അപകടം വിളിപ്പാടകലെ: കുമ്പള ഷിറിയയിൽ വിദ്യാർഥികൾ സ്കൂളിലേക്ക് പോകുന്നത് ദേശീയപാത മതിൽ ചാടിക്കടന്ന്; ആശങ്കയിൽ നാട്ടുകാർ

കാസർകോട്: ദേശീയപാതയിൽ അപകടത്തിന് വഴിയൊരുക്കുന്നതരത്തിൽ വിദ്യാർഥികളുടെ മതിൽചാട്ടം. ഷിറിയ സ്കൂളിലേക്ക് പോകാൻ വിദ്യാർഥികൾ എളുപ്പവഴി എന്നനിലയിലാണ് ദേശീയപാത മതിൽ ചാടുന്നത്. ഇത് ഏറെ അപകടങ്ങൾക്ക് വഴിവെക്കും. ദേശീയപാത തുറന്നതോടെ കാസർകോട്ടുനിന്ന് മംഗളൂരുവിലേക്ക് പോകുന്ന വാഹനങ്ങൾ വലിയ വേഗത്തിലാണ് പോകുന്നത്. ഇതിൽ രക്ഷിതാക്കളടക്കം ഭീതിയിലാണ്.
അര കിലോമീറ്റർ അകലെ മുട്ടത്തുള്ള മേൽപാലത്തിലേക്ക് കുറച്ച് നടക്കണമെന്നുള്ളതുകൊണ്ടാണ് എളുപ്പവഴി എന്നനിലയിൽ നൂറുകണക്കിന് വിദ്യാർഥികൾ ദേശീയപാത മതിൽ ചാടി സ്കൂളിലെത്താൻ ശ്രമിക്കുന്നത്. ഷിറിയ സ്കൂളിന് സമീപം അടിപ്പാതയോ മേൽപാലമോ അനുവദിച്ചുതരണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് നാട്ടുകാരും പി.ടി.എയും ബന്ധപ്പെട്ടവർക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഇതിൽ അനുകൂലനടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. ആവശ്യമായ സ്ഥലങ്ങളിൽ മേൽപാലം നിർമിച്ചുനൽകുമെന്ന് ദേശീയപാത അതോറിറ്റിയും ബന്ധപ്പെട്ടവരും ഇപ്പോഴും പറയുന്നുമുണ്ട്. ഇതിൽ പ്രതീക്ഷയർപ്പിക്കുകയാണ് നാട്ടുകാർ.