ദേശീയപാത നിർമാണം: മേൽപറമ്പ് പൊലീസ് സ്റ്റേഷൻ ഒഴിയണമെന്നാവശ്യപ്പെട്ട് നോട്ടിസ്

കാസർകോട്: ദേശീയപാതാ വികസനത്തിനായി ചട്ടഞ്ചാലിൽ പ്രവർത്തിക്കുന്ന മേൽപറമ്പ് പൊലീസ് സ്റ്റേഷൻ കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ട് കരാർ കമ്പനി അധികൃതർക്ക് നോട്ടിസ് നൽകി. ദേശീയപാത നിർമാണ കമ്പനിയായ മേഘ കൺസ്ട്രക്ഷൻസിൽ നിന്ന് ലഭിച്ച കത്തിന് കലക്ടർ മുഖേന സാവകാശം തേടി, മറുപടി കൊടുത്ത് പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയാകുന്നതു കാത്തിരിക്കുകയാണ് ചട്ടഞ്ചാലിലെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മേൽപറമ്പ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ.
റോഡ് പണി തുടരുന്നതിനു കെട്ടിടം തടസ്സമാകുന്നതിനാൽ എത്രയും പെട്ടെന്ന് ഒഴിയണമെന്നു ആവശ്യപ്പെട്ട് രണ്ടാഴ്ച മുൻപാണ് കരാർ കമ്പനി അധികൃതർ പൊലീസിനു നോട്ടിസ് നൽകിയത്. ഇതോടെ ആശങ്കയിലായ മേൽപറമ്പിലെ പൊലീസ് ഉദ്യോഗസ്ഥർ ജില്ലാ പൊലീസ് അധികാരികൾ മുഖേനയാണ് സാവകാശം തേടി കലക്ടർക്കു കത്ത് നൽകിയത്. കത്തിന്റെ കോപ്പി കരാർ കമ്പനി അധികൃതർക്കു കൈമാറിയതിനാൽ സ്റ്റേഷനു മുൻവശത്തെ പണി താൽക്കാലികമായി നിർത്തി.
ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഇപ്പോൾ സ്റ്റേഷൻ കെട്ടിടം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുൻഭാഗത്തോട് ചേർന്നാണ് സർവീസ് റോഡ് കടന്നുപോകുക. ഇവിടെ ആഴത്തിൽ മണ്ണെടുക്കുന്നതിനാൽ സ്റ്റേഷനിലേക്കുള്ള വഴി അടയുന്നതോടെ വാഹനങ്ങൾക്കുൾപ്പെടെ പ്രവേശിക്കാനാകില്ല. കെട്ടിടത്തിന്റെ മുൻഭാഗവും പണിയുടെ ഭാഗമായി പൊളിക്കണം. ഇതോടെ ഈ കെട്ടിടം ഉപയോഗശൂന്യമാകും. അതിനാലാണ് ഒഴിയാൻ ആവശ്യപ്പെട്ടത്.
കെട്ടിടം ഒഴിഞ്ഞില്ലെങ്കിൽ പണി വൈകും
നിലവിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പൊലീസ് സ്റ്റേഷൻ നിശ്ചിത സമയത്തിനുള്ളിൽ ഒഴിഞ്ഞില്ലെങ്കിൽ റോഡിന്റെ നിർമാണം വൈകും. ഇതിന്റെ പേരിൽ ദേശീയപാത വികസനം വൈകിയാൽ പൊലീസിനെയായിരിക്കും കുറ്റപ്പെടുത്തുക. ചട്ടഞ്ചാലിലെ സബ് ട്രഷറി കെട്ടിടത്തിന്റെ സമീപത്ത് ബേക്കൽ ഡിവൈഎസ്പി ഓഫിസിനും പൊലീസ് സ്റ്റേഷനുമായി പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയിട്ട് 2 വർഷത്തിലേറെയായി എങ്കിലും ഇതുവരെ പൂർത്തിയായില്ല. കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുക. അതിനാൽ താഴത്തെ നിലയുടെ പ്രവൃത്തി പെട്ടെന്നു പൂർത്തിയാക്കി ഉദ്ഘാടനത്തിനു കാത്തുനിൽക്കാതെ നിശ്ചിത ദിവസത്തിനുള്ളിൽ പുതിയ കെട്ടിടത്തിലേക്ക് മാറാനുള്ള ആലോചനയും നടക്കുന്നുണ്ട്.

