രാജ്യം മുഴുവന്‍ ഉത്തരാഖണ്ഡിന് ഒപ്പമെന്ന് പ്രധാനമന്ത്രി; എല്ലാ സഹായവും നല്‍കുമെന്ന് അമിത് ഷാ ; പത്ത് പേരുടെ മൃതദേഹം കണ്ടെടുത്തു കവിഞ്ഞു; 150 ലേറെ പേർ മരിച്ചതായി സംശയം

ന്യൂഡൽഹി : രാജ്യം മുഴുവൻ ഉത്തരാഖണ്ഡിനൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല ഇടിഞ്ഞതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധിപേർ മരിച്ചതായ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
അവിടെയുള്ള എല്ലാവരുടെയും സുരക്ഷയ്ക്കായി രാജ്യം മുഴുവൻ പ്രാർഥിക്കുകയാണെന്നും സ്ഥിതിഗതികൾ താൻ നേരിട്ട് വിലയിരുത്തുന്നുണ്ടെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മുതിർന്ന ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിക്കൽ, രക്ഷാപ്രവർത്തനം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ആരായുന്നുണ്ടെന്നും പശ്ചിമ ബംഗാൾ, അസം സന്ദർശനത്തിനിടെ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദുരന്തത്തിൽ ആശങ്ക രേഖപ്പെടുത്തി. രക്ഷാപ്രവർത്തനങ്ങൾ വിജയകരമായി നടക്കുന്നുവെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പ്രദേശത്തെ ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രാർഥിക്കുന്നു. രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും നല്ലരീതിയിൽ പുരോഗമിക്കുന്നുവെന്നാണ് കരുതുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തുമായി സംസാരിച്ച് സ്ഥിതിഗതികൾ ആരാഞ്ഞു. രക്ഷാപ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാരിന്റെ എല്ലാ സഹായവും അദ്ദേഹം ഉത്തരാഖണ്ഡിന് വാഗ്ദാനം ചെയ്തു. രക്ഷാപ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത നിവാരണ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കൂടുതൽ സേനാംഗങ്ങളെ വ്യോമമാർഗം സ്ഥലത്തെത്തിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

