KSDLIVENEWS

Real news for everyone

ദക്ഷിണാഫ്രിക്കയ്ക്ക് ഏകദിന ലോകകപ്പ് റെക്കോഡ്, ശ്രീലങ്കയ്‌ക്കെതിരേ 428 റണ്‍സ്

SHARE THIS ON

ന്യൂഡല്‍ഹി: വെടിക്കെട്ട് ബാറ്റിങ്, ഏകദിന ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോര്‍, മൂന്ന് സെഞ്ചുറികള്‍ അതിലൊന്നിന് ലോകകപ്പ് റെക്കോഡ്… സംഭവബഹുലമായിരുന്നു ശ്രീലങ്കയ്‌ക്കെതിരായ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ്. 2023 ഏകദിന ലോകകപ്പിലെ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത് 50 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 428 റണ്‍സാണ്!. എയ്ഡന്‍ മാര്‍ക്രം, റാസി വാന്‍ ഡെര്‍ ഡ്യൂസന്‍, ക്വിന്റണ്‍ ഡി കോക്ക് എന്നിവരുടെ സെഞ്ചുറികളുടെ മികവിലാണ് ദക്ഷിണാഫ്രിക്ക റെക്കോഡ് ബുക്കിലിടം നേടിയത്. 2015 ലോകകപ്പില്‍ ഓസ്‌ട്രേലിയ അഫ്ഗാനിസ്താനെതിരേ നേടിയ 417 റണ്‍സിന്റെ റെക്കോഡ് ദക്ഷിണാഫ്രിക്ക തകര്‍ത്തു. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ശ്രീലങ്കയുടെ തീരുമാനം തെറ്റായിരുന്നു എന്ന് തെളിയിച്ചുകൊണ്ടാണ് ദക്ഷിണാഫ്രിക്ക ബാറ്റിങ് ആരംഭിച്ചത്. ഓപ്പണറും നായകനുമായ തെംബ ബവൂമയെ (8) വേഗത്തില്‍ നഷ്ടപ്പെട്ടെങ്കിലും പിന്നീട് ക്രീസിലൊന്നിച്ച വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കും റാസി വാന്‍ ഡെര്‍ ഡ്യൂസനും അടിച്ചുതകര്‍ത്തു. ഇരുവരും വെടിക്കെട്ട് പ്രകടനം പുറത്തെടുക്കാന്‍ തുടങ്ങിയതോടെ ശ്രീലങ്ക പതറി. രണ്ടാം വിക്കറ്റില്‍ ഇരുവരും 204 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഇരുവരും സെഞ്ചുറി നേടി. ഡി കോക്കാണ് ആദ്യം സെഞ്ചുറിയടിച്ചത്. താരം 84 പന്തുകളില്‍ നിന്ന് 100 റണ്‍സെടുത്ത് പുറത്തായി. 12 ഫോറും മൂന്ന് സിക്‌സും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഡി കോക്കിന് പകരം എയ്ഡന്‍ മാര്‍ക്രമാണ് ക്രീസിലെത്തിയത്. മാര്‍ക്രത്തെ സാക്ഷിയാക്കി ഡ്യൂസ്സനും സെഞ്ചുറിയടിച്ചു. താരം 110 പന്തുകളില്‍ നിന്ന് 13 ഫോറിന്റെയും രണ്ട് സിക്‌സിന്റെയും സഹായത്തോടെ 108 റണ്‍സാണ് നേടിയത്. ഡ്യൂസന്‍ മടങ്ങിയ ശേഷം ടീമിന്റെ ഉത്തരവാദിത്വം ഒറ്റയ്ക്ക് ഏറ്റെടുത്ത മാര്‍ക്രം അടിച്ചുതകര്‍ത്തു. ഹെന്റിച്ച് ക്ലാസനെ കൂട്ടുപിടിച്ച് താരം ടീം സ്‌കോര്‍ 340 കടത്തി. ക്ലാസന്‍ (34) പുറത്തായെങ്കിലും മാര്‍ക്രം അടിതുടര്‍ന്നു. പിന്നാലെ 49 പന്തില്‍ സെഞ്ചുറിയടിച്ച് ഏകദിന ലോകകപ്പിലെ അതിവേഗ സെഞ്ചുറി താരം പൂര്‍ത്തിയാക്കി. പിന്നാലെ പുറത്താവുകയും ചെയ്തു. 54 പന്തില്‍ 14 ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും സഹായത്തോടെ 106 റണ്‍സാണ് താരം നേടിയത്. മാര്‍ക്രം മടങ്ങിയ ശേഷം ക്രീസിലെത്തിയ ഡേവിഡ് മില്ലര്‍ വെടിക്കെട്ട് ബാറ്റിങ് തുടര്‍ന്നു. 21 പന്തില്‍ 39 റണ്‍സെടുത്ത മില്ലറും 12 റണ്‍സെടുത്ത മാര്‍ക്കോ യാന്‍സണും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ ഏകദിന ലോകകപ്പിലെ റെക്കോഡ് സ്‌കോറിലേക്ക് നയിച്ചത്. ശ്രീലങ്കന്‍ ബൗളര്‍മാരെല്ലാം കണക്കിന് തല്ലുവാങ്ങി. ദില്‍ഷന്‍ മധുശങ്ക രണ്ട് വിക്കറ്റെടുത്തപ്പോള്‍ പതിരണ, വെല്ലലഗെ, രജിത എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!