മഡുറോയെ പിടികൂടാനുള്ള യുഎസ് നടപടി: 24 സുരക്ഷാസേനാംഗങ്ങൾ കൊല്ലപ്പെട്ടെന്ന് വെനസ്വേലൻ സൈന്യം

കാരക്കാസ്: പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാൻ യുഎസ് നടത്തിയ സൈനികനീക്കത്തിൽ സുരക്ഷാസേനയിലെ 24 അംഗങ്ങൾ കൊല്ലപ്പെട്ടെന്ന് വെനസ്വേലൻ സൈന്യം. വെനസ്വേലയിൽ ജോലി ചെയ്യുന്ന ക്യൂബൻ സൈനികരും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 32 പേർ മരിച്ചതായി ക്യൂബൻ സർക്കാർ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. ഔദ്യോഗിക മരണസംഖ്യ 56 ആയെന്നാണ് ചില അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെങ്കിലും കൂടാനാണ് സാധ്യത.
ശനിയാഴ്ചയാണ് വെനസ്വേലയെ കടന്നാക്രമിച്ച് പ്രസിഡന്റ് നിക്കൊളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ളോറസിനേയും യുഎസ് റാഞ്ചിയത്. ഹെലിക്കോപ്ടറുകളിലും ഫൈറ്റർ ജെറ്റുകളിലും നാവികസേനയുടെ പിന്തുണയോടെ നടത്തിയ ആക്രമണത്തിലാണ് ഇരുവരെയും പിടികൂടിയത്. അമേരിക്കയിലേക്കുള്ള ലഹരിക്കടത്ത്, ആയുധം കൈവശംവെയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് മഡുറോയ്ക്കെതിരേ അമേരിക്ക ചുമത്തിയിരിക്കുന്നത്.
ന്യൂയോർക്കിലെ ജയിലിൽ പാർപ്പിച്ചിരുന്ന ഇരുവരെയും ഇന്ത്യൻ സമയം തിങ്കളാഴ്ച വൈകീട്ട് ആറരയോടെ ന്യൂയോർക്കിലെ കോടതിയിൽ എത്തിച്ചിരുന്നു. തനിക്കെതിരേ ചുമത്തിയ കുറ്റങ്ങൾ നിഷേധിക്കുന്നതായും താൻ നിരപരാധിയാണെന്നുമായിരുന്നു ന്യൂയോർക്ക് കോടതിയിൽ നിക്കോളാസ് മഡുറോയുടെ വാദം. കേസിൽ വാദം കേൾക്കുന്നതിനായി മഡുറോയെ മാർച്ച് 17-ന് വീണ്ടും ഹാജരാക്കാൻ കോടതി ഉത്തരവിട്ടു.

