സൈനിക സന്നാഹങ്ങള്‍ വര്‍ധിപ്പിച്ച് ചൈന; മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്

ബീജിങ്: രാജ്യത്തിന്റെ സൈനിക പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചൈന തങ്ങളുടെ മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ വന്‍തോതില്‍ വികസിപ്പിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. 2020 മുതല്‍ നടന്നുവരുന്ന ഈ വിപുലീകരണത്തിന്റെ നിര്‍ണ്ണായക വിവരങ്ങളടങ്ങിയ ഉപഗ്രഹ ചിത്രങ്ങളുടെയും മാപ്പുകളുടെയും ഔദ്യോഗിക രേഖകളുടെയും വിവരങ്ങള്‍ അമേരിക്കന്‍ വാര്‍ത്താ ചാനലായ സിഎന്‍എന്‍ ആണ് പുറത്തുവിട്ടത്.
ചൈനയുടെ ഈ നീക്കം ആഗോളതലത്തില്‍ പുതിയ ആശങ്കകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. സൈനിക നിരീക്ഷണത്തില്‍ ഇത് ഒരു ‘നിശ്ശബ്ദ വിപ്ലവം’ എന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രസിഡന്റ് ഷി ജിന്‍പിങ് 2012-ല്‍ അധികാരത്തില്‍ വന്നതുമുതല്‍ ചൈനയുടെ സായുധ സേനയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി കോടിക്കണക്കിന് ഡോളറാണ് നിക്ഷേപിച്ചിട്ടുള്ളത്. ഈ മിസൈല്‍ വിപുലീകരണം ആധുനികവല്‍ക്കരണത്തിന്റെ അവിഭാജ്യ ഘടകമായാണ് ചൈന വിലയിരുത്തുന്നത്.
ഈ കാലയളവില്‍, ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (PLA) ഏറ്റവും തന്ത്രപ്രധാനമായ യൂണിറ്റുകളില്‍ ഒന്നായി മിസൈല്‍ സേന മാറിക്കഴിഞ്ഞു. രാജ്യത്തിന്റെ തന്ത്രപരമായ പ്രതിരോധത്തിന്റെ (Strategic Deterrence) നെടുംതൂണായാണ് ഷി ജിന്‍പിംഗ് മിസൈല്‍ യൂണിറ്റിനെ പരിവര്‍ത്തനം ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ സൈന്യമാണ് ചൈനയുടേത്. 20 ലക്ഷത്തിലധികം സൈനികരുള്ള സായുധ സേനയാണ് ചൈനയ്ക്കുള്ളത്.
ഈ സൈന്യത്തിന്റെ എല്ലാ ശാഖകള്‍ക്കും, അതായത് കരസേന, നാവികസേന, വ്യോമസേന എന്നിവയ്ക്ക് ആവശ്യമായ മിസൈലുകളും മറ്റ് ആയുധങ്ങളും വിതരണം ചെയ്യുന്നത് ഈ പുതിയതും വികസിപ്പിച്ചതുമായ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ നിന്നാണ്. മിസൈലുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക മാത്രമല്ല ഈ വിപുലീകരണം ലക്ഷ്യമിടുന്നത്. ഏത് സാഹചര്യത്തിലും അവയുടെ ഉത്പാദന വേഗതയും കാര്യക്ഷമതയും നിലനിര്‍ത്താന്‍ കഴിയുന്ന ഒരു സുശക്തമായ വിതരണ ശൃംഖല ഉറപ്പാക്കുക കൂടിയാണ്.
ഹ്രസ്വദൂര മിസൈലുകള്‍, ഹൈപ്പര്‍സോണിക് മിസൈലുകള്‍, ആണവശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ (ICBMs) എന്നിവയുടെയെല്ലാം ഉത്പാദനത്തിനായിരിക്കും ഈ വിപുലീകരണം പ്രധാനമായും ഊന്നല്‍ നല്‍കുന്നത്.
