മലപ്പുറം ജില്ലാ വിഭജനം: കാന്തപുരം സമസ്തക്ക് പിന്നാലെ ആവശ്യം ഉന്നയിച്ച് ഇ.കെ വിഭാഗം സമസ്‌തയും

കുണിയ: മലപ്പുറം ജില്ല വിഭജനവുമായി ബന്ധപ്പെട്ട ആവശ്യം വീണ്ടും ശക്തമാകുന്നു. കഴിഞ്ഞ മാസം കാന്തപുരത്തിൻ്റെ കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച കേരളയാത്രയിൽ മലപ്പുറം ജില്ലയിൽ നിന്നുയർന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ജില്ലയുടെ ജനസംഖ്യാനുപാതിക പുനക്രമീകരണവും വികസന പ്രവർത്തനങ്ങൾ അതിർത്തി ഗ്രാമങ്ങളിലേക്ക് വേഗത്തിൽ എത്തിക്കുന്നതിനുള്ള നടപടികളും.
കാസർഗോഡ് കുണിയയിൽ നടക്കുന്ന ഇ കെ വിഭാഗം സമസ്തയുടെ നൂറാം വാർഷിക സമ്മേളനത്തിൽ ഈ വിഷയം വീണ്ടും ചർച്ചയാവുകയാണ്. മേഖലയിലെ ഗ്രാമീണ ജനതയ്ക്ക് ആവശ്യമായ മുൻഗണന നൽകുകയും പ്രദേശ വികസനത്തിന് അനുയോജ്യമായ ഭരണ സംവിധാനത്തിൽ സമതുലിത പരിഗണന ഉറപ്പാക്കുകയും വേണമെന്ന് സമ്മേളനത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു.
വിഭജന ചർച്ച ബിജെപി ഉൾപ്പെടെയുള്ള ചില രാഷ്ട്രീയ വിഭാഗങ്ങൾ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച സാഹചര്യത്തിലും, മാധ്യമങ്ങളും മുഖ്യധാരാ രാഷ്ട്രീയ നേതാക്കളും വിഷയം കരുതലോടെയും ഗൗരവത്തോടെയുമാണ് സമീപിക്കുന്നതെന്ന് നിരീക്ഷകർ പറയുന്നു.
നിലവിലെ ജില്ലാ ആസ്ഥാനത്തിന്റെ പരിമിതികളും സൗകര്യങ്ങളുടെ കുറവും കാരണം സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികളും സേവനങ്ങളും ഗ്രാമങ്ങളിലേക്ക് സമയബന്ധിതമായി എത്തുന്നതിൽ വലിയ താമസം നേരിടുന്നുവെന്നതാണ് വിവിധ സംഘടനകൾ ഉന്നയിക്കുന്ന പ്രധാന വിമർശനം.
ഇതിനിടെ, ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ പൊതുചർച്ചകൾ സംഘടിപ്പിച്ച് കേരള മുസ്‌ലിം ജമാഅത്ത് ഈ വിഷയം വീണ്ടും സജീവമായി നിലനിർത്തുന്നുമുണ്ട്.

