തലശ്ശേരി-മാഹി ബൈപ്പാസ് ട്രയല്‍ റണ്ണിനായി തുറന്നു

തലശ്ശേരി: പണി പൂര്‍ത്തിയാക്കിയ തലശ്ശേരി മാഹി ബൈപ്പാസ് ട്രയല്‍ റണ്ണിനായി തുറന്നു. വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിക്കാണ് തുറന്നുകൊടുത്തത്. മുഴുപ്പിലങ്ങാട് മുതല്‍ മാഹി അഴിയൂര്‍വരെയുള്ള 18.6 കിലോമീറ്റര്‍ ബൈപ്പാസ് നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനായി കാത്തിരിക്കുകയായിരുന്നു. തലശ്ശേരി, മാഹി നഗരങ്ങളില്‍ പ്രവേശിക്കാതെ കണ്ണൂര്‍ ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് കോഴിക്കോട് ജില്ലയിലെ അഴിയൂരില്‍ എത്തിച്ചേരാം. തലശ്ശേരിയിലെയും മാഹിയിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കിയുള്ള യാത്രയ്ക്കാണ് ബൈപ്പാസ് വഴിതുറക്കുന്നത്. മുഴപ്പിലങ്ങാട്ടുനിന്ന് ധര്‍മടം, എരഞ്ഞോളി, തലശ്ശേരി, കോടിയേരി, മാഹി വഴിയാണ് റോഡ് അഴിയൂരില്‍ എത്തിച്ചേരുന്നത്. ഒരു മേല്‍പ്പാലം, ഒരു റെയില്‍വേ ഓവര്‍ ബ്രിഡ്ജ്, 21 അണ്ടര്‍ പാസുകള്‍, ഒരു ടോള്‍ പ്ലാസ എന്നിവയുള്‍പ്പെടുന്നതാണ് തലശ്ശേരി-മാഹി ബൈപ്പാസ്. ബൈപ്പാസിന്റെ ഇരുഭാഗത്തും 5.5 മീറ്റര്‍ വീതിയിലുള്ള സര്‍വീസ് റോഡുകളുമുണ്ട്. എറണാകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇ.കെ.കെ. ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനായിരുന്നു നിര്‍മാണചുമതല. 2018-ലാണ് കമ്പനി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മലബാറിന്റെ 46 വര്‍ഷത്തെ കാത്തിരിപ്പാണ്.. ! ഇനി പറക്കാം, ഒരുങ്ങി തലശ്ശേരി-മാഹി ബൈപ്പാസ്