സിഎന്‍എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, 136 മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ 60 ശതമാനത്തിലധികം സൈറ്റുകളിലും വിപുലീകരണത്തിന്റെ വ്യക്തമായ ലക്ഷണങ്ങള്‍ കാണുന്നുണ്ട്. ഇത് കേവലം അറ്റകുറ്റപ്പണികള്‍ക്കപ്പുറം, ഉത്പാദന ശേഷിയില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണെന്നാണ് വിലയിരുത്തുന്നത്.
2020-ന്റെ തുടക്കം മുതല്‍ 2025 വരെയുള്ള അഞ്ച് വര്‍ഷത്തിനുള്ളില്‍ ചൈന 20 ലക്ഷം ചതുരശ്ര മീറ്ററിലധികം പുതിയ സൗകര്യങ്ങളാണ് നിര്‍മ്മിച്ചിട്ടുള്ളത്.
ആയുധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ പുതിയ കെട്ടിടങ്ങള്‍ (Towers), ഭൂഗര്‍ഭ ബങ്കറുകള്‍ (Bunkers), വിമാനങ്ങള്‍ക്കും വലിയ വാഹനങ്ങള്‍ക്കും മിസൈലുകള്‍ക്കും വേണ്ടിയുള്ള ഭീമാകാരമായ ഹാങ്ങറുകള്‍ (Hangars) എന്നിവയാണ് ഉപഗ്രഹ ചിത്രങ്ങളില്‍ പ്രധാനമായും കാണാനാവുന്നത്. ചൈനയുടെ മിസൈല്‍ നിര്‍മ്മാണ രംഗത്ത് ഒരു വലിയ വ്യാവസായിക വിപ്ലവമാണ് നടക്കുന്നത് എന്നാണ് ഈ നിര്‍മ്മാണങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
ഇതുകൂടാതെ, വിദൂര ഗ്രാമീണ മേഖലകളെ അതിവേഗം സൈനിക വ്യാവസായിക കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രവണതയും റിപ്പോര്‍ട്ടില്‍ എടുത്ത് കാണിക്കുന്നുണ്ട്. ഇത്രയും വലിയ തോതിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചൈനയുടെ പ്രതിരോധ ഉത്പാദനത്തില്‍ ഒരു പുതിയ യുഗത്തിന് തുടക്കമിടുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ചൈനയുടെ ഈ സൈനിക നീക്കം യു.എസ് ഉൾപ്പെടെയുള്ള പാശ്ചാത്യ ശക്തികളെ ആശങ്കയിലാക്കിയിട്ടുണ്ട്. പസഫിക് ഫോറം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അനലിസ്റ്റും, നാറ്റോ ആയുധ നിയന്ത്രണ വിഭാഗത്തിന്റെ മുന്‍ ഡയറക്ടറുമായിരുന്ന വില്യം ആല്‍ബെര്‍ക്കിന്റെ വാക്കുകള്‍ ഈ സംഭവവികാസത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ‘ചൈന ഒരു ആഗോള വന്‍ശക്തിയായി സ്വയം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. നമ്മള്‍ ഇപ്പോള്‍ ഒരു പുതിയ ആയുധമത്സരത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്.’ എന്നാണ് അദ്ദേഹം റിപ്പോര്‍ട്ടില്‍ പറയുന്നത്.
ചൈനയുടെ വര്‍ധിച്ചുവരുന്ന മിസൈല്‍ ശേഷി അമേരിക്ക, ഇന്ത്യ, ജപ്പാന്‍, തായ്വാന്‍ തുടങ്ങിയ രാജ്യങ്ങളുമായുള്ള ഭൗമരാഷ്ട്രീയ ബന്ധം കൂടുതല്‍ വഷളാക്കാന്‍ സാധ്യതയുണ്ട്. തായ്വാന്‍ കടലിടുക്കിലെ സൈനിക ഇടപെടല്‍ സാധ്യതകളെയും, ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ വര്‍ധിച്ചുവരുന്ന സ്വാധീനത്തെയും ഇത് കൂടുതല്‍ സങ്കീര്‍ണ്ണമാക്കും. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ചൈന നടത്തുന്ന ഈ വന്‍ നിക്ഷേപം മേഖലയിലെ മറ്റ് രാജ്യങ്ങളെയും സമാനമായ ആയുധ വര്‍ധനവിന് പ്രേരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പുകൾ.

