KSDLIVENEWS

Real news for everyone

ഗസ്സ വെടിനിർത്തൽ ചർച്ചകൾക്ക് ഈജിപ്തില്‍ തുടക്കം: പ്രധാന കാര്യങ്ങൾ ഹമാസ് അംഗീകരിച്ചതായി കരുതുന്നെന്ന് ട്രംപ്

SHARE THIS ON

കെയ്റോ: ഗസ്സ വെടിനിർത്തൽ ചർച്ചകൾക്ക് ഈജിപ്തിലെ ശറമുശൈഖിൽ തുടക്കം.ഈജിപ്തിലെ ശറമുശൈഖിൽ ഹമാസ്, ഇസ്രായേൽ പ്രതിനിധികൾ തമ്മിൽ മധ്യസ്ഥർ വഴിയുള്ള പ്രാഥമിക സംഭാഷണങ്ങൾക്കാണ് തുടക്കമായത്. യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ഗസ്സ പദ്ധതി പ്രകാരം ബന്ദി മോചനവും ജയിലിലടക്കപ്പെട്ട ഫലസ്തീനികളെ വിട്ടയക്കലും സുരക്ഷിതമായി നടത്തുന്നത് സംബന്ധിച്ചാണ് ഒന്നാംഘട്ട ചർച്ച. ഇരു കക്ഷികൾക്കുമിടയിൽ ഈജിപ്ത്, ഖത്തർ പ്രതിനിധികളാണ് ആശയവിനിമയം നടത്തുന്നത്. ട്രംപിന്റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജാരെദ് കുഷ്നർ എന്നിവരും ഈജിപ്തിലുണ്ട്. ഖത്തറിൽ ഇസ്രായേൽ വധിക്കാൻ ശ്രമിച്ച മുതിർന്ന നേതാവ് ഖലീൽ അൽഹയ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹമാസിനെ പ്രതിനിധാനംചെയ്യുന്നത്.

നയകാര്യ മന്ത്രി റോൺ ഡെർമറാണ് ഇസ്രായേൽ സംഘത്തെ നയിക്കുന്നത്. ചർച്ച ശരിയായ രീതിയിൽ മുന്നോട്ടു പോകുന്നതായും പ്രധാന കാര്യങ്ങൾ ഹമാസ് അംഗീകരിച്ചതായാണ് താൻ കരുതുന്നതെന്നും യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. എല്ലാവരും പിന്തുണക്കുന്ന കരാറിനെ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും പോസിറ്റീവായാണ് കാണുന്നത്. ബന്ദിമോചന കരാറിനെ നെഗറ്റീവായി കാണരുതെന്ന് താൻ നെതന്യാഹുവിനോട് പറഞ്ഞിട്ടില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി. എത്ര ദിവസത്തിനുള്ളിൽ ചർച്ച പൂർത്തീകരിക്കണം എന്ന് വ്യവസ്ഥയില്ലെന്ന് വൈറ്റ് ഹൗസും പ്രതികരിച്ചു. ഗസ്സയിൽ നിന്നുള്ള ഇസ്രായേൽ സൈനിക പിൻമാറ്റത്തിന്‍റെ ഇടം, ബന്ദികൾക്ക് പകരം വിട്ടയക്കേണ്ട ഫലസ്തീൻ തടവുകാർ ആരൊക്കെ എന്നതു സംബന്ധിച്ചും ചർച്ച നടക്കും.

വെടിനിർത്തൽ ചർച്ചക്കിടയിലും ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഇന്നലെ 21 പേർ കൊല്ലപ്പെടുകയും 98 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹമാസ് നടത്തിയ പ്രത്യാക്രമണത്തിൽ നിരവധി സൈനികർക്ക് പരിക്കേറ്റു. ഗസ്സയിലേക്ക് സഹായം വിലക്കിയ ഇസ്രായേൽ നടപടി കടുത്ത മാനുഷിക ദുരന്തത്തിന് വഴിയൊരുക്കിയതായി യു.എൻ ഏജൻസികൾ കുറ്റപ്പെടുത്തി.

ഗസ്സയിൽ ജീവൻരക്ഷാ സേവനത്തിനായി 9 മില്യൻ ഡോളർ വകയിരുത്തിയതായി യു. എൻ ഹ്യുമാനിറ്റേറിയൻ സമിതി മേധാവി ടോം ഫ്ളെച്ചർ പറഞ്ഞു. എന്നാൽ ഗസ്സയിൽ സഹായ വിതരണത്തിന് അനുമതി നൽകാനുള്ള യു.എൻ അഭ്യർഥന ഇസ്രായേൽ അംഗീകരിച്ചിട്ടില്ല. ഇസ്രായേൽ നാടുകടത്തിയ സ്വീഡിഷ് ആക്ടിവിസ്റ്റ് ഗ്രെറ്റ ത്യുൻബർഗ് ഗ്രീസിലെത്തി. വൻ സ്വീകരണമാണ് ഇവർക്ക് ലഭിച്ചത്. ഗ്ലോബൽ സുമുദ് ഫ്ലോട്ടിലയുടെ ഭാഗമായെത്തി ഇസ്രായേൽ സൈന്യത്തിന്‍റെ പിടിയിലായ തങ്ങൾക്ക് വലിയ തോതിൽ മർദനവും അധിക്ഷേപവും നേരിട്ടതായി ആക്റ്റിവിസ്റ്റുകൾ പരാതിപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!