പ്രതിമാസ വാടക 35 ലക്ഷം, 4000 ചതുരശ്രയടി ഭൂമി, മുംബൈ ഷോറൂമിന് സ്ഥലം കണ്ടെത്തി ടെസ്ല

2025-ൽ തന്നെ ഇന്ത്യയിലേക്ക് പ്രവേശിക്കാനുറച്ചിരിക്കുകയാണ് അമേരിക്കന്‍ വൈദ്യുത വാഹന നിര്‍മാതാക്കളായ ടെസ്ല. ഇതിന്റെ ഭാഗമായി ഇപ്പോഴിതാ മുംബൈയിൽ 35 ലക്ഷം രൂപ പ്രതിമാസ വാടകയ്ക്ക് 4000 ചതുരശ്രയടി ഭൂമി സ്വന്തമാക്കിയിരിക്കുകയാണ് ടെസ്ല. വിവിധ ശ്രോതസുകളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ടു ചെയ്തത്.
ബാന്ദ്ര കുർള കോംപ്ലക്സിലെ സ്ഥലമാണ് ഷോറൂം ആരംഭിക്കാനായി കമ്പനി വാടകയ്ക്കെടുത്തിരിക്കുന്നത്. അഞ്ച് വർഷത്തേയ്ക്കാണ് സ്ഥലവുമായി ബന്ധപ്പെട്ട കരാർ. രേഖകൾ പ്രകാരം, പ്രതിമാസം വാടകയിൽ അഞ്ച് ശതമാനം വർധനവുണ്ടായിരിക്കും. ഇതോടെ മാസവാടക 43 ലക്ഷംവരെ ഉയരും.
ഇന്ത്യയിലെ ആദ്യ ആപ്പിൾ സ്റ്റോറിനോട് ചേർന്നാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. സ്ക്വയർഫീറ്റിന് പ്രതിമാസ വാടക 881 രൂപയാണെന്നും സെക്യൂരിറ്റി ഡെപ്പോസിറ്റായി 2.11 കോടി രൂപ ടെസ്ല നൽകിയിട്ടുണ്ടെന്നും കരാർ രേഖകൾ വ്യക്തമാക്കുന്നു. മുംബൈയ്ക്ക് പുറമെ, ഡല്‍ഹിയിലെ എയ്റോസിറ്റിയേയും പ്രഥമ വില്‍പ്പനയ്ക്കായി ടെസ്ല തിരഞ്ഞെടുത്തതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. നിലവില്‍ പുണെയിലാണ് കമ്പനി ഓഫീസ് തുറന്നിട്ടുള്ളത്.
ഇന്ത്യയിലേക്കുള്ള ടെസ്ലയുടെ വരവ് വളരെ ആകാംക്ഷയോടെയാണ് വാഹന ലോകം കാത്തിരിക്കുന്നത്. ഏപ്രിലോടെ തന്നെ ടെസ്ല കാറുകള്‍ ഇന്ത്യയില്‍ ആദ്യഘട്ട വില്പനയ്‌ക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ ബെര്‍ലിന്‍ പ്ലാന്റില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന വൈദ്യുത വാഹനങ്ങള്‍ ഏപ്രില്‍ മുതല്‍ ഇന്ത്യയില്‍ വില്‍പ്പന നടത്താന്‍ ടെസ്ല പദ്ധതിയിടുന്നതായാണ് വിവരം.
ഏകദേശം 22 ലക്ഷം രൂപയില്‍ത്താഴെ വിലയുള്ള ഇ.വി. മോഡലുകളായിരിക്കും പ്രാരംഭത്തില്‍ ടെസ്ല ഇന്ത്യയില്‍ എത്തിക്കുക. തുടക്കത്തില്‍ ഇറക്കുമതി ചെയ്യുകയാണെങ്കിലും ഇന്ത്യയില്‍ ടെസ്ല കാറുകള്‍ ഉത്പാദിപ്പിക്കാന്‍ ഇലോണ്‍ മസ്‌ക് ആലോചിക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍ കമ്പനി ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല.
ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി ടെസ്ല ഇന്ത്യയില്‍ റിക്രൂട്ട്മെന്റ് നടപടികള്‍ ആരംഭിച്ചു. 13 തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികളെ തേടി ലിങ്ക്ഡ് ഇന്‍ പേജില്‍ കമ്പനി പരസ്യം നല്‍കിയിട്ടുണ്ട്. കസ്റ്റമര്‍ സര്‍വീസ്, ബാക്ക് എന്‍ഡ് ഉള്‍പ്പെടെ 13 തസ്തികകളിലേക്കാണ് കമ്പനി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സര്‍വീസ് ടെക്നീഷ്യന്‍, വിവിധ ഉപദേശക തസ്തികകള്‍ ഉള്‍പ്പെടെയുള്ള ഒഴിവുകള്‍ മുംബൈയിലും ന്യൂഡല്‍ഹിയിലുമാണ്. കസ്റ്റമര്‍ എന്‍ഗേജ്മെന്റ് മാനേജര്‍, ഡെലിവറി ഓപ്പറേഷന്‍സ് സ്പെഷ്യലിസ്റ്റ് തുടങ്ങിയ ഒഴിവുകള്‍ മുംബൈയിലാണ്.
2021 മുതല്‍ ടെസ്ല ഇന്ത്യന്‍ വിപണിയില്‍ മസ്‌ക് നോട്ടമിടുന്നുണ്ട്. എന്നാല്‍, ഉയര്‍ന്ന ഇറക്കുമതിത്തീരുവയില്‍ത്തട്ടി പദ്ധതികള്‍ നീണ്ടുപോകുകയായിരുന്നു. 40,000 ഡോളറിനുമുകളില്‍ (ഏകദേശം 34.75 ലക്ഷം രൂപ) വിലയുള്ള കാറുകള്‍ക്ക് ഇറക്കുമതിത്തീരുവ കുറയ്ക്കാന്‍ ഇന്ത്യ തയ്യാറായതോടെയാണ് ടെസ്ലയെ ഇന്ത്യയിലെത്തിക്കാനുള്ള പദ്ധതിക്ക് മസ്‌ക് വീണ്ടും തയ്യാറാകുന്നത്. യു.എസ്. സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മസ്‌കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.