KSDLIVENEWS

Real news for everyone

ഉമ്മൻചാണ്ടിയെ ലൈംഗികാതിക്രമ കേസില്‍ കുടുക്കുമെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞു: മുൻ പി.എസിന്റ നിര്‍ണായക മൊഴി

SHARE THIS ON

കൊല്ലം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ലൈംഗികാതിക്രമ കേസില്‍ കുടുക്കുമെന്ന് കെ ബി ഗണേഷ്‌കുമാർ പറഞ്ഞിരുന്നതായി മൊഴി.

ഉമ്മൻചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫ് ആയിരുന്ന സുധീർ മലയിലാണ് കഴിഞ്ഞ ദിവസം കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കിയത്. 2011 മുതല്‍ 2013 വരെ ഉമ്മൻചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫ് ആയിരുന്നു സുധീർ മലയില്‍.

സോളാർ കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിലെ സാക്ഷിയാണ് സുധീർ. ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്താൻ സോളാർ കേസ് പ്രതിയുടെ കത്തില്‍ ഗൂഢാലോചന നടത്തി നാലുപേജ് അധികമായി കൂട്ടിച്ചേർത്തു എന്നാണ് കേസ്. സുധീർ ഈ കേസിലെ നാലാം സാക്ഷിയാണ്. ഗണേഷ്‌കുമാർ പരാതിക്കാരിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നെന്നും മന്ത്രിയുടെ ഔദ്യോഗിക വസതികളിലും ഓഫീസുകളിലും നിത്യ സന്ദർശകയായിരുന്നുവെന്നും സുധീറിന്റെ മൊഴിയിലുണ്ട്.

മന്ത്രിസ്ഥാനം തിരികെ നല്‍കാത്തതിന്റെ പകയിലാണ് ഗണേഷ്കുമാർ ഇത്തരത്തില്‍ പറഞ്ഞത് എന്നും സുധീർ പറഞ്ഞു. ഉമ്മൻ‌ചാണ്ടി മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ഗണേഷ്കുമാറിന് ഭാര്യ നല്‍കിയ ഗാർഹിക പീഡന പരാതിയിന്മേല്‍ രാജിവെക്കേണ്ടിവന്നിരുന്നു. 2013 ഏപ്രില്‍ രണ്ടിനാണ് ഗണേഷ്‌കുമാർ രാജിവെച്ചത്.

കേസ് ഒത്തുതീർന്നതിന് പിന്നാലെ ഗണേഷ്‌കുമാർ പലതവണ മന്ത്രിസ്ഥാനം തിരികെ ആവശ്യപ്പെട്ട് ഉമ്മൻചാണ്ടിയെ കണ്ടിരുന്നുവെങ്കിലും നടന്നില്ല. ഇതിന് പിന്നാലെ ഉമ്മൻചാണ്ടിയെ ഒരു പാഠം പഠിപ്പിക്കുമെന്നും അദ്ദേഹത്തെയും യുഡിഎഫ് നേതാക്കളെയും ലൈംഗികാതിക്രമ കേസില്‍ കുടുക്കുമെന്നും ഗണേഷ് പറഞ്ഞുവെന്ന് സുധീർ പറയുന്നു. തന്നോടും മറ്റ് പല ജീവനക്കാരോടും ഗണേഷ്‌കുമാർ ഇത്തരത്തില്‍ പറഞ്ഞിരുന്നതായും സുധീർ പറഞ്ഞു.

സോളാർ കമ്മീഷൻ റിപ്പോർട്ടില്‍ ഉമ്മൻചാണ്ടിയുടെ പേര് ഉള്‍പ്പെട്ടെന്നറിഞ്ഞപ്പോഴാണ് ഗൂഢാലോചന മനസിലായതിനും സുധീർ മൊഴി നല്‍കി. നിലവില്‍ കോണ്‍ഗ്രസ് പത്തനാപുരം ബ്ലോക്ക് പ്രസിഡന്റാണ് സുധീർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!