KSDLIVENEWS

Real news for everyone

ജില്ലയിൽ മഴ കുറവ്; ബാവിക്കര തടയണയുടെ ഷട്ടർ അടുത്ത മാസം അടച്ചേക്കും

SHARE THIS ON

ബോവിക്കാനം: മഴ ഇതേ സ്ഥിതി തുടർന്നാൽ ബാവിക്കര തടയണയുടെ ഷട്ടർ അടുത്ത മാസത്തോടെ അടയ്ക്കുന്നത് ജലവിഭവ വകുപ്പിന്റെ പരിഗണനയിൽ. പുഴയിലെ നീരൊഴുക്കും മഴയുടെ സ്ഥിതിയും പരിഗണിച്ചാകും അന്തിമ തീരുമാനം. ജനുവരി – ഫെബ്രുവരി മാസങ്ങളിലാണ് സാധാരണ ഷട്ടറുകൾ അടയ്ക്കുന്നത്. എന്നാൽ ഇത്തവണ മഴ കുറഞ്ഞതോടെ ഇതിനുള്ള നടപടികൾ ചെറുകിട ജലസേചന വിഭാഗം ഇപ്പോഴേ തുടങ്ങി. തടയണയുടെ പകുതി ഭാഗം എടുത്ത് മാറ്റാവുന്ന ഫൈബർ ഷട്ടറുകളും പകുതി യാന്ത്രിക ഷട്ടറുകളുമാണ്.

ഓരോ വർഷവും കരാർ നൽകിയാണ് ഫൈബർ ഷട്ടറുകൾ സ്ഥാപിക്കുന്നതും മഴക്കാലത്ത് എടുത്തു മാറ്റുന്നതും. ഇത്തവണ ഷട്ടർ സ്ഥാപിക്കുന്നതിനു സാമ്പത്തിക അനുമതി ലഭിച്ചു. ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമാക്കി ഉടൻ ടെൻഡർ നടത്താനാണ് അധികൃതരുടെ തീരുമാനം. കഴിഞ്ഞ വർഷം ടെൻഡർ നടപടികൾ വൈകിയതിനാൽ ഷട്ടർ സ്ഥാപിക്കാൻ വൈകിയത് പ്രതിസന്ധിക്കിടയാക്കിയിരുന്നു.

നിലവിൽ പുഴയിൽ നല്ല ഒഴുക്കുണ്ടെങ്കിലും ജലനിരപ്പിൽ കാര്യമായ കുറവുണ്ട്. വരും ദിവസങ്ങളിൽ മഴ കനക്കുകയാണെങ്കിൽ മാറ്റം വരും. കാസർകോട് നഗരസഭയിലേക്കും മധൂർ, മുളിയാർ, ചെങ്കള, മൊഗ്രാൽ പുത്തൂർ പഞ്ചായത്തുകളിലേക്കും ജല അതോറിറ്റി പൈപ്പ് ലൈൻ വഴി നൽകുന്നത് ഇവിടെ നിന്നുള്ള വെള്ളമാണ്. മഴ കുറഞ്ഞാൽ വെള്ളത്തിന്റെ ഉപയോഗം വർധിക്കുകയും ചെയ്യും. വേനൽക്കാലത്തും ഉപയോഗം വലിയതോതിൽ വർധിക്കാനിടയുണ്ട്. ഈ സാഹചര്യത്തിലാണ് 2 മാസം മുൻപേ തടയണ അടയ്ക്കാനുള്ള ആലോചനകൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!