KSDLIVENEWS

Real news for everyone

താനൂർ ബോട്ട് ദുരന്തം: മരണം 18 ആയി, മരിച്ചവരില്‍ ആറു കുട്ടികളും

SHARE THIS ON

മലപ്പുറം: താനൂരില്‍ ബോട്ട് മറിഞ്ഞുള്ള മരണം 18 ആയി. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ആറു കുട്ടികളുള്‍പ്പെടുന്നു.

മരണനിരക്ക് ഇനിയും ഉയരുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞാണ് അപകടം. തലകീഴായി മറിഞ്ഞ ബോട്ട് പൂര്‍ണ്ണമായും മുങ്ങി.

ഞായറാഴ്ച ആയതിനാല്‍ ബീച്ചില്‍ നിരവധി ആളുകളുണ്ടായിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് തുടക്കത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നത്. ഏഴുപേരെ രക്ഷപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. രാത്രിയായതിനാല്‍ വെളിച്ചക്കുറവ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. താനൂരിലും പരിസരങ്ങളിലുമുള്ളവരാണ് അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്നത്. മുപ്പതിലേറെപ്പേരുണ്ടായിരുന്നതായി പറയുന്നു.

മലപ്പുറത്തു നിന്നും കോഴിക്കോട് നിന്നും കൂടുതല്‍ ഫയര്‍ യൂണിറ്റുകളെത്തി. കയറാവുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ബോട്ടിലുണ്ടായിരുന്നുവെന്ന് സംശയം. അപകടത്തില്‍ പെട്ടവരില്‍ ആറു പേരെ രക്ഷപ്പെടുത്തി. പരപ്പനങ്ങാടി നഹാസ്, ജെ.എസ്.മിഷന്‍, തിരൂരങ്ങാടി താലൂക്ക് ആശുപത്രി,കോട്ടക്കല്‍,താനൂരിലെ വിവിധ ആശുപത്രികളിലുമായിട്ടാണ് രക്ഷപ്പെടുത്തിയവരെ പ്രവേശിപ്പിച്ചിട്ടുള്ളത്.

ക്രമീകരണങ്ങളൊരുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി

മലപ്പുറം താനൂരില്‍ ബോട്ടപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സയൊരുക്കാനും മതിയായ ക്രമീകരണങ്ങളൊരുക്കാനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളേജിലും സര്‍ക്കാര്‍ ആശുപത്രികളിലും കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!