KSDLIVENEWS

Real news for everyone

ഇന്ത്യ തകർത്ത ക്യാമ്പുകൾ ഇതൊക്കെ; എന്തുകൊണ്ട് ഈ ഒൻപത് ഇടങ്ങൾ

SHARE THIS ON

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സേനകള്‍ സംയുക്തമായി നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂറി’ന്റെ ഭാഗമായി തകര്‍ത്ത പാക് ഭീകര കേന്ദ്രങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ട് സേന. കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ്, കേണല്‍ സോഫിയ ഖുറേഷി എന്നിവര്‍ ചേർന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഭീകരര്‍ക്ക് പരിശീലനം നല്‍കുന്ന ലഷ്‌കറെ തൊയ്ബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവയുടെ വിവിധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം. ഇതില്‍ 70 ഭീകരര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഒമ്പത് തീവ്രവാദ കേന്ദ്രങ്ങൾ പൂര്‍ണമായി തകര്‍ത്തതായും സേന വ്യക്തമാക്കി.

പഹല്‍ഗാമം ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ ആക്രമണം നടത്തിയത്. മെയ് ഏഴാം തീയതി പുലര്‍ച്ചെയായിരുന്നു വ്യോമ, കര, നാവിക സേനകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷന്‍.

പാക് അധീന കശ്മീരിൽ സൈന്യം തകർത്ത ഭീകര കേന്ദ്രങ്ങള്‍ ഇവയാണ്:

സവായ് നാല ക്യാമ്പ്, മുസാഫറാബാദ്: പാക് അധീന കശ്മീരിലെ നിയന്ത്രണ രേഖയില്‍നിന്ന് 30 കി.മീ അകലെയുള്ള തീവ്രവാദ ക്യാമ്പ്. ഇത് ലഷ്‌കറെ തൊയ്ബയുടെ പരിശീലന കേന്ദ്രമാണ്. 2024 ഒക്ടോബര്‍ 20-ന് സോന്‍മാര്‍ഗിലും 2024 ഒക്ടോബര്‍ 24-ന് ഗുല്‍മാര്‍ഗിലും 2025 ഏപ്രില്‍ 22-ന് പഹല്‍ഗാമിലും നടന്ന തീവ്രവാദി ആക്രമണങ്ങളില്‍ പങ്കെടുത്ത ഭീകരര്‍ ഇവിടെനിന്നാണ് പരിശീലനം നേടിയത്.

സയ്‌ദെന്‍ ബിലാല്‍ ക്യാമ്പ്, മുസാഫറാബാദ്: ജെയ്‌ഷെ മുഹമ്മദിന്റെ പരിശീലന കേന്ദ്രം.

ഗുല്‍പുര്‍ ക്യാമ്പ്, കോട്‌ലി: നിയന്ത്രണരേഖയില്‍നിന്ന് 30 കി.മീ അകലെയുള്ള പ്രദേശം. ലഷ്‌കറെ തൊയ്ബയുടെ ബേസ് ക്യാമ്പ്. 2023 ഏപ്രില്‍ 20-നും 2024 ജൂണ്‍ ഒമ്പതിനും പുഞ്ചില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ പങ്കെടുത്ത ഭീകരര്‍ ഇവിടെയാണ് പരിശീലനത്തില്‍ ഏര്‍പ്പെട്ടത്.

ബര്‍ണാല ക്യാമ്പ്, ബിമ്പെര്‍: നിയന്ത്രണ രേഖയില്‍നിന്ന് ഒമ്പത് കി.മീ മാത്രം ദൂരത്തിലുള്ള തീവ്രവാദ ക്യാമ്പും പരിശീലന കേന്ദ്രവും.

അബ്ബാസ് ക്യാമ്പ്, കോട്‌ലി: നിയന്ത്രണ രേഖയില്‍നിന്ന് 13 കി.മീ അകലെയുള്ള ലഷ്‌കറെ തൊയ്ബയുടെ പരിശീലന കേന്ദ്രം.

പാകിസ്താനിൽ കടന്നുകയറി സൈന്യം തകർത്ത ഭീകരകേന്ദ്രങ്ങള്‍ ഇവയാണ്:

സര്‍ജല്‍ ക്യാമ്പ്, സിയാല്‍കോട്ട്: അതിര്‍ത്തിയില്‍നിന്ന് ആറു കി.മീ ദൂരത്തില്‍ സ്ഥിതിചെയ്യുന്ന സ്ഥലം. മാര്‍ച്ച് 2025-ല്‍ ജമ്മു കശ്മീര്‍ പോലീസിലെ നാല് പേരെ കൊലപ്പെടുത്തിയ ഭീകരര്‍ ഇവിടെനിന്നാണ് പരിശീലനം നേടിയത്.

മെഹ്‌മൂന ജോയ, സിയാല്‍കോട്ട്: രാജ്യാന്തര അതിര്‍ത്തിയില്‍നിന്ന് ഏകദേശം 18-21 കി.മീ ദൂരത്തില്‍ സ്ഥിതിചെയ്യുന്ന ഹിസ്ബുള്‍ മുജാഹിദ്ദീന്റെ പ്രധാന ക്യാമ്പ്. 2016-ല്‍ പത്താന്‍കോട്ട് വ്യോമ താവളത്തിലുണ്ടായ ഭീകരാക്രമണത്തിന് ഭീകരര്‍ പദ്ധതി തയ്യാറാക്കിയത് ഇവിടെവെച്ചായിരുന്നു.

മര്‍ക്കസ് തൊയ്ബ, മുറിഡ്‌കെ: രാജ്യാന്തര അതിര്‍ത്തിയില്‍നിന്ന് 18 – 26 കി.മീ ദൂരത്തില്‍ സ്ഥിചെയ്യുന്ന സ്ഥലം. 2008-ലെ മുംബൈ ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭീകരര്‍ പരിശീലനം നേടിയത് ഇവിടെനിന്ന്. അജ്മല്‍ കസബ്, ഡേവിഡ് ഹെഡ്‌ലി എന്നിവരെല്ലാം പരിശീലനം നേടിയത് ഇവിടെനിന്നാണെന്നാണ് വിവരം.

മര്‍ക്കസ് സുബഹാനള്ളാ, ഭവല്‍പുര്‍: രാജ്യാന്തര അതിര്‍ത്തിയില്‍നിന്ന് 100 കി.മീ ദൂരത്തിലുള്ള സ്ഥലം. ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന താവളം. റിക്രൂട്ട്‌മെന്റ്, പരിശീലനം തുടങ്ങിയവയെല്ലാം നടക്കുന്നത് ഇവിടെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!