സിബിഐ ഡയറക്ടർ:ബെഹ്റയ്ക്ക് വെല്ലുവിളി അസ്താന; ഇലക്‌ഷൻ ഡിജിപിയാകാൻ തച്ചങ്കരി

തിരുവനന്തപുരം ∙ സിബിഐ ഡയറക്ടർ സ്ഥാനത്തേക്കു സംസ്ഥാന ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു വെല്ലുവിളി ഗുജറാത്ത് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ രാകേഷ് അസ്താന. KERALA കസേര കണ്ട് പനി: ഡിജിപി കസേരയ്ക്ക് ഐപിഎസുകാർ ചേരിതിരിഞ്ഞു വടംവലി ഇവർ ഇരുവരും ഉൾപ്പെടെ 1984 മുതൽ 86 വരെയുള്ള ബാച്ചുകളിലെ 6 ഡിജിപിമാരാണു ഡയറക്ടർ സ്ഥാനത്തേക്കുള്ള അന്തിമ പട്ടികയിൽ. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഡയറക്ടറും മേഘാലയ കേഡർ 1984 ബാച്ച് ഉദ്യോഗസ്ഥനുമായ വൈ.സി.മോദി, സിഐഎസ്എഫ് മേധാവിയും 1985 ബാച്ച് മഹാരാഷ്ട്ര കേഡർ ഉദ്യോഗസ്ഥനുമായ സുബോധ് കുമാർ ജൈസ്വാൾ, 1984 ബാച്ച് ഹരിയാന കേഡർ ഉദ്യോഗസ്ഥനും ഐടിബിപി മേധാവിയുമായ എസ്.എസ്.ദേസ്വാൾ, 1985 ബാച്ചിലെ യുപി ഡിജിപി എച്ച്.സി.അവസ്തി എന്നിവരും പട്ടികയിലുണ്ടെന്നാണു സൂചന. 1984 ബാച്ച് ഉദ്യോഗസ്ഥനായ രാകേഷ് അസ്താന നിലവിൽ ബിഎസ്എഫ്, നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ എന്നിവയുടെ മേധാവിയാണ്. നേരത്തേ സിബിഐ സ്പെഷൽ ഡയറക്ടറായിരുന്നു. മുൻ ഡയറക്ടർ അലോക് വർമയുമായുള്ള പരസ്യമായ അഭിപ്രായ ഭിന്നതയെത്തുടർന്ന് 2019ൽ ഇരുവരെയും സിബിഐയിൽ നിന്നു കേന്ദ്ര സർക്കാർ മാറ്റി. അതിനു ശേഷം എം.നാഗേശ്വര റാവുവിനു താൽക്കാലിക ചുമതലയും തുടർന്നു ഋഷി കുമാറിനു പൂർണ ചുമതലയും നൽകി 2 വർഷത്തേക്കു നിയമിച്ചു.. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനായി അറിയപ്പെടുന്ന അസ്താന അഗസ്റ്റ വെസ്റ്റ്ലാൻഡ്, വിജയ് മല്യ കേസ് അന്വേഷണങ്ങൾക്കു നേതൃത്വം നൽകി. മുൻപു സിബിഐയിൽ രണ്ടാമനായിരുന്നു. അതിനാൽ സഹപ്രവർത്തകർ ഇദ്ദേഹത്തിനു സാധ്യത കൽപിക്കുന്നു. എൻഐഎ മേധാവി വൈ.സി.മോദിയും സർക്കാരിനു വേണ്ടപ്പെട്ട വ്യക്തിയാണ്. ഇക്കൂട്ടത്തിലാണു ബെഹ്റയും പട്ടികയിൽ. 2 പേരും സിബിഐയിൽ പ്രവർത്തിച്ചിട്ടുണ്ട്. സിബിഐ ഡയറക്ടറായി ആരെ നിയമിച്ചാലും 2 വർഷമാണു കാലാവധി. പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവർ അടങ്ങിയ സമിതിയാണു ഡയറക്ടറെ തിരഞ്ഞെടുക്കുന്നത്. ഇലക്‌ഷൻ ഡിജിപി: തച്ചങ്കരിക്കു തടസ്സമില്ല തിരഞ്ഞെടുപ്പു കാലത്തു കേരളത്തിൽ ‘ഇലക്‌ഷൻ ഡിജിപി’ വേണമെന്നു സംസ്ഥാന സർക്കാരോ തിരഞ്ഞെടുപ്പു കമ്മിഷനോ തീരുമാനിച്ചാൽ ആ സ്ഥാനത്തേക്കു ഡിജിപി ടോമിൻ തച്ചങ്കരിയെയും പരിഗണിക്കും. വിജിലൻസ് കേസ് ഇതിനു തടസ്സമല്ല. സാധാരണ തിരഞ്ഞെടുപ്പു വിജ്ഞാപനം മുതൽ ഫലപ്രഖ്യാപനം വരെ 45 ദിവസത്തേക്കാണ് ഇത്തരം നിയമനം. ആ സമയം ഇലക്‌ഷൻ ഡിജിപിക്കായിരിക്കും സംസ്ഥാന പൊലീസ് മേധാവിയുടെ പൂർണ ചുമതല. ഇലക്‌ഷൻ ഡിജിപി വന്നാൽ ബെഹ്റ പൊലീസ് ആസ്ഥാനത്തു തുടരുമെങ്കിലും ക്രമസമാധാന വിഷയത്തിൽ ഇടപെടില്ല. എന്നാൽ ഈ തസ്തിക വേണോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയില്ല. മിക്കവാറും ബെഹ്റ തുടരുമ്പോൾ തന്നെ തിരഞ്ഞെടുപ്പു നടത്താനാണു സാധ്യത.

