ഇനി എനിക്ക് ഫുട്ബാള്‍ കളിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല’; അറം പറ്റിയ വാക്കുകള്‍ക്ക് പിന്നാലെ മരണത്തിന് കീഴടങ്ങി ഈജിപ്ഷ്യൻ ഫുട്‍ബോൾ താരം രിഫ്‌അത്ത്
കെയ്റോ: ഈജിപ്ത് ദേശീയ ഫുട്ബാള്‍ ടീമംഗം അഹ്മദ് രിഫ്‌അത്ത് അന്തരിച്ചു. മാസങ്ങള്‍ക്കുമുമ്ബ് മത്സരത്തിനിടെ കളത്തില്‍ കുഴഞ്ഞുവീണ ശേഷം ചികിത്സയിലായിരുന്നു താരം.
ഹൃദയാഘാതത്തെ തുടർന്നാണ് 31കാരനായ വിങ്ങറുടെ ആകസ്മിക വിയോഗം. ദേശീയ ടീമില്‍ തന്റെ സഹതാരമായ രിഫ്‌അത്തിന്റെ മരണത്തില്‍ സൂപ്പർ സ്ട്രൈക്കർ മുഹമ്മദ് സലാഹ് ഉള്‍പ്പെടെയുള്ളവർ അനുശോചിച്ചു.
രിഫ്‌അത്ത് ഈജിപ്ത് ദേശീയ ടീമിനുവേണ്ടി ഏഴു മത്സരങ്ങളില്‍ കളത്തിലിറങ്ങിയിട്ടുണ്ട്. രണ്ടു ഗോളുകളും സ്കോർ ചെയ്തു. നിലവില്‍ ഈജിപ്ഷ്യൻ പ്രീമിയർ ലീഗ് ക്ലബായ മോഡേണ്‍ ഫ്യൂച്ചർ ക്ലബിന്റെ താരമായിരുന്നു. ഇ.എൻ.പി.പി.ഐ, സമാലെക്, അല്‍ ഇത്തിഹാദ്, അല്‍ മസ്‍രി, അല്‍ വഹ്ദ ക്ലബുകള്‍ക്കു വേണ്ടിയും ബൂട്ടണിഞ്ഞു.
ഈ വർഷം മാർച്ച് 11ന് മോഡേണ്‍ ഫ്യൂച്ചറും അല്‍ ഇത്തിഹാദും തമ്മിലുള്ള മത്സരത്തിനിടെ കുഴഞ്ഞുവീണ് അബോധാവസ്ഥയിലായ രിഫ്‌അത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടർന്നാണ് കുഴഞ്ഞുവീണതെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഒമ്ബതു ദിവസങ്ങള്‍ക്കു ശേഷമാണ് ബോധം വീണ്ടുകിട്ടിയത്.
തുടർന്ന് ചികിത്സയിലായിരുന്ന രിഫ്‌അത്ത് ശനിയാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. ‘അല്ലാഹു അവന്റെ കുടുംബത്തിനും അവനെ സ്നേഹിക്കുന്നവർക്കും ക്ഷമ നല്‍കട്ടെ’ എന്ന് മുഹമ്മദ് സലാഹ് സമൂഹ മാധ്യമമായ ‘എക്സി’ല്‍ കുറിച്ചു.