KSDLIVENEWS

Real news for everyone

കോഴിക്കോട്ടും മലപ്പുറത്തും വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു;10 പേർക്ക് രോഗബാധ

SHARE THIS ON

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു. ഇതിൽ 4 പേർ കോഴിക്കോട് ജില്ലക്കാരാണ്. 2 പേർ സ്വകാര്യ ആശുപത്രിയിൽ മരിച്ചിട്ടുണ്ട്. വൃക്ക മാറ്റിവച്ച ശേഷം തുടർ ചികിത്സയിൽ കഴിയുന്ന ഇവരുടെ മരണം ഈ രോഗം മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രോഗം ബാധിച്ച് കോഴിക്കോട് ജില്ലക്കാരനായ ഒരാൾ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ട്.

രോഗ ലക്ഷണങ്ങൾ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലിൽ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസർച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ (വിആർഡിഎൽ) പരിശോധന നടത്തിയപ്പോഴാണ് രോഗം വെസ്റ്റ്‌നൈൽ ഫീവറാണെന്നു കണ്ടെത്തിയത്. പിന്നീട് സ്രവങ്ങൾ പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയയ്ക്കുകയും അവിടെ നിന്നു വെസ്റ്റ്‌നൈൽ ഫീവറാണെന്നു സ്ഥിരീകരിക്കുകയുമായിരുന്നു.
,

പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, ബോധക്ഷയം, കൈകാൽ തളർച്ച തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ഇതിനു സമാനമാണ് മസ്തിഷ്കജ്വരത്തിന്റെയും ലക്ഷണങ്ങൾ. ഇതിനാൽ രോഗ ബാധയുണ്ടായ ചിലർക്ക് മസ്തിഷ്കജ്വരമാണെന്ന നിഗമനത്തിലാണ് ആദ്യം ചിലയിടത്ത് ചികിത്സ നൽകിയതെന്നു പറയുന്നു.

മെഡിക്കൽ കോളജിലെ വിആർഡിഎൽ ലാബിലെ പരിശോധനയിലെ സ്ഥിരീകരണത്തിനു ശേഷമാണ് തുടർനടപടികളുണ്ടായത്. ക്യൂലക്സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്കു രോഗം പകരില്ല. രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുകു മനുഷ്യനെ കടിക്കുമ്പോഴാണ് രോഗം പകരുക.പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് രോഗം കൂടുതൽ അപകടകാരിയാകുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!