പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്റെ വീട്ടില്‍ മോഷണം: 20 കോടി രൂപ വിലമതിക്കുന്ന വസ്തുക്കള്‍ മോഷണംപോയതായി പരാതി

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ കലൂരിലെ വാടക വീട്ടില്‍ മോഷണം. എറണാകുളം നോര്‍ത്ത് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എന്തൊക്കെ വസ്തുക്കള്‍ മോഷണം പോയി എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. നിലവില്‍ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ് മോന്‍സന്റെ വീടും സാധനങ്ങളും. ഈ സാധനങ്ങള്‍ എടുക്കാന്‍ മോന്‍സണ് ഹൈക്കോടതിയുടെ അനുമതി ലഭിച്ചിരുന്നു.
നിലവില്‍ പരോളിലാണ് മോന്‍സന്‍. ഈ ഉത്തരവ് അനുസരിച്ച് വീട്ടിലുള്ള സാധനങ്ങള്‍ തിട്ടപ്പെടുത്താനായാണ് മോന്‍സണുമായി ഉദ്യോഗസ്ഥര്‍ കലൂരിലെ വീട്ടിലെത്തിയത്.അപ്പോഴാണ് വീടിന്റെ ഒരു ഭാഗം പൊളിഞ്ഞതായി ശ്രദ്ധയില്‍ പെടുന്നത്. ഇതിനുള്ളില്‍ ഉണ്ടായിരുന്ന പുരാവസ്തുക്കളില്‍ പലതും മോഷണം പോയെന്ന് മോന്‍സന്റെ പരാതിയിലാണ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.
ഏതാണ്ട് 20 കോടിയോളം വിലയുള്ള സാധനങ്ങള്‍ മോഷണം പോയെന്നാണ് മോന്‍സന്റെ അഭിഭാഷകന്‍ എം.ജി ശ്രീജിത്ത് പറയുന്നത്. സിസിടിവി ഉള്ളത് പൊളിച്ച് മാറ്റിയാണ് മോഷണം നടത്തിയിരിക്കുന്നത്. രണ്ടാഴ്ച്ച മുമ്പ് കോടതിയില്‍ നിന്ന് കമ്മിഷനുള്‍പ്പടെയുള്ളവര്‍ വന്ന് പരിശോധിച്ച സമയത്ത് വീടിന് കേടുപാടുകള്‍ ഉണ്ടായിരുന്നില്ല., ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം വന്ന് നോക്കിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞതെന്നും അഭിഭാഷകന്‍ പറഞ്ഞു.

