അമൃത്ഭാരത്: കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിർമാണ ജോലികൾ ഉടൻ ആരംഭിക്കും

കാസർകോട്: അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കാസർകോട് റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം പ്രധാന മന്ത്രി നരേന്ദ്രമോദി ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ റെയിൽവേ രംഗത്ത് പുതിയൊരു അധ്യായം ആരംഭിക്കുകയാണെന്നും 508 റെയിൽവേ സ്റ്റേഷനുകൾ അതിന്റെ ഭാഗമാകുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ചെറിയ നഗരങ്ങളാണ് അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിലൂടെ നവീകരിക്കപ്പെടുന്നത് പദ്ധതി യാഥാർഥ്യമാകുന്നതോടെ കർഷകർക്കും സാധാരണക്കാർക്കും ഏറെ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അധ്യക്ഷനായി.
508 റെയിൽവേ സ്റ്റേഷനുകൾ അമൃത് ഭാരത് സ്റ്റേഷനുകളാകുമ്പോൾ അതിൽ കാസർകോട് റെയിൽവേ സ്റ്റേഷൻ ഉൾപ്പെട്ടത് അഭിമാന മുഹൂർത്തമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. 24. 53 കോടി രൂപയുടെ നവീകരണ പ്രവൃത്തി കാസർകോട് റെയിൽവേ സ്റ്റേഷനിൽ നടക്കും. ആകർഷകമായ ഒരു പ്രവേശന കവാടവും പദ്ധതിയിൽ ഉൾപ്പെടുമെന്ന് എംപി പറഞ്ഞു. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി കാസർകോട് റെയിൽവേ സ്റ്റേഷൻ റോഡ് വിപുലീകരണ പ്രവൃത്തി നടന്നുവരികയാണെന്നും 5 കോടി രൂപയുടെ ഈ പദ്ധതി കൂടി യാഥാർഥ്യമാകുന്നതോടുകൂടി കാസർകോട് സ്റ്റേഷൻ കൂടുതൽ മികച്ചതാകുമെന്നും അതിന് റെയിൽവേയുടെ സഹകരണം കൂടി വേണമെന്നും എൻ.എ.നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു.
ഉദ്ഘാടന പരിപാടിക്ക് ശേഷം രാജ്മോഹൻ ഉണ്ണിത്താൻ എംപി ശിലാഫലകം അനാച്ഛാദനം ചെയ്തു. ചടങ്ങിൽ പാലക്കാട് മേഖല അഡീഷനൽ ഡിവിഷനൽ റെയിൽവേ മാനേജർ സക്കീർ ഹുസൈൻ, പാലക്കാട് മേഖല ഡിവിഷനൽ ഇലക്ട്രിക്കൽ എൻജിനീയർ ട്രാക്ഷൻ സന്ദീപ് ജോസഫ് എന്നിവർ പ്രസംഗിച്ചു. പപരിപാടിക്ക് മുന്നോടിയായി നടത്തിയ പെയിന്റിങ്, ഉപന്യാസം മത്സര വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും എംപിയും എംഎൽഎയും വിതരണം ചെയ്തു.
ആദ്യഘട്ടം 6 മാസത്തിനുള്ളിൽ പൂർത്തിയാകും
പദ്ധതിയുടെ ആദ്യഘട്ടം 6 മാസത്തിനുള്ളിൽ പൂർത്തിയാകും. 24.53 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് കാസർകോട് റെയിൽവേ സ്റ്റേഷനിൽ നടക്കുക. പ്രവേശന കവാടം, പാർക്കിങ് ഏരിയ, വെയിറ്റിങ് ഏരിയ, സ്ത്രീകൾക്കും പുരുഷന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേകം ശുചിമുറികളും എസി വിശ്രമ കേന്ദ്രങ്ങളും, പുതിയ ടിക്കറ്റ് കൗണ്ടറുകൾ, ഇരുഭാഗങ്ങളിലും എസ്കലേറ്ററുകൾ, പ്ലാറ്റ്ഫോം നവീകരണം, എൽഇഡി നെയിം ബോർഡുകൾ, ഫ്ലോറിങ് തുടങ്ങി വിവിധങ്ങളായ നവീകരണ പ്രവർത്തനങ്ങളാണ് കാസർകോട് റെയിൽവേ സ്റ്റേഷനിൽ അമൃത ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി നടത്തുക.

