KSDLIVENEWS

Real news for everyone

ജോലി കഴിഞ്ഞാല്‍ ഫോണ്‍ ‘സ്വിച്ച്‌ ഓഫ്’; രാജ്യസഭയില്‍ ചരിത്രപരമായ ‘റൈറ്റ് ടു ഡിസ്കണക്‌ട്’ ബില്‍ അവതരിപ്പിച്ച്‌ എ.എ റഹീം

SHARE THIS ON

ന്യുഡല്‍ഹി: ഓഫീസ് സമയം കഴിഞ്ഞാല്‍ ഔദ്യോഗിക ഫോണ്‍ കോളുകളില്‍ നിന്നും ഇമെയിലുകളില്‍ നിന്നും പൂർണ്ണമായും വിട്ടുനില്‍ക്കാൻ ജീവനക്കാരെ അനുവദിക്കുന്ന ‘റൈറ്റ് ടു ഡിസ്കണക്‌ട്’ സ്വകാര്യ ബില്‍ എ.എ റഹീം രാജ്യസഭയില്‍ അവതരിപ്പിച്ചു.

ഡിജിറ്റല്‍ യുഗത്തില്‍ ജോലിഭാരം വർദ്ധിക്കുന്നതും വ്യക്തിജീവിതവും തൊഴിലും തമ്മിലുള്ള അതിർവരമ്പുകള്‍ ഇല്ലാതാകുന്നതും കണക്കിലെടുത്താണ് ഈ ചരിത്രപരമായ നീക്കം. നിശ്ചിത ജോലി സമയം കഴിഞ്ഞാല്‍ വരുന്ന ഔദ്യോഗിക സന്ദേശങ്ങളോടോ കോളുകളോടോ പ്രതികരിക്കാതിരിക്കാൻ ജീവനക്കാരന് നിയമപരമായ അവകാശമുണ്ടാകും.

ഓഫ് ടൈമില്‍ ലഭ്യമാകാത്തതിന്റെ പേരില്‍ ജീവനക്കാരെ പിരിച്ചുവിടാനോ, മറ്റ് അച്ചടക്ക നടപടികള്‍ സ്വീകരിക്കാനോ പാടില്ല. ഈ അവകാശം വിനിയോഗിക്കുന്നത് പ്രമോഷനെയോ മറ്റ് കരിയർ ആനുകൂല്യങ്ങളെയോ ബാധിക്കാൻ പാടില്ല. ഓരോ സ്ഥാപനവും തൊഴിലാളി പ്രതിനിധികളുമായി ചർച്ച ചെയ്ത് വ്യക്തമായ ഡിസ്കണക്‌ട് നയം നടപ്പിലാക്കണം.

ഫ്രാൻസ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ സമാന നിയമങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റഹീം ബില്‍ അവതരിപ്പിച്ചത്. ഐടി, സേവന മേഖലകളിലെ യുവാക്കള്‍ നേരിടുന്ന മാനസിക സമ്മർദ്ദത്തിന് ഇത് പരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

റൈറ്റ് ടു ഡിസ്കണക്‌ട് ബില്ലിന് പുറമെ മറ്റ് രണ്ട് പ്രധാന ബില്ലുകള്‍ കൂടി അദ്ദേഹം സഭയുടെ പരിഗണനയ്ക്ക് സമർപ്പിച്ചു:

എജ്യുക്കേഷണല്‍ കണ്‍സള്‍ട്ടൻസീസ് റെഗുലേഷൻ ബില്‍ 2025: വിദ്യാർത്ഥികളെ ചൂഷണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി വിദ്യാഭ്യാസ കണ്‍സള്‍ട്ടൻസികള്‍ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുക.

എൻവയോണ്‍മെന്റ് ഭേദഗതി ബില്‍ 2025: കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നവർക്ക് സർക്കാർ കൃത്യമായ നഷ്ടപരിഹാരം ഉറപ്പാക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!