KSDLIVENEWS

Real news for everyone

അവിശ്വസനീയ തിരിച്ചുവരവുമായി ഗോവ; മണിപ്പുരിനെ പരാജയപ്പെടുത്തി സന്തോഷ് ട്രോഫി ഫൈനലില്‍

SHARE THIS ON

ഇറ്റാനഗര്‍; സന്തോഷ് ട്രോഫിയില്‍ ഗോവ ഫൈനലില്‍. സെമിയില്‍ മണിപ്പുരിനെ പരാജയപ്പെടുത്തിയാണ് ഗോവ ഫൈനല്‍ ടിക്കറ്റെടുത്തത്. എക്‌സ്ട്രാ ടൈമിലാണ് ഗോവയുടെ വിജയഗോള്‍ പിറന്നത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ഗോവ ഇഞ്ചുറി ടൈമില്‍ മത്സരം സമനിലയിലാക്കി. പിന്നാലെ എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിലും വലകുലുക്കി ഗോവ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചു. ഫൈനലില്‍ സര്‍വ്വീസസാണ് ഗോവയുടെ എതിരാളികള്‍. കളിയാരംഭിച്ച് ആദ്യ 10 മിനിറ്റിനുള്ളില്‍ തന്നെ ഇരു ടീമും നിരവധി അവസരങ്ങളാണ് സൃഷ്ടിച്ചത്. എന്നാല്‍ ഒന്നും തന്നെ ഗോളാകാതെ പോകുകയായിരുന്നു. 12-ാം മിനിറ്റില്‍ ഗോവന്‍ താരം ലോയ്ഡ് കാര്‍ഡോസോയുടെ ഷോട്ട് മണിപ്പുര്‍ ഗോളി സിദ്ധാര്‍ഥ് റാണ നെടുനീളന്‍ ഡൈവിലൂടെ തട്ടിയകറ്റുകയായിരുന്നു. തൊട്ടടുത്ത മിനിറ്റില്‍ അവസരം മുതലെടുത്ത് മണിപ്പുര്‍ ക്യാപ്റ്റന്‍ സനാതോയ് സിങ് ചിപ് ചെയ്ത പന്ത് ഗോവന്‍ ഗോള്‍കീപ്പറെ കടന്നെങ്കിലും പോസ്റ്റിന് പുറത്തേക്ക് പോയി. തുടര്‍ ആക്രമണങ്ങള്‍ക്കൊടുവില്‍ 17-ാം മിനിറ്റില്‍ മണിപ്പുരിന്റെ ഗോളെത്തി. മധ്യനിരയില്‍ നിന്ന് പന്ത് സ്വീകരിച്ച് 30 വാര അകലെ നിന്ന് എന്‍ഗാംബം പച്ച സിങ് തൊടുത്ത ബുള്ളറ്റ് ലോങ് റേഞ്ചര്‍ ബാറിലിടിച്ച് ഗോള്‍ലൈന്‍ കടക്കുകയായിരുന്നു. ആ ഷോട്ടിന്റെ കരുത്തിനു മുന്നില്‍ ഗോവന്‍ ഗോളി അന്റോണിയോ ഡൈലാന്‍ ഇനാസിയോ ഡാ ഡിസില്‍വ തീര്‍ത്തും നിഷ്പ്രഭനായിപ്പോയി. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ തിളങ്ങിയ മണിപ്പുര്‍ താരങ്ങള്‍ കളത്തില്‍ മികച്ച ഒത്തിണക്കത്തോടെ പന്തു തട്ടി. 33-ാം മിനിറ്റില്‍ സനാതോയ് മീതേയിയുടെ മികച്ചൊരു ഒറ്റയാള്‍ മുന്നേറ്റത്തിനും സ്റ്റേഡിയം സാക്ഷിയായി. പക്ഷേ താരത്തിന് ലക്ഷ്യം കാണാനായില്ല. ആദ്യ പകുതി ഒരു ഗോളിന് മണിപ്പുര്‍ മുന്നിട്ടു നിന്നു. ആദ്യ പകുതിയില്‍ ഗോള്‍ വഴങ്ങിയതിനു പിന്നാലെ സ്‌ട്രൈക്കര്‍മാരായ നെസിയോ മരിസ്‌റ്റോ ഫെര്‍ണാണ്ടസിനെയും രണ്ടാം പകുതിയില്‍ ജോഷ്വാ ഡിസില്‍വയേയും ക്ലെന്‍സിയോ പിന്റോയേയും ഗോവ കളത്തിലിറക്കി. തിരിച്ചടി ലക്ഷ്യമിട്ട് ലോങ് ബോള്‍ തന്ത്രവുമായാണ് ഗോവയിറങ്ങിയത്. നിരവധി അവസരങ്ങളും സൃഷ്ടിച്ചു. കൗണ്ടര്‍ അറ്റാക്കുകളിലും ഗോവ മുന്നേറി. മത്സരത്തിന്റെ അവസാനഘട്ടത്തില്‍ കളി പരുക്കനായി ഇരു ടീമിലെയും താരങ്ങള്‍ നേര്‍ക്കുനേര്‍ വന്നു. വിജയമുറപ്പിച്ച മണിപ്പുരിനെ ഞെട്ടിച്ച് കൊണ്ട് കളിയുടെ അവസാനനിമിഷം ഗോവയുടെ തിരിച്ചടിയെത്തി. ഇഞ്ചുറി ടൈമില്‍ കിടിലന്‍ ബൈസിക്കിള്‍ കിക്കിലൂടെ മരിസ്‌റ്റോഫെര്‍ണാണ്ടസ് മത്സരം സമനിലയിലാക്കി. ഇന്‍ജുറി ടൈമിന്റെ ആറാം മിനിറ്റില്‍ ലീവാന്‍ കാസ്റ്റാന ബോക്‌സിലേക്ക് നീട്ടിനല്‍കിയ പന്ത് ജോഷ്വാ ഡിസില്‍വ ഹെഡ് ചെയ്തതിനു പിന്നാലെ ബൈസിക്കിള്‍ കിക്കിലൂടെ നെസിയോ മരിസ്‌റ്റോ ഫെര്‍ണാണ്ടസ് വലയിലെത്തിക്കുകയായിരുന്നു. പിന്നാലെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ ഗോവ വീണ്ടും ലക്ഷ്യം കണ്ടതോടെ മണിപ്പുര്‍ പ്രതിരോധത്തിലായി. 117-ാം മിനിറ്റില്‍ ജോഷ്വാ ഡിസില്‍ നല്‍കിയ ക്രോസ് വലയിലെത്തിച്ച് നെസിയോ മരിസ്‌റ്റോ ഫെര്‍ണാണ്ടസ് ഗോവയെ മുന്നിലെത്തിച്ചു.പിന്നാലെ കളിയവസാനിച്ചതായി പ്രഖ്യാപിച്ച് റഫറിയുടെ വിളിയെത്തി. ഗോവ സന്തോഷ് ട്രോഫി ഫൈനലിലേക്ക്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!