ഒരു ബന്ദിക്ക് പകരം 30 ഫലസ്തീനികളെ വിട്ടയക്കും: ഹമാസ് അംഗീകരിച്ച വെടിനിര്‍ത്തല്‍ കരാറിന്റെ വിശദാംശങ്ങള്‍

ഗാസ: 42 ദിവസം വീതമുള്ള മൂന്ന് ഘട്ട വെടിനിർത്തല്‍ കരാറാണ് ഇന്നലെ ഹമാസ് അംഗീകരിച്ചത്. മധ്യസ്ഥരായ ഖത്തറും ഈജിപ്തുമാണ് നിർദേശങ്ങള്‍ മുന്നോട്ടുവെച്ചത്.
ആദ്യഘട്ടത്തില്‍ സിവിലിയൻമാരായ 33 ബന്ദികളെ ഹമാസ് മോചിപ്പിക്കും. സ്ത്രീകള്‍, രോഗികള്‍, 19 വയസ്സിന് താഴെയും 50 വയസ്സിന് മുകളിലും പ്രായമുള്ള പുരുഷന്മാർ എന്നിവരെയാണ് വിട്ടയക്കുക. സാധാരണക്കാരായ ഓരോ ബന്ദിക്കും പകരം 30 ഫലസ്തീൻ തടവുകാരെയും ഓരോ ഇസ്രായേലി വനിതാ സൈനികർക്കും പകരം 50 പേരെയും ഇസ്രായേല്‍ മോചിപ്പിക്കും.
നിർദേശങ്ങള്‍ ഹമാസ് അംഗീകരിച്ചെങ്കിലും ഇസ്രായേല്‍ അനുകൂലമായി നിലപാടെടുത്തിട്ടില്ല. നിബന്ധനകള്‍ തങ്ങള്‍ പ്രതീക്ഷിച്ചതുപോലെയല്ലെന്നും ചർച്ച തുടരുമെന്നുമാണ് ഇസ്രായേല്‍ പറയുന്നത്.
കരാറിന്റെ വിശദാംശങ്ങള്‍:
ആദ്യ ഘട്ടം (42 ദിവസം)
• ആക്രമണങ്ങള്‍ക്ക് താല്‍ക്കാലിക വിരാമം
• കിഴക്കൻ ഗസ്സയില്‍നിന്ന് ഇസ്രായേല്‍ സൈനിക പിന്മാറ്റം
• സഹായട്രക്കുകള്‍ക്ക് തടസ്സമില്ലാത്ത പ്രവേശനം
• കുടിയിറക്കപ്പെട്ട ഫലസ്തീനികളെ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കും
• ദിവസവും 10 മണിക്കൂർ ഇസ്രായേലി വിമാനങ്ങളും ഡ്രോണുകളും ഗസ്സക്ക് മുകളിലൂടെ പറക്കുന്നത് നിർത്തിവെക്കും
• സ്ത്രീകള്‍, രോഗികള്‍, 19 വയസ്സിന് താഴെയും 50 വയസ്സിന് മുകളിലും പ്രായമുള്ള പുരുഷന്മാർ എന്നിങ്ങനെ 33 തടവുകാരെ ഹമാസ് മോചിപ്പിക്കും
• ഓരോ സാധാരണക്കാരനും പകരം 30 ഫലസ്തീൻ തടവുകാരെ ഇസ്രായേല്‍ വിട്ടയക്കും. ബന്ദികളായ ഓരോ വനിതാ സൈനികർക്കും പകരം 50 പേരെ ഇസ്രായേല്‍ മോചിപ്പിക്കും.
• ഗസ്സ പുനർനിർമാണം ആരംഭിക്കും
•കുറഞ്ഞത് 60,000 താല്‍ക്കാലിക വീടുകളും
2,00,000 ടെൻറുകളും അനുവദിക്കും
രണ്ടാം ഘട്ടം (42 ദിവസം)
• സൈനിക പ്രവർത്തനങ്ങള്‍ പൂർണ്ണമായും അവസാനിപ്പിക്കും
• ഗസ്സയില്‍ നിന്ന് ഇസ്രായേല്‍ എന്നെന്നേക്കുമായി പിൻവാങ്ങും
• ബന്ദികളായ മുഴുവൻ ഇസ്രായേലി പുരുഷന്മാരെയും സൈനികരെയും കൈമാറും. പകരം മുഴുവൻ ഫലസ്തീൻ തടവുകാരെയും വിട്ടയക്കും.
മൂന്നാം ഘട്ടം (42 ദിവസം)
• തടവിലിരിക്കെ മരിച്ചവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഇരുപക്ഷവും കൈമാറും
• മൂന്ന് മുതല്‍ -അഞ്ചുവർഷം വരെ നീണ്ടുനില്‍ക്കുന്ന ഗസ്സ പുനർനിർമാണ പദ്ധതി ആരംഭിക്കും
• ഗസ്സ മുനമ്ബിലെ ഉപരോധം പൂർണ്ണമായും അവസാനിപ്പിക്കും
ഹമാസ് പ്രഖ്യാപനം അപ്രതീക്ഷിതം
കെയ്റോയില്‍ നടന്ന വെടിനിർത്തല്‍ കരാറിലെ നിർദേശങ്ങള്‍ അംഗീകരിക്കുന്നതായി ഹമാസ് പ്രഖ്യാപിച്ചത് തികച്ചും അപ്രതീക്ഷിതമായിരുന്നു. ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ തലവൻ ഇസ്മാഈല്‍ ഹനിയ ഇന്നലെ രാത്രിയാണ് മധ്യസ്ഥരായ ഖത്തറിനെയും ഈജിപ്തിനെയും തീരുമാനം അറിയിച്ചത്.
ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അല്‍ഥാനിയെയും ഈജിപ്ഷ്യൻ ഇൻറലിജൻസ് മന്ത്രി അബ്ബാസ് കമാലിനെയും ഹനിയ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു.