യുഎസ് സൈനിക താവളത്തിലേക്ക് വെളുത്ത പൊടിയടങ്ങിയ പാക്കറ്റ്: തുറന്നതോടെ നിരവധിപേർക്ക് ദേഹാസ്വാസ്ഥ്യം; അന്വേഷണം

വാഷിങ്ടണ്‍: യുഎസ് സൈനികതാവളത്തിലേക്കെത്തിയ ‘പാക്കറ്റ്’ തുറന്നതിന് പിന്നാലെ നിരവധിപേര്‍ക്ക് ദേഹാസ്വസ്ഥ്യം.
മേരിലാൻഡിലെ ജോയിന്റ് ബേസ് ആൻഡ്രൂസ് സൈനിക താവളത്തിലേക്ക് വ്യാഴാഴ്ചയാണ് പാക്കറ്റ് എത്തിയത്. വെളുത്ത നിറത്തിലുള്ള പൊടിയായിരുന്നു ഇതിലുണ്ടായിരുന്നത് എന്നാണ് സിഎൻഎൻ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ ആശുപത്രികളിലേക്ക് മാറ്റി. എന്നാല്‍ ഇവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.
സംഭവത്തിന് പിന്നാലെ മുന്‍കരുതലെന്ന നിലയില്‍ ഈ കെട്ടിടവും അതിന് തൊട്ടടുത്ത കെട്ടിടത്തിലുള്ളവരെയും ഒഴിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചു.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കാബിനറ്റ് സെക്രട്ടറിമാർ തുടങ്ങിയ വിഐപികൾ ഔദ്യോഗിക കാര്യങ്ങൾക്കായി പതിവായി യാത്ര ചെയ്യുന്ന സൈനിക താവളമാണ് ജോയിന്റ് ബേസ് ആൻഡ്രൂസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച ജോയിന്റ് ബേസ് ആൻഡ്രൂസിലുണ്ടായിരുന്നു.
വിമാനത്താവളത്തിന്, നിലവില്‍ മറ്റു ഭീഷണികളൊന്നും ഇല്ല. എന്നിരുന്നാലും അന്വേഷണം നടക്കുന്നുണ്ട്. പാക്കറ്റില്‍ അജ്ഞാതമായ ഒരു വെളുത്ത പൊടിയായരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള സിഎൻഎൻ റിപ്പോര്‍ട്ട്. എന്നാല്‍ വിമാനത്താവള അധികൃതര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.

