KSDLIVENEWS

Real news for everyone

രാവിലെ 11:45 കഴിഞ്ഞാൽ ഉച്ചയ്ക്ക് 2:35നും, വൈകിട്ട് 3.05 കഴിഞ്ഞാൽ കാസർകോട്ടുനിന്ന് കണ്ണൂരിലേക്ക് ട്രെയിൻ 5.35 ന്; ഈ ദുരിത യാത്രയ്ക്ക് അറുതി എപ്പോഴെന്ന് യാത്രക്കാർ

SHARE THIS ON

കാസർകോട്: അധ്യാപകർ ഉൾപ്പെടെയുള്ള സർ‌ക്കാർ ജീവനക്കാർക്കു കാസർകോട്ടുനിന്നു കണ്ണൂർ ഭാഗത്തേക്കുള്ള ട്രെയിൻയാത്ര ദുരിതമായി തുടരുന്നു. മംഗളൂരു – ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, മംഗളൂരു–കണ്ണൂർ പാസ‍ഞ്ചർ ട്രെയിൻ എന്നിവ രണ്ടു വർഷമായി സമയം മാറ്റിയതാണ് ദുരിതം ഇരട്ടിയാക്കുന്നത്. രാവിലെ 11:45 കഴിഞ്ഞാൽ പിന്നെ കണ്ണൂർ ഭാഗത്തേക്ക് ട്രെയിൻ 2:35 നും ; ഈ സമയം സാധാരണക്കാരായ യാത്രക്കാരും ഏറെ ബുദ്ധിമുട്ടുന്നു അത്പോലെ വൈകിട്ട് 3.05 കഴിഞ്ഞാൽ കാസർകോട്ടുനിന്ന് കണ്ണൂർ ഭാഗത്തേക്കുള്ള അടുത്ത ട്രെയിൻ 5.35നുള്ള മംഗളൂരു–ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസാണ്. ഈ ട്രെയിനിലാവട്ടെ സീസൺ ടിക്കറ്റുകാർക്ക് യാത്ര അനുവദിച്ചിട്ടുമില്ല. ഇതോടെ 6നുള്ള മംഗളൂരു–കണ്ണൂർ പാസ‍ഞ്ചറിനെയാണ് പലരും ആശ്രയിക്കുന്നത്.

ദീർഘ ദൂര യാത്രയ്ക്ക് 7 മണി കഴിഞ്ഞാൽ പിന്നെ അർദ്ധ രാത്രിയാവണം വേറെ ട്രെയ്ൻ വരാൻ , മണിക്കൂറുകളോളം കാത്ത് നിൽക്കേണ്ട അവസ്ഥ , മലബാറിനോടുള്ള ഈ അവഗണന എന്ന് അവസാനിക്കുമെന്നതിൽ ആർക്കും ഒരു പിടിയും ഇല്ല .

കോളജ് വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെയുള്ള യാത്രക്കാർ കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തിയാൽ കണ്ണൂർ ഭാഗത്തേക്കുള്ള ട്രെയിനായി കാത്തിരിക്കേണ്ടത് ഏറെ സമയമാണ്. പാസഞ്ചർ ട്രെയിനിൽ കയറിപ്പറ്റണമെങ്കിൽ ഗുസ്തി പിടിക്കണം. എങ്ങനെയെങ്കിലും അകത്ത് കയറിയാലോ ശ്വാസംവിടാൻ പോലും സാധിക്കില്ല. ദേശീയ–സംസ്ഥാന പാതകളിൽ ആവശ്യത്തിനു ബസുകളുമില്ല. പിന്നെയെങ്ങനെ ജോലിസ്ഥലത്ത് എത്താനും തിരിച്ചുപോകാനും സാധിക്കുമെന്ന് ജീവനക്കാർ ചോദിക്കുന്നു.

അന്നു പറഞ്ഞത്  സമയമാറ്റം താൽക്കാലികമെന്ന്
കോവിഡിനു മുൻപ് മംഗളൂരു–ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിൻ കാസർകോട് എത്തിയിരുന്നത് 4.50നായിരുന്നു. കണ്ണൂരിലേക്കുള്ള പാസ‍ഞ്ചർ ട്രെയിൻ 5.35നും. എന്നാൽ മംഗളൂരുവിൽ പ്ലാറ്റ്ഫോമിന്റെ നവീകരണത്തിന്റെ ഭാഗമായി 2 വർഷത്തിലേറെയായി സമയം മാറ്റിയിട്ട്. സമയമാറ്റം താൽക്കാലികമാണെന്നാണ് അധികൃതർ അന്നു പറഞ്ഞത്. പക്ഷേ, സർവീസ് സമയം ഇതുവരെ പുനഃസ്ഥാപിച്ചില്ല.

ജീവനക്കാരുടെ ദുരിതം
വിദ്യാനഗറിലെ സിവിൽ സ്റ്റേഷൻ ഉൾപ്പെടെ കാസർകോട് നഗരത്തിലെ വിവിധ സർക്കാർ –അർധ സർക്കാർ ഓഫിസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, ബിഎഡ് കോളജുകൾ, അധ്യാപക പരിശീലന കേന്ദ്രം എന്നിവിടങ്ങളി‍ൽ നിന്നുള്ള നൂറുകണക്കിനാളുകളാണ് ഗതാഗതത്തിന് ട്രെയിനുകളെ ആശ്രയിക്കുന്നത്. ജില്ലയിലെ വിവിധ ഓഫിസുകളിൽ ജോലി ചെയ്യുന്നവരിൽ ഏറെയും കാസർകോട്ടെ തെക്കൻ പ്രദേശങ്ങളിൽ നിന്നും കണ്ണൂർ ജില്ലയിൽ നിന്നുള്ളവരാണ്. എന്നാൽ വൈകിട്ട് 6നുള്ള പാസ‍ഞ്ചർ ട്രെയിനിൽ കയറിയാൽ ജീവനക്കാർ വീടുകളിലെത്തുന്നത് വൈകിട്ട് 8നു ശേഷമാണ്. മാവേലി എക്സ്പ്രസ് കടന്നു പോകുന്നതിനായി വിവിധ സ്റ്റേഷനുകളിൽ പാസഞ്ചർ നിർത്തിയിടുമ്പോൾ ഇതിലെ യാത്രക്കാർ വീട്ടിലെത്താൻ വീണ്ടും ഏറെ വൈകുന്നു.

പഴയ സമയത്തേക്ക് തിരിച്ചുവരുമോ?
മംഗളൂരു–ചെന്നൈ സൂപ്പർ ഫാസ്റ്റ്, മംഗളൂരു–കണ്ണൂർ പാസ‍ഞ്ചർ ട്രെയിനുകൾ പഴയ സമയത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് യാത്രക്കാരും റെയിൽവേ പാസ‍ഞ്ചേഴസ് അസോസിയേഷൻ ഉൾപ്പെടെയുള്ള വിവിധ സംഘടനകളും ജനപ്രതിനിധികൾ, റെയിൽവേ അധികൃതർ എന്നിവർക്ക് ഒട്ടേറെ തവണ നിവേദനം നൽകിയിരുന്നുവെങ്കിലും ഇതുവരെ അനുകൂല തീരുമാനം ഉണ്ടായില്ലെന്നാണ് യാത്രക്കാരുടെ പരാതി.

error: Content is protected !!