അപകട വിവരം മണിയൻപിള്ള രാജു സ്റ്റേഷനില്‍ അറിയിച്ചില്ല: നടൻ്റെ വാദം തള്ളി മ്യൂസിയം സിഐ

തിരുവനന്തപുരം: ട്രിവാൻഡ്രം ക്ലബിന് മുന്നില്‍ നടന്ന വാഹനാപകടവുമായി ബന്ധപ്പെട്ട് നടൻ മണിയൻപിള്ള രാജുവിൻ്റെ വാദം തള്ളി മ്യൂസിയം സിഐ.
അപകടത്തിന് പിന്നാലെ മണിയൻപിള്ള രാജു സംഭവം സ്റ്റേഷനില്‍ അറിയിച്ചു എന്ന വാദം തെറ്റാണെന്നും അപകട വിവരം മണിയൻപിള്ള രാജു അറിയിച്ചിരുന്നില്ലെന്നും പ്രത്യേക അന്വേഷണ സംഘത്തിന് സിഐ മൊഴി നല്‍കി.
അപകടം സംഭവിച്ചതിന് ശേഷം രാവിലെ 7.30നാണ് മണിയൻപിള്ളയെ ബന്ധപ്പെടാൻ സാധിച്ചത്. രാത്രി മുഴുവൻ വീടിന് മുന്നില്‍ കാവല്‍ കിടന്നുവെന്നും മണിയൻപിള്ളയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും സിഐ വ്യക്തമാക്കി. രാവിലെ നേരിട്ട് കണ്ട് സ്റ്റേഷനില്‍ ഹാജരാകണം എന്ന് അറിയിച്ചു. ഇല്ലെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയെന്നും സിഐ മൊഴി നല്‍കി. പ്രത്യേക അന്വേഷണ സംഘത്തിലെ ഡിസിപി വിനോദിനാണ് സിഐ മൊഴി നല്‍കിയത്.
വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരം ട്രിവാർഡ്രം ക്ലബിന് സമീപം വാഹനാപകടമുണ്ടായത്. ട്രിവാൻഡ്രം ക്ലബ്ബില്‍ നിന്ന് ഇറങ്ങിയ മണിയൻപിള്ള രാജുവിൻ്റെ കാറിലേക്ക് അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിക്കുകയും ബൈക്കിലുണ്ടായിരുന്നവർ തെറിച്ച് വീഴുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ വാഹനം നിർത്താതെ മണിയൻപിള്ള രാജു സ്ഥലത്തുനിന്ന് പോയി. ഭയംകൊണ്ടായിരുന്നു വാഹനം നിർത്താതിരുന്നതെന്നും സുഹൃത്തുക്കളെ വിളിച്ച് ആംബുലൻസ് എത്തിക്കാൻ പറഞ്ഞതായും മണിയൻപിള്ള രാജു പിന്നീട് പ്രതികരിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ മണിയൻപിള്ള രാജു സ്റ്റേഷനില്‍ നേരിട്ട് ഹാജരായി. ഇതിന് ശേഷമായിരുന്നു വൈദ്യപരിശോധന നടന്നത്. ഇതിന് പിന്നാലെ മണിയൻപിള്ള രാജുവിൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയും ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. അപകടത്തില്‍പ്പെട്ട വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
ട്രിവാൻഡ്രം ക്ലബിന് മുന്നിലെ അപകടവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ക്ലബ്ബിന്റെ പാർക്കിങ്ങില്‍ നിന്ന് മണിയൻപിള്ള രാജു വാഹനം പുറത്തേക്ക് ഇറക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗത്ത് ബൈക്ക് വന്ന് ഇടിക്കുന്നതും യുവാക്കള്‍ റോഡിലേക്ക് തെറിച്ചു വീഴുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. ഇൻഡികേറ്റർ ഇട്ട് പതിയെ ആണ് പ്രധാന റേഡിലേക്ക് മണിയൻപിള്ള രാജു വാഹനം എടുക്കുന്നത്. പിന്നാലെ ബൈക്ക് വന്ന് ഇടിക്കുകയും മണിയൻപിള്ള വാഹനം നിർത്താതെ എടുത്തുപോകുകയായിരുന്നു. അപകടത്തില്‍ ശ്രീകണ്ഠേശ്വരം സ്വദേശികളായ നിദേവ്, സൂരജ് എന്നിവർക്കായിരുന്നു പരിക്കേറ്റത്. സൂരജിനെ എസ്പി ഫോർട്ട് ആശുപത്രിയിലും നിദേവിനെ കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. സൂരജിന് തുടയെല്ലിന് പൊട്ടലും നിവേദിന് കാലിന് ഒടിവുമേറ്റിരുന്നു.

