KSDLIVENEWS

Real news for everyone

ഇറാൻ കപ്പലിന്റെ ദൃശ്യം പകർത്തി, മാധ്യമ പ്രവർത്തകർ അറസ്റ്റിൽ: മുന്നറിയിപ്പുമായി പൊലീസ്

SHARE THIS ON

കൊച്ചി: ഇറാൻ – ഇസ്രയേൽ, യുഎസ് സംഘർഷത്തിനിടെ കൊച്ചി തുറമുഖത്ത് നങ്കുരമിട്ടിരിക്കുന്ന ഇറാനിയൻ പടക്കപ്പൽ ഐആർഐഎസ് ലവാന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിച്ചതിന് മാധ്യമ പ്രവർത്തകർ അറസ്റ്റിൽ. റിപ്പബ്ലിക് ടിവി റിപ്പോർട്ടർ സി.ജി.ശങ്കർ, ക്യാമറാമാൻ എസ്.മണി, ബോട്ടിന്റെ ഡ്രൈവർ പി.വിജയകുമാർ എന്നിവരാണ് അറസ്റ്റിലായത്. 

തുറമുഖത്തിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത മാധ്യമ പ്രവർത്തകരെ പിന്നീട് ഹാർബർ പൊലീസിന് കൈമാറുകയായിരുന്നു. ഇവരെ വൈകാതെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാൽ കേരള തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളുടെ ‌ചിത്രങ്ങളെടുക്കരുതെന്ന് എറണാകുളം ഡിസിപി അറിയിച്ചു. 

കൊച്ചിൻ ഷിപ്‍യാർഡ്, നാവിക സേനാ ആസ്ഥാനം, കൊച്ചിൻ പോർട്ട് തുടങ്ങിയ സ്ഥലങ്ങളുടെയും പരിസര പ്രദേശങ്ങളുടെയും ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തുന്നതിന് വിലക്കുണ്ട്. മാധ്യമ പ്രവർത്തകരുടെ അറസ്റ്റ് വാർത്ത സ്ഥിരീകരിച്ചതിനു പിന്നാലെയാണ് കപ്പലിന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത് നീക്കം െചയ്യണമെന്നാവശ്യപ്പെട്ട് കൊച്ചി പൊലീസ് നിർദേശം പുറപ്പെടുവിച്ചത്. കേരള തീരത്തുള്ള കപ്പലുകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പ്രസിദ്ധീകരിച്ചത് നീക്കം ചെയ്യണം. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായതിനാൽ ഇതിന്റെ ലംഘനം ഗൗരവമായി കണക്കാക്കുമെന്നും പൊലീസ് പറഞ്ഞു. 

ഈ മാസം നാലിനാണ് ഐആർഐഎസ് ലവാൻ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടത്. ഫെബ്രുവരി 28നാണ് കപ്പൽ നങ്കൂരമിടുന്നതുമായി ബന്ധപ്പെട്ട് ഇറാനിയൻ അധികൃതർ ഇന്ത്യയെ സമീപിച്ചത്. അടിയന്തരമായ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് നങ്കൂരമിടാൻ അനുവദിക്കണം എന്നായിരുന്നു ആവശ്യം. തുടർന്ന് മാർച്ച് ഒന്നിന് ഇക്കാര്യത്തിൽ അനുമതി നൽകി. പിന്നാലെ മാർച്ച് നാലു മുതൽ കൊച്ചി തുറമുഖത്ത് ഐആർഐഎസ് ലവാൻ‍ നങ്കൂരമിട്ടിട്ടുള്ളതായി സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി.

കപ്പലിലുണ്ടായിരുന്ന 183 ജീവനക്കാരെയും െകാച്ചി നാവികസേനയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ പാർപ്പിച്ചിരിക്കുകയാണ്. ഈ കപ്പൽ നങ്കൂരമിട്ട അന്നു തന്നെയാണ് ഇറാന്റെ മറ്റൊരു യുദ്ധക്കപ്പലായ ഐആർഐഎസ് ദേന യുഎസ് അന്തർവാഹിനിയിൽ നിന്നുള്ള ടോർപിഡോ ഏറ്റ് തകരുന്നത്. ഇതിൽ 87 നാവികർ കൊല്ലപ്പെടുകയും 32 പേർക്ക് പരുക്കേൽക്കുകയും 60ഓളം പേരെ കാണാതാവുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!