KSDLIVENEWS

Real news for everyone

ഫ്‌ളാറ്റില്‍ ആരൊക്കെ ഉണ്ടായിരുന്നുവെന്ന് അന്വേഷിക്കണം; മിഹിറിന്റെ മരണത്തില്‍ ദുരൂഹതയെന്ന് പിതാവ്

SHARE THIS ON

കൊച്ചി: തൃപ്പൂണിത്തുറ ഗ്ലോബല്‍ സ്‌കൂളിലെ വിദ്യാര്‍ഥി മിഹിര്‍ അഹമ്മദിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവിന്റെ പരാതി. മിഹിറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സ്‌കൂളില്‍ നിന്നെത്തി മരിക്കുന്നത് വരെ മിഹിറിന് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും പിതാവ് മലപ്പുറം തിരൂർ താനാളൂർ മാടമ്പാട്ട് ഷഫീഖ് പറയുന്നു. മിഹിര്‍ മരിക്കുന്നതിന് തൊട്ടുമുമ്പ് രണ്ടാനച്ഛനുമായി സംസാരിച്ചിരുന്നുവെന്നും അത് എന്താണെന്ന് കണ്ടെത്തണമെന്നും മരിക്കുന്ന സമയത്ത് ആരൊക്കെ ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നു എന്ന് അറിയണമെന്നും ഷഫീഖ് പറയുന്നു. ഷഫീഖ് പരാതി നൽകിയ ശേഷമാണ് മിഹിറിന്റെ മരണത്തിൽ സ്കൂളിനെതിരേയും സഹപാഠികൾക്കെതിരേയും പരാതിയുമായി അമ്മ രംഗത്ത് വരുന്നത്.

അമ്മയ്ക്കും രണ്ടാനച്ഛനുമൊപ്പം തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന മകന്‍ തന്നോട് സ്ഥിരമായി ആശയവിനിമയം നടത്താറുണ്ടെന്നും എന്തെങ്കിലും പ്രശ്‌നമുള്ളതായി മകന്‍ പറഞ്ഞിട്ടില്ലെന്നും പിതാവ് പറയുന്നു. സന്തോഷവാനായി വീട്ടിലെത്തിയ മകന്‍ ആത്മഹത്യ ചെയ്തത് എങ്ങനെയാണെന്ന് കണ്ടെത്തണമെന്നും തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസിന് നല്‍കിയ പരാതിയില്‍ പിതാവ് ഷഫീഖ് മാടമ്പാട്ട് പറയുന്നു. നിലവില്‍ തൃപ്പൂണിത്തുറ പോലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അന്വേഷണം നടത്തുന്നത്. റാഗിങ് പരാതിയില്‍ പുത്തന്‍കുരിശ് പോലീസും അന്വേഷണം നടത്തുന്നുണ്ട്.

മിഹിറുമായുള്ള ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളും പിതാവ് പുറത്തുവിട്ടു. തന്നെ കൂടെ കൊണ്ടുപോകണമെന്ന് മിഹിര്‍ ചാറ്റില്‍ പറയുന്നുണ്ട്. മകന്‍ വിഷാദിത്തിലായിട്ടും കൗണ്‍സിലിങ് നല്‍കിയില്ലെന്നും ജെംസ് സ്‌കൂളില്‍ നിന്ന് മിഹിറിനെ മാറ്റിയത് അവന്റെ താത്പര്യമില്ലാതെയാണെന്നും അക്കാര്യം തന്നെ അറിയിച്ചിരുന്നില്ലെന്നും പിതാവ് പറയുന്നു. മിഹിറിന്റെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഷഫീഖ് പരാതിയില്‍ പറയുന്നു. മിഹിറിന്റെ അമ്മയും ബന്ധുക്കളും പറഞ്ഞതില്‍ വൈരുദ്ധ്യമുണ്ടെന്നും പിതാവ് ആരോപിച്ചു.

ജനുവരി 15-നായിരുന്നു ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയും ഇരുമ്പനം സ്വദേശിയുമായ മിഹിര്‍ താമസ സ്ഥലത്തെ ഫ്‌ളാറ്റ് സമുച്ചയത്തിലെ 26-ാം നിലയില്‍നിന്ന് ചാടി മരിച്ചത്. മിഹിര്‍ ക്രൂരമായ റാഗിങ്ങിന് ഇരയായെന്ന് ചൂണ്ടിക്കാട്ടി മാതാവ് പരാതി നല്‍കിയിരുന്നു. ഇത് വലിയ ചര്‍ച്ചാവിഷയമാകുകയും ചെയ്തു. സ്‌കൂള്‍ ബസില്‍വെച്ച് മിഹിര്‍ ക്രൂരമായ പീഡനം നേരിട്ടുവെന്ന് അമ്മ പരാതിയില്‍ പറഞ്ഞിരുന്നു. ക്ലോസെറ്റില്‍ തല പൂഴ്ത്തിവെച്ചും ഫ്‌ളഷ് ചെയ്തും അതിക്രൂരമായി മിഹിറിനെ റാഗ് ചെയ്തിരുന്നുവെന്നും അമ്മ പരാതിയില്‍ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!