ തടയുന്നതിനാണ് നിയമം കൊണ്ടുവരുന്നതെന്നും ലൗ ജിഹാദ് നിയമം സംബന്ധിച്ച് ഭരണകക്ഷിയായ ബി.ജെ.പിക്കുള്ളില്‍ ആശയക്കുഴപ്പമില്ലെന്നും പാട്ടീല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിരവധി വശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വളരെ വലിയ വിഷയമാണിത്. അതിനാല്‍ വിവിധ വകുപ്പുകളുടെ വിദഗ്ധരുമായി കൂടിയാലോചിച്ച് അഭിപ്രായങ്ങള്‍ ആരാഞ്ഞുവരികയാണ്. നിലവില്‍ നിയമ വകുപ്പ് വിദഗ്ധരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
മദ്രസയില്‍ സ്‌കോളാസ്റ്റിക് സിലബസ് ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. മദ്രസയില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. മദ്രസകളില്‍ നിന്ന് വരുന്നവര്‍ നേരിട്ട് ഐ.ടി.ഐ കോഴ്സുകളില്‍ പ്രവേശനം നേടേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിര്‍ബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവര്‍ത്തനത്തിനെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒരു നിയമം കൊണ്ടുവന്നിരുന്നു. ഇതുപ്രകാരം 10 വര്‍ഷം വരെ തടവും 50,000 രൂപ വരെ പിഴയുമാണ് ശിക്ഷ. പ്രണയത്തിന്റെയും വിവാഹത്തിന്റെയും പേരില്‍ നടക്കുന്ന മതപരിവര്‍ത്തനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ലൗ ജിഹാദിനെതിരെ കര്‍ണാടകയില്‍ കര്‍ശന നിയമം ആവശ്യമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് നളിന്‍ കുമാര്‍ കട്ടീലും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ കര്‍ണാടകയില്‍ ലൗ ജിഹാദ് ഇല്ലെന്നും ബി.ജെ.പിയുടെ സാങ്കല്‍പ്പിക ആശയമാണിതെന്നും നിയമം കൊണ്ടുവരുന്നത് വര്‍ഗീയധ്രുവീകരണമുണ്ടാക്കി മുതലെടുപ്പ് നടത്താനാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!