ഹമാസ് ആക്രമണം: മരണം 100 ആയി; തിരിച്ചടി ശക്തമാക്കി ഇസ്രയേല്‍, ഒളിത്താവളങ്ങളില്‍ വ്യോമാക്രമണം

ടെല്‍ അവീവ്: ഇസ്രയേലിനു നേരെ ഗാസ അഴിച്ചുവിട്ട ആക്രമണത്തില്‍ മരണസംഖ്യ ഉയരുന്നു. ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ 100 ഓളം പേര് കൊല്ലപ്പെട്ടതായി ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 900-ഓളം പേര്‍ക്ക് പരിക്കേറ്റതായും ഇതില്‍ ചിലരുടെ പരിക്ക് അതീവഗുരുതരമാണെന്നുമാണ് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗാസയ്ക്കു നേരെ തിരിച്ചടിച്ച ഇസ്രയേല്‍ ഹമാസിന്റെ ഒളിത്താവളങ്ങളില്‍ വ്യോമാക്രമണം നടത്തി. പിന്നാലെ ഇസ്രയേലിനെ പിന്തുണച്ച് ഇന്ത്യയും അമേരിക്കയും യു.കെ.യും യൂറോപ്യന്‍ യൂണിയനുമുള്‍പ്പടെ രംഗത്തെത്തുകയും ചെയ്തു. ഇസ്രയേലി പൗരന്മാര്ക്കെതിരെ ഹമാസ് നടത്തിയ ആക്രമണത്തില്‍ അപലപിക്കുന്നതായും ഇസ്രയേലിലെ സര്‍ക്കാരിനും ജനങ്ങള്‍ക്കുമൊപ്പം നിലകൊള്ളുമെന്നും യു.എസ്. വ്യക്തമാക്കി. ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നതായും യു.എസ്. പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇസ്രയേലിലെ അക്രമവാര്ത്തകള് അതിയായ ഞെട്ടലുളവാക്കിയെന്നും പ്രതിസന്ധി നിറഞ്ഞ ഈ വേളയില്‍ ഇസ്രയേലിനോട് ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്നുവെന്നും അക്രമണത്തെ അപലപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ കുറിച്ചു. റോക്കറ്റുകള്‍ തിരിച്ചറിയാനുള്ള സെന്‍സര്‍ സംവിധാനങ്ങള്‍, അതിര്ത്തിയിലേര്പ്പെടുത്തിയ പഴുതടച്ച സുരക്ഷാസംവിധാനങ്ങള്‍, നൂതന ആയുധശേഖരമുള്ള സൈനികര്‍ തുടങ്ങി ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധസംവിധാനങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ഇസ്രയേല്‍. ഈ പ്രതിരോധസംവിധാനങ്ങളുടെ കണ്ണുവെട്ടിച്ചുള്ള ഹമാസിന്റെ കടന്നുകയറ്റമാണ് ഇസ്രയേലിനെ പിടിച്ചുലച്ചത്. ഗാസ വിതച്ച നാശനഷ്ടം കനത്തതായതു കൊണ്ടു തന്നെ ഇസ്രയേലിന്റെ പ്രത്യാഘാതവും ഭീകരമായേക്കാമെന്നാണ് ലോകരാഷ്ട്രങ്ങള്‍ നിരീക്ഷിക്കുന്നത്.

