മോദിയോടും കൂട്ടരോടും സഹതാപം, പറയാൻ ഭരണനേട്ടങ്ങളില്ലാത്തതിനാൽ കുപ്രചാരണം നടത്തുന്നു- ഉദയനിധി

ചെന്നൈ: സനാതന ധര്‍മവുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവയ്ക്കെതിരെ ബിജെപി രൂക്ഷ വിമര്‍ശനങ്ങള്‍ നടത്തിവരുന്നതിനിടെ വിശദീകരണവുമായി ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്. ഭരണപരാജയം മറച്ചുവെക്കാന്‍ മോദിയും കൂട്ടരും തന്റെ പ്രസ്താവന വളച്ചൊടിച്ച് തെറ്റായ പ്രചാരണങ്ങള്‍ നടത്തുകയാണ്, കുപ്രചാരണത്തിന്റെ പേരില്‍ കളത്തിലിറങ്ങിയ സ്വേച്ഛാധിപതികളെ വീടുകളിലേക്കയക്കുന്ന കാലം വിദൂരമല്ലെന്നും ഉദയനിധി വ്യക്തമാക്കി. തനിക്കെതിരെ എടുത്ത എല്ലാ കേസുകളും നിയമപരമായി നേരിടുമെന്നും ഉദയനിധി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉദയനിധി വിശദീകരണ കുറിപ്പില്‍ നടത്തിയിരിക്കുന്നത്. ‘കഴിഞ്ഞ ഒമ്പത് വര്‍ഷമായി ബിജെപി പൊള്ളയായ വാഗ്ദാനങ്ങളാണ് നടത്തിയിരുന്നത്. ഞങ്ങളുടെ ക്ഷേമത്തിനായി നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്താണ് ചെയ്തതെന്ന് ഫാസിസ്റ്റ് ബിജെപി സര്‍ക്കാരിനെതിരെ രാജ്യം മുഴുവന്‍ ഒരേ സ്വരത്തില്‍ ഇപ്പോള്‍ ചോദ്യം ഉയര്‍ത്തുകയാണ്. ഈ പശ്ചാത്തലത്തിലാണ് എന്റെ പ്രസംഗം വംശഹത്യയ്ക്ക് പ്രേരിപ്പിക്കുന്നതെന്നു പറഞ്ഞ് ബിജെപി നേതാക്കള്‍ വളച്ചൊടിച്ചത്. അത് സ്വയരക്ഷയ്ക്കുള്ള ആയുധമായി അവര്‍ കണ്ടു’, ഉദയനിധി പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്രമന്ത്രി അമിത് ഷായേയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും പോലെയുള്ളവര്‍ വ്യാജവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ തനിക്കെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുന്നു എന്നത് ആശ്ചര്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ന്യായമായും, മാന്യമായ സ്ഥാനങ്ങള്‍ വഹിക്കുമ്പോള്‍ അപവാദം പ്രചരിപ്പിച്ചതിന് അവര്‍ക്കെതിരെ ക്രിമിനല്‍ കേസുകളും മറ്റ് കോടതി നടപടികളും ഫയല്‍ ചെയ്യേണ്ടത് ഞാനായിരിക്കണം. പക്ഷേ, ഇത് അവരുടെ അതിജീവന മാര്‍ഗമാണെന്ന് എനിക്കറിയാം. അവര്‍ക്ക് എങ്ങനെ അതിജീവിക്കണമെന്ന് അറിയില്ല, അതിനാല്‍ ഞാന്‍ അങ്ങനെ ചെയ്യേണ്ടെന്ന് തീരുമാനിച്ചു’, ഉദയനിധി പറഞ്ഞു. തങ്ങള്‍ ഒരു മതത്തിന്റെയും ശത്രുക്കളല്ലെന്ന് എല്ലാവര്ക്കും അറിയാം. ഇന്നും പ്രസക്തമായി നിലനില്‍ക്കുന്ന മതങ്ങളെക്കുറിച്ചുള്ള അണ്ണാദുരൈയുടെ അഭിപ്രായം ഉദ്ധരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു. ‘ഒരു മതം ആളുകളെ സമത്വത്തിലേക്ക് നയിക്കുകയും അവരെ സാഹോദര്യം പഠിപ്പിക്കുകയും ചെയ്യുന്നുവെങ്കില്‍, ഞാനും ഒരു ആത്മീയവാദിയാണ്. എന്നാല്‍, ഒരു മതം ജാതിയുടെ പേരില്‍ ആളുകളെ ഭിന്നിപ്പിക്കുകയാണെങ്കില്‍, തൊട്ടുകൂടായ്മയും അടിമത്തവുമാണ് പഠിപ്പിക്കുന്നതെങ്കില്‍ മതത്തെ എതിര്‍ക്കുന്ന ആദ്യത്തെ വ്യക്തി ഞാനായിരിക്കും’, അണ്ണാദുരൈയെ ഉദ്ധരിച്ചുകൊണ്ട് ഉദയനിധി പ്രസ്താവനയില്‍ കുറിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ മോദിയും കൂട്ടരും അപവാദ പ്രചാരണങ്ങളെ മാത്രം ആശ്രയിക്കുകയാണ്. ഒരുവശത്ത് തനിക്ക് അവരോട് സഹതാപം മാത്രമേയുള്ളൂ. കഴിഞ്ഞ ഒമ്പത് വര്‍ഷത്തില്‍ മോദി ഒന്നും ചെയ്തിട്ടില്ല. ഇടയ്ക്കിടെ നോട്ട് നിരോധിക്കുന്നു, കുടില്‍ മറയ്ക്കാന്‍ മതില് കെട്ടുന്നു, പുതിയ പാര്‍ലമെന്ററി മന്ദിരം പണിയുന്നു, അവിടെ ഒരു ചെങ്കോല്‍ സ്ഥാപിക്കുന്നു, രാജ്യത്തിന്റെ പേര് മാറ്റുന്നു- ഇത് മാത്രമാണ് ചെയ്തത്. ‘മണിപ്പൂരിനെക്കുറിച്ച് ചോദ്യങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭയന്ന് മോദി തന്റെ സുഹൃത്ത് അദാനിയോടൊപ്പം ലോകമെമ്പാടും സഞ്ചരിക്കുന്നു. ജനങ്ങളുടെ അജ്ഞതയാണ് അവരുടെ രാഷ്ട്രീയ നാടകത്തിന്റെ മൂലധനം’, ഉദയനിധി കൂട്ടിച്ചേര്‍ത്തു.

