എറിഞ്ഞൊതുക്കി ലഖ്‌നൗ, രണ്ടാം ജയം- ഹൈദരാബാദിനു തോല്‍വി തന്നെ

ലഖ്‌നൗ: ക്യാപ്റ്റനും സൗത്താഫ്രിക്കയുടെ സ്റ്റാര്‍ ബാറ്ററുമായ എയ്ഡന്‍ മാര്‍ക്രം മടങ്ങിയെത്തിയും ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു രക്ഷയില്ല. തുടര്‍ച്ചയായി രണ്ടാമത്തെ മാച്ചിലും ദയനീയ പരാജയമേറ്റു വാങ്ങിയിരിക്കുകയാണ് ഓറഞ്ച് ആര്‍മി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടു അവരുടെ മൈതാനത്തു അഞ്ചു വിക്കറ്റിനാണ് ഹൈദരാബാദ് തകര്‍ന്നടിഞ്ഞത്. തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും ബാറ്റിങ് നിരയുടെ ദയനീയ പ്രകടനമാണ് ഹൈദരാബാദിനു വിനയായത്. ആദ്യ കളിക്കു പിന്നാലെ ഈ മല്‍സരത്തിലും 135 റണ്‍സ് പോലും തികയ്ക്കാന്‍ ഹൈദരാബാദിനായില്ല. ടോസ് ലഭിച്ച ഹൈദരാബാദ് ക്യാപ്റ്റന്‍ മാര്‍ക്രം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മറ്റു നായകന്‍മാരെല്ലാം ബൗളിങായിരുന്നു തിരഞ്ഞെടുത്തതെങ്കില്‍ ആദ്യം ബാറ്റ് ചെയ്യുകയെന്ന വലിയ റിസ്‌ക്ക് മാര്‍ക്രം എടുക്കുകയായിരുന്നു. പക്ഷെ അതു വലിയ ദുരന്തമായി തീര്‍ന്നു. തുടക്കം മുതല്‍ റണ്ണെടുക്കാന്‍ പാടുപെട്ട ഹൈദരാബാദിനു എട്ടു വിക്കറ്റിനു 121 റണ്‍സ് മാത്രാണ് നേടാനായത്. 122 റണ്‍സിന്റെ വിജയലക്ഷ്യം ലഖ്‌നൗവിനു ഒരിക്കലും വെല്ലുവിളിയുയര്‍ത്തിയില്ല. 16 ഓവറില്‍ അഞ്ചു വിക്കറ്റുകള്‍ നഷ്ടത്തില്‍ അവര്‍ ലക്ഷ്യത്തിലെത്തി. മൂന്നു മല്‍സരങ്ങളില്‍ നിന്നും ലഖ്‌നൗവിന്റെ രണ്ടാം വിജയമാണിത്. റണ്‍ചേസില്‍ നായകന്‍ കെഎല്‍ രാഹുല്‍ (35), കൈല്‍ മയേഴ്‌സ് (13), ദീപക് ഹൂഡ (7), ക്രുനാല്‍ പാണ്ഡ്യ (34), റൊമാരിയോ ഷെപ്പേര്‍ഡ് (0) എന്നിവരുടെ വിക്കറ്റുകളാണ് ലഖ്‌നൗവിനു നഷ്ടമായത്. 31 ബോളില്‍ നാലു ഫോറുകളോടെയാണ് രാഹുല്‍ ടീമിന്റെ ടോപ്‌സ്‌കോററായത്. മൂന്നാം വിക്കറ്റില്‍ രാഹുലും ക്രുനാല്‍ പാണ്ഡ്യയും ചേര്‍ന്ന് ഫിഫ്റ്റി പ്ലസ് റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ലഖ്‌നൗവിന്റെ ജയം എളുപ്പമാവുകയായിരുന്നു. 38 ബോളില്‍ 55 റണ്‍സ് ഈ സഖ്യം കൂട്ടിച്ചേര്‍ത്തു. ക്രുനാല്‍ ക്രീസ് വിടുമ്പോഴേക്കും ലഖനൗ വിജയത്തിനു കൈയെത്തുംദൂരത്ത് എത്തിയിരുന്നു. 23 ബോളില്‍ നാലു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ക്രുനാലിന്റെ ഇന്നിങ്‌സ്. മാര്‍ക്കസ് സ്റ്റോയ്‌നിസും (10) നിക്കോളാസ് പൂരനും (11) ചേര്‍ന്ന് ലഖ്‌നൗവിന്റെ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു. നേരത്തേ ഹൈദരാബാദ് ബാറ്റിങ് ലൈനപ്പില്‍ രണ്ടു പേര്‍ക്കാണ് 30ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞത്. 35 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠിയാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. 41 ബോളുകള്‍ നേരിട്ട താരം നാലു ഫോറുകളടിച്ചു. അഭിഷേക് ശര്‍മയ്ക്കു പകരം ഓപ്പണറായി കളിച്ച അന്‍മോല്‍പ്രീത് സിങ് 31 റണ്‍സെടുത്തു. 26 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ മൂന്നു ഫോറും ഒരു സിക്‌സറുമുണ്ടായിരുന്നു. അബ്ദുള്‍ സമദ് 21* (10 ബോള്‍, 2 സിക്‌സ്, 1 ഫോര്‍) വാലറ്റത്ത് നടത്തിയ വെടിക്കെട്ടാണ് ടീമിനെ 121 റണ്‍സിലത്തിച്ചത്. വാഷിങ്ടണ്‍ സുന്ദര്‍ 16 റണ്‍സുമെടുത്തു. മായങ്ക് അഗര്‍വാള്‍ (8), നായകന്‍ എയ്ഡന്‍ മാര്‍ക്രം (ഗോള്‍ഡന്‍ ഡെക്ക്), ഹാരി ബ്രൂക്ക് (3) എന്നിവരെല്ലാം ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായി. നനാലോവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകളെടുത്ത ക്രുനാല്‍ പാണ്ഡ്യയാണ് ഹൈദരാബാദിനെ തകര്‍ത്തത്. അമിത് മിശ്ര രണ്ടു വിക്കറ്റുകളുമെടുത്തു. ടോസിനു ശേഷം ഹൈദരാബാദ് നായകന്‍ എയ്ഡന്‍ മാര്‍ക്രം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പ്ലെയിങ് ഇലവന്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), കൈല്‍ മയേഴ്‌സ്, ദീപക് ഹൂഡ, മാര്‍ക്കസ് സ്റ്റോയ്‌നിസ്, നിക്കോളാസ് പൂരന്‍ (വിക്കറ്റ് കീപ്പര്‍), റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, അമിത് മിശ്ര, യഷ് ടാക്കൂര്‍, രവി ബിഷ്‌നോയ്, ജയദേവ് ഉനാട്കട്ട്. സ്ണ്‍റൈസേഴ്‌സ് ഹൈദരാബാദ്- മായങ്ക് അഗര്‍വാള്‍, അന്‍മോല്‍പ്രീത് സിങ് (വിക്കറ്റ് കീപ്പര്‍), രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, വാഷിങ്ടണ്‍ സുന്ദര്‍, അബ്ദുള്‍ സമദ്, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്, ടി നടരാജന്‍, ആദില്‍ റഷീദ്