ബജറ്റ് വെറും പൊള്ള; കടബാധ്യതകള്‍ തീര്‍ക്കാനുള്ള നീക്കിയിരിപ്പ് പോലും ഇല്ല; വിഡി സതീശൻ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സമ്ബൂർണ ബജറ്റ് വെറും പൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബജറ്റില്‍ എല്ലാം ആവർത്തനമായിരുന്നു.
ബജറ്റില്‍ വിശ്വാസ്യത ഇല്ല. ക്ഷേമപദ്ധതികള്‍ അടക്കമുള്ളവയ്ക്കുള്ള വിഹിതം വെട്ടിക്കുറച്ചു. സർക്കാരിന്റെ ബാധ്യത തീർക്കാനുള്ള പണം പോലും ഇത്തവണത്തെ ബജറ്റില്‍ വെച്ചിട്ടില്ലെന്നും വിഡി സതീശൻ വിമർശിച്ചു.
യാഥാർത്ഥ്യബോധമില്ലാത്ത ബജറ്റാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ലൈഫ് പദ്ധതിയെ കുറിച്ച് ധനമന്ത്രി അഭിമാനത്തോടെ സംസാരിച്ചു. കഴിഞ്ഞ ബജറ്റില്‍ പദ്ധതിക്കായി വകയിരുത്തിയത് 500 കോടിയാണ്. എന്നാല്‍ അതിന്റെ 24 ശതമാനം മാത്രമാണ് ചെലവാക്കിയത്. എന്താണ് അപ്പോള്‍ ബജറ്റിന്റെ വിശ്വാസ്യത. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൊടുക്കുന്ന ഫണ്ട് വെട്ടിച്ചുരുക്കി, ന്യൂനപക്ഷങ്ങള്‍ക്കും പട്ടികജാതി വിഭാഗങ്ങള്‍ക്കുമുള്ള ഫണ്ട് വെട്ടിച്ചുരുക്കി, വിവിധ വികസന പദ്ധതികള്‍, ക്ഷേമ പദ്ധതികള്‍, കുട്ടികള്‍ക്കുള്ള സ്കോളർഷിപ്പ് എന്നിവയെല്ലാം വ്യാപകമായി വെട്ടിച്ചുരുക്കി.
700 കോടിയാണ് സപ്ലൈക്കോക്ക് ബജറ്റില്‍ വകയിരുത്തിയത്. അത്രയും കോടി സപ്ലൈക്കോക്ക് സർക്കാർ തന്നെ നല്‍കാനുണ്ട്. ഇത്തരത്തില്‍ സർക്കാരിന്റെ ബാധ്യത തീർക്കാനുള്ള പണം പോലും ഇത്തവണത്തെ ബജറ്റില്‍ വെച്ചിട്ടില്ല. ഭൂനികുതിയില്‍ വലിയ കൊള്ളയാണ് സർക്കാർ ബജറ്റില്‍ പ്രഖ്യാപിച്ചത്. ഭൂനികുതി വർധിപ്പിക്കുന്നതില്‍ പ്രതിപക്ഷം എതിരല്ല, പക്ഷെ 50 ശതമാനം വർധനവാണ് ഉണ്ടായത്. സാധാരണക്കാരായ പാവപ്പെട്ട ആളുകളെ പിഴിയുന്നതിന് വേണ്ടിയാണ് ഇത്. നികുതിപിരിവില്‍ സർക്കാർ ഗൗരവതരമായി പരാജയപ്പെട്ടുവെന്നും വിഡി സതീശൻ വിമർശിച്ചു.
അതേസമയം കേരള സര്‍ക്കാര്‍ ലക്ഷ്യമാക്കിയിട്ടുള്ള നവകേരള നിര്‍മ്മാണത്തിന് ആവേശകരമായ പുതിയ കുതിപ്പു നല്‍കാന്‍ പോരുന്ന ക്രിയാത്മക ഇടപെടലാണ് കേരളത്തിന്റെ ഈ വാര്‍ഷിക പൊതുബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കടുത്ത സാമ്ബത്തിക വിവേചനങ്ങള്‍ക്കിടയിലും കഠിന പരിശ്രമങ്ങളിലൂടെ കേരളത്തിന്റെ വികസനത്തെയും കേരളീയരുടെ ജീവിതക്ഷേമത്തെയും ശക്തിപ്പെടുത്തി മുമ്ബോട്ടു കൊണ്ടുപോവുന്ന സമീപനമാണ് 2025-26 സാമ്ബത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ കേരളം സ്വീകരിച്ചിട്ടുള്ളത്.
കേരളത്തിന്റെ സമസ്ത മേഖലകളെയും വികസനോന്മുഖമായി സ്പര്‍ശിക്കുന്നതും സമതുലിതമായ ഉണര്‍വ് എല്ലാ മേഖലകളിലും ഉറപ്പാക്കുന്നതുമായ ബജറ്റാണിത്. സമഗ്ര വികസനത്തിനായുള്ള കേരളത്തിന്റെ സാമ്ബത്തിക രേഖയാണിത്. അവകാശപ്പെട്ടതു നിഷേധിക്കുന്നതിലൂടെ കേരളത്തെ സാമ്ബത്തികമായി ഞെരുക്കിക്കളയാമെന്നു കരുതുന്ന രാഷ്ട്രീയ നിലപാടുകളെ ബദല്‍ വിഭവസമാഹണത്തിന്റെ വഴികള്‍ കണ്ടെത്തി കേരളം അതിജീവിക്കും എന്നതിന്റെ പ്രത്യാശാനിര്‍ഭരമായ തെളിവുരേഖ കൂടിയാണ് ഈ ബജറ്റെന്ന് മുഖ്യമന്ത്രി പറഞ്ഞു.