13ന് മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമ്പൂർണ സമരം: അത്യാഹിത സേവനങ്ങൾ മാത്രം പ്രവർത്തിക്കും

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഈ മാസം 13ന് സമ്പൂര്‍ണമായി പണിമുടക്കും. അത്യാഹിത സേവനങ്ങള്‍ മാത്രമാകും ഈ ദിവസം പ്രവര്‍ത്തിക്കുകയെന്ന് കെജിഎംസിടിഎ അറിയിച്ചു. എമര്‍ജന്‍സി സേവനങ്ങള്‍ ഒഴികെ എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും. നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് ഡോക്ടര്‍മാര്‍ സൂചനാസമരം നടത്തിയിരുന്നു. സമാധാനപരമായി സമരം ചെയ്തിട്ടും സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുന്ന സാഹചര്യത്തിലാണ് സമ്പൂര്‍ണ പണിമുടക്കിലേക്കു കടക്കുന്നതെന്നു സംഘടനാ നേതാക്കള്‍ അറിയിച്ചു.
സര്‍ക്കാര്‍ സമീപനം മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരോടും പൊതുജനങ്ങളോടുമുള്ള വെല്ലുവിളി ആണെന്നും നേതാക്കള്‍ വ്യക്തമാക്കി. തുടര്‍ന്നും സര്‍ക്കാര്‍ ഉദാസീനതയോടെ മുന്നോട്ടുപോകുകയാണെങ്കില്‍, അനിശ്ചിതകാല സമരത്തിലേക്ക് കടക്കാന്‍ കെജിഎംസിടിഎ നിര്‍ബന്ധിതരാകുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ.ടി. റോസനാര ബീഗം, ജനറല്‍ സെക്രട്ടറി ഡോ.സി.എസ്.അരവിന്ദ് എന്നിവര്‍ അറിയിച്ചു.
പ്രവേശന തസ്തികകളിലെ ശമ്പളത്തിലെ അപാകത പരിഹരിക്കുക, 2016-മുതലുള്ള ശമ്പള പരിഷ്‌കരണ കുടിശിക ഉടന്‍ നല്‍കുക, പുതിയ മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് ആവശ്യമായ അക്കാദമിക് തസ്തികകള്‍ സൃഷ്ടിക്കുക, അശാസ്ത്രീയമായ പുനര്‍വിന്യാസം അവസാനിപ്പിക്കുക, ഒഴിഞ്ഞു കിടക്കുന്ന തസ്തികകളില്‍ അടിയന്തിര നിയമനം നടത്തുക, മെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്കും രോഗികള്‍ക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, പെന്‍ഷന്‍ സീലിങ് സംബന്ധമായ അപാകത പരിഹരിക്കുക, ഡി.എ. കുടിശിക പൂര്‍ണ്ണമായും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്.

