KSDLIVENEWS

Real news for everyone

മകളുടെ മരണത്തില്‍ സംശയമുണ്ട്, സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തത് എന്തിന്‌- ഡോ: വന്ദനയുടെ പിതാവ്

SHARE THIS ON

കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദനാദാസിന്റെ കൊലപാതകത്തില്‍ ചില സംശയങ്ങളുണ്ടെന്ന് വന്ദനയുടെ പിതാവ്. സിബിഐ അന്വേഷണത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തത് എന്തിനാണെന്ന് മനസ്സിലാക്കുന്നില്ലെന്നും വന്ദനയുടെ പിതാവ് മോഹന്‍ദാസ് മാധ്യമങ്ങളോട് പറഞ്ഞു. വന്ദനയുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി ചൊവ്വാഴ്ച ഹൈക്കോടതി തള്ളിയിരുന്നു.

‘സര്‍ക്കാര്‍ എന്തിനാണ് സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്ന് ജഡ്ജിമാരും ചോദിച്ചിട്ടുണ്ട്. മാതാപിതാക്കള്‍ക്ക് അത്തരമൊരു അന്വേഷണമാണ് താത്പര്യമെങ്കില്‍ അതിന് അനുവദിച്ചുകൊടുക്കേണ്ടതല്ലേയെന്നും ആരാഞ്ഞു. പിന്നെയും സര്‍ക്കാര്‍ എതിര്‍ത്തതെന്തിനെന്ന് മനസ്സിലാകുന്നില്ല’, മോഹന്‍ദാസ് പറഞ്ഞു.

അക്രമമുണ്ടായി നാലര മണിക്കൂറോളം തന്റെ മകള്‍ക്ക് ചികിത്സ ലഭിച്ചില്ല. അവിടെ ഉണ്ടായിരുന്ന പോലീസുകാര്‍ പ്രതിയെ പിടിച്ചു മാറ്റാന്‍പോലും തയ്യാറായില്ല. കുത്തുകൊണ്ട് ഒരു മണിക്കൂര്‍വരെ വന്ദന പോലീസ് എയ്ഡ് പോസ്റ്റില്‍ ഇരുന്നു. പോലീസിന്റെ സാന്നിധ്യത്തില്‍ നടന്ന ഒരു കൊലപാതകമാണ്. അരമണിക്കൂര്‍ കൊണ്ട് ആശുപത്രിയില്‍ എത്തേണ്ട സ്ഥാനത്ത് ഒന്നര മണിക്കൂര്‍ എടുത്തുവെന്നും എഫ്‌ഐആറില്‍ തിരുത്തല്‍ വരുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

സംഭവവുമായി ബന്ധപ്പെട്ട പലകാര്യങ്ങളും വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. ആശുപത്രി സംരക്ഷണ ബില്ല് ഉണ്ടാക്കിയതിലും തനിക്ക് സംശയമുണ്ട്. ചികിത്സ വൈകിയതിന് പിന്നില്‍ മെഡിക്കല്‍ ബില്ല് പാസാക്കാനുള്ള ശ്രമമാണോ എന്നതാണ് തന്റെ സംശയം. ഐഎംഎ നേതാക്കള്‍ക്ക് ഇതില്‍ പങ്കുള്ളതായി സംശയിക്കുന്നുവെന്നും മോഹന്‍ദാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!