ദുബായിൽ 23,600 ഇടങ്ങളിൽ സൗജന്യ ഇന്റർനെറ്റ്

ദുബായ്: എമിറേറ്റിൽ 23,600 ഇടങ്ങളിൽ ഇതുവരെ സൗജന്യ ഇന്റർനെറ്റ് സേവനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ദുബായ് ഡിജിറ്റൽ അതോറിറ്റി അധികൃതർ. ദുബായിലെ വിവിധ പാർക്കുകൾ, ബീച്ചുകൾ, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിലെല്ലാം സൗജന്യ വൈഫൈ പൊതുജനങ്ങൾക്ക് ലഭ്യമാണ്. 2000-ത്തിലാണ് ദുബായ് ഡിജിറ്റൽ പരിവർത്തന പദ്ധതി ആരംഭിക്കുന്നത്. 2013-ൽ ദുബായ് സ്മാർട്ട് സർക്കാർ സംരംഭങ്ങൾ ആരംഭിച്ചു. 2021 മുതൽ കടലാസിലുള്ള ഇടപാടുകൾ പൂർണമായും ഒഴിവാക്കി. നിലവിൽ മൊത്തം സർക്കാർ സേവന ഇടപാടുകളിൽ 87 ശതമാനവും ഡിജിറ്റലാണ്. 120-ലേറെ സർക്കാർ സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷനുകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിൽ വിസ അപേക്ഷ, അപകടങ്ങൾ റിപ്പോർട്ട് ചെയ്യുക, പാർക്കിങ് ഫീസ് അടയ്ക്കുക എന്നിങ്ങനെ 170-ലേറെ സേവനങ്ങളാണ് ദുബായ് നൗ ആപ്പിലൂടെ ലഭ്യമാക്കുന്നത്. ഈ വർഷത്തിന്റെ ആദ്യപകുതിയിൽ 26 ലക്ഷത്തിലേറെ ഇടപാടുകൾ ആപ്പിലൂടെ നടത്തി. കഴിഞ്ഞവർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇടപാടുകളുടെ എണ്ണത്തിൽ 24 ശതമാനം വളർച്ച രേഖപ്പെടുത്തി. അത്യാധുനിക സേവനങ്ങൾ നൽകിക്കൊണ്ട് പൗരന്മാരുടെയും താമസക്കാരുടെയും ജീവിതനിലവാരം ഉയർത്താനുള്ള സമഗ്ര പദ്ധതികളാണ് നേതൃത്വം നടപ്പാക്കുന്നതെന്ന് ഡിജിറ്റൽ ദുബായ് ഡയറക്ടർ ജനറൽ ഹമദ് ഒബൈദ് അൽ മൻസൂരി പറഞ്ഞു. എമിറേറ്റിന്റെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താനായി പരമാവധി ഡിജിറ്റൽ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിലും അതീവ ശ്രദ്ധപുലർത്തുന്നുണ്ട്. ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളുടെ മികവ് നിരീക്ഷിക്കാൻ പ്രത്യേക സംവിധാനങ്ങൾ നിലവിലുണ്ട്. ഡിജിറ്റൽ യുഗത്തിന് അനുയോജ്യമായ ഒട്ടേറെ പുതിയ സംരംഭങ്ങൾ അതോറിറ്റി നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ഡിജിറ്റൽ പരിവർത്തനത്തിൽ ആഗോളതലത്തിൽ മുന്നിലെത്താനുള്ള ശ്രമത്തിലാണ് ദുബായ്

