നാല്‍പ്പത്തിയഞ്ച് ലക്ഷത്തിലധികം ജനസംഖ്യ, മലപ്പുറത്തെ വിഭജിച്ച് പുതിയ ജില്ല വേണം: സമസ്ത വാര്‍ഷികത്തില്‍ പ്രമേയം

കാസർകോട്: മലപ്പുറം ജില്ലയെ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് സമസ്ത നൂറാം വാർഷിക സമ്മേളനത്തില്‍ പ്രമേയം.
നാല്‍പ്പത്തിയഞ്ച് ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം ഉള്‍പ്പെടെയുള്ള വലിയ ജില്ലകളില്‍ ഭരണയന്ത്രം കാര്യക്ഷമമായി ചലിപ്പിക്കുന്നതിനും, വിഭവങ്ങള്‍ തുല്യമായി വിതരണം ചെയ്യുന്നതിനും വിഭജനം അത്യാവശ്യമാണ് എന്ന് ചൂണ്ടിക്കാട്ടി ഉമർ ഫൈസി മുക്കമാണ് പ്രമേയം അവതരിപ്പിച്ചത്. കേരളത്തിന്റെ ജനസംഖ്യയും ഭരണനിർവഹണത്തിലെ വെല്ലുവിളികളും ജില്ലകളുടെ പുനർനിർണയം അനിവാര്യമാക്കിയിരിക്കുന്നുവെന്നും പ്രമേയത്തില്‍ പറയുന്നു.
ഭൂപ്രകൃതിയും യാത്രാക്ലേശവും കണക്കിലെടുത്താല്‍ ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലും പ്രശ്നങ്ങളുണ്ട് എന്ന് പ്രമേയത്തില്‍ പറയുന്നു. 39 പാർലമെൻറ് മണ്ഡലങ്ങളുടെ പരിധിയില്‍ 38 ജില്ലകള്‍ നിലനില്‍ക്കുന്ന തമിഴ്നാടിനെ കേരളത്തിന് പ്രശ്നം മാതൃകയാക്കാവുന്നതാണ്. പുതിയ ജില്ലകള്‍ വരുന്നതോടെ സിവില്‍ സ്റ്റേഷനുകളും ആശുപത്രികളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ജനങ്ങളിലേക്ക് കൂടുതല്‍ എത്തുമെന്നും പിന്നാക്ക പ്രദേശങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്ക് വേഗത കൈവരിക്കുകയും ചെയ്യുമെന്ന് പ്രമേയത്തില്‍ പറയുന്നുണ്ട്. ഇതിനായി രാഷ്ട്രീയ താത്പര്യങ്ങള്‍ മാറ്റിവെച്ച് പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ രംഗത്തിറങ്ങണം എന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.
നേരത്തെ, മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി കാന്തപുരം വിഭാഗവും രംഗത്തെത്തിയിരുന്നു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാർ നയിക്കുന്ന കേരള യാത്രയ്ക്കിടെയായിരുന്നു ജില്ലാ വിഭജിക്കണമെന്ന ആവശ്യവുമായി കാന്തപുരം വിഭാഗം രംഗത്തെത്തിയത്. യാത്ര മലപ്പുറം ജില്ലയിലെത്തിയപ്പോള്‍, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും യാത്രയുടെ ഉപനായകനുമായ സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ പ്രസ്താവന വായിക്കുകയായിരുന്നു.ജില്ലാ വിഭജനം മതത്തിന്റെ കണ്ണിലൂടെ കാണരുതെന്നും മലപ്പുറം ജില്ലക്കാരുടെ ആവശ്യമായി അതിനെ കാണണമെന്നും ഖലീല്‍ ബുഖാരി തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
‘ജില്ലാ വിഭജനം എന്നത് റവന്യൂ സൗകര്യങ്ങള്‍ക്ക് വേണ്ടിയുളളതാണ്. അല്ലാതെ അത് ഫെഡറല്‍ സംവിധാനത്തിന്റെ ലംഘനമല്ല. ജില്ലകളെ പുനക്രമീകരിക്കുന്നത് മതപരമായ കണ്ണിലൂടെ കാണുന്നത് തെറ്റായ പ്രവണതയാണ്. കേരളത്തിലെ മുഴുവന്‍ ജില്ലകളുടെയും ജനസംഖ്യാപരവും ഭൂമിശാസ്ത്രപരവുമായ അവസ്ഥകള്‍ സൂഷ്മമായി പഠിച്ചുകൊണ്ടുളള പുനഃസംഘടനയാണ് വേണ്ടത്’: ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. മലപ്പുറം ജില്ലക്കാരുടെ ആവശ്യമായി ഇതിനെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

