KSDLIVENEWS

Real news for everyone

ആർ.എസ്.എസ് നേതാവിനെ കണ്ടു: ഒടുവിൽ സമ്മതിച്ച് എം.ആർ. അജിത് കുമാർ; സ്വകാര്യ സന്ദർശനമെന്ന് വിശദീകരണം

SHARE THIS ON

തിരുവനന്തപുരം: ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എം.ആർ.അജിത് കുമാർ. മുഖ്യമന്ത്രിയുടെ ഓഫിസ് കാര്യങ്ങൾ തിരക്കിയപ്പോഴാണ് കൂടിക്കാഴ്ച അജിത് കുമാർ സമ്മതിച്ചത്. സ്വകാര്യ സന്ദർശനം ആണെന്നാണ് വിശദീകരണം.

ദത്താത്രേയ ഹൊസബാളെ തൃശൂരിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച ദിവസം എഡിജിപി എം.ആർ.അജിത്കുമാർ അവിടെയെത്തിയിരുന്നതായി അടുത്തദിവസം തന്നെ കേരള പൊലീസ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. ആർഎസ്എസിന്റെ പോഷകസംഘടനയായ വിജ്ഞാനഭാരതിയുടെ മലയാളിയായ ദേശീയ ഭാരവാഹിക്കൊപ്പമാണ് 2023 മേയ് 22ന് എ‍ഡിജിപി എത്തിയതെന്നും തൃശൂർ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു.

ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായതിനാൽ അജിത്കുമാറിന്റെ വാഹനത്തിന്റെ ലോഗ്ബുക്ക് പരിശോധിച്ചാൽ എവിടെയെല്ലാം പോയെന്നു വ്യക്തമാകും. അതിനാൽ ഔദ്യോഗിക വാഹനം ഒഴിവാക്കി, പകരം വിജ്ഞാനഭാരതി ഭാരവാഹി സ്വയം ഓടിച്ചുവന്ന കാറിലായിരുന്നു യാത്ര. ഹോട്ടലിനു മുൻപിലെ ആ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നു പൊലീസ് ഉന്നതർ പറയുന്നു.

സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് അടുത്തദിവസം തന്നെ മേലുദ്യോഗസ്ഥർ വഴി സംസ്ഥാന പൊലീസ് മേധാവിക്കും ഇന്റലിജൻസ് മേധാവിക്കും സർക്കാരിനും ലഭിച്ചിരുന്നു. റിപ്പോർട്ട് വിവരാവകാശ നിയമത്തിന്റെ പരിധിയിൽപെടാത്തതിനാൽ പുറത്തേക്കു വരില്ല. മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശിച്ചതനുസരിച്ചാണു കൂടിക്കാഴ്ചയെങ്കിൽ തുടർനടപടിയുമുണ്ടാകില്ല.

എഡിജിപി എം.ആർ.അജിത്കുമാർ മുഖ്യമന്ത്രിക്കു വേണ്ടി ആർഎസ്എസ് നേതൃത്വവുമായി ചർച്ച നടത്തിയെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശനാണു വെളിപ്പെടുത്തിയത്. ഇക്കാര്യം ആഭ്യന്തരവകുപ്പ് ഇതുവരെ നിഷേധിച്ചിട്ടില്ല. നിഷേധിച്ചാൽ ബാക്കി തെളിവ് പുറത്തുവിടുമെന്നും സതീശൻ പറഞ്ഞിരുന്നു.

സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കൂടിക്കാഴ്ചാവിവാദം അന്വേഷിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയെ ജയിപ്പിക്കാനായി എഡിജിപി എം.ആർ.അജിത്കുമാർ പൂരം കലക്കിയെന്ന് ഇടത് എംഎൽഎ പി.വി.അൻവർ ആരോപിച്ചിരുന്നു. ഈ ആരോപണത്തിനു പുറമേയാകും കൂടിക്കാഴ്ചാവിവാദം കൂടി പ്രത്യേകസംഘം അന്വേഷിക്കുക. പൂരം കലക്കിയതാണോ, പൊലീസ് ഉദ്യോഗസ്ഥർക്കു പങ്കുണ്ടോ, ആർഎസ്എസ് ഇടപെടലുണ്ടോ എന്നിവ പരിശോധിക്കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!