ഇന്ത്യ-യുഎസ് ബന്ധം മെച്ചപ്പെടുന്നു: 113 എന്‍ജിനുകള്‍ക്കുള്ള കരാര്‍ ഒപ്പിട്ടു; തേജസ് വിമാനങ്ങളുടെ നിര്‍മാണം വേഗത്തിലാകും

ന്യൂഡല്‍ഹി: തേജസ് യുദ്ധവിമാനങ്ങളുടെ നിര്‍മാണത്തിനായി എന്‍ജിനുകള്‍ ലഭ്യമാക്കാനുള്ള സുപ്രധാന കരാറില്‍ ഒപ്പിട്ട് എച്ച്എഎല്ലും യുഎസ് കമ്പനിയാ ജിഇ എയ്റോസ്പേസും. 113 എഫ് 404-ജിഇ-ഐഎന്‍20 എന്‍ജിനുകള്‍ വാങ്ങാനുള്ള കരാറിലാണ് ഇരുസ്ഥാപനങ്ങളും ഒപ്പുവെച്ചത്. ഇന്ത്യയും യുഎസും തമ്മിലുള്ള തീരുവ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ് കരാര്‍ എന്നതാണ് ശ്രദ്ധേയം. ഇന്ത്യ- യുഎസ് ബന്ധം മെച്ചപ്പെടുന്നുവെന്നതിന്റെ സൂചനയായാണ് ഇതിനെ വിലയിരുത്തുന്നത്.
ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് ( എല്‍സിഎ) ആയ തേജസ് എംകെ 1എ യുടെ 97 എണ്ണം വ്യോമസേനയ്ക്കായി വാങ്ങാനുള്ള കരാര്‍ എച്ച്എഎല്ലിന് ലഭിച്ചിരുന്നു. ഈ കരാര്‍ പൂര്‍ത്തീകരിക്കണമെങ്കില്‍ എഫ്404-ജിഇ-ഐഎന്‍20 എന്‍ജിനുകള്‍ ആവശ്യമാണ്. 97 തേജസ് എംകെ1എ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനായി പ്രതിരോധ മന്ത്രാലയം സെപ്റ്റംബറില്‍ എച്ച്എഎല്ലുമായി 62,370 കോടി രൂപയുടെ കരാര്‍ ഒപ്പിട്ടിരുന്നു. സ്‌ക്വാഡ്രണ്‍ ശേഷി ഗണ്യമായി കുറയുന്ന സാഹചര്യത്തിലാണ് ഈ കരാര്‍ ഒപ്പുവെച്ചത്.
നിലവില്‍ തേജസ് വിമാനങ്ങളുടെ വിതരണം മന്ദഗതിയിലാണ്. 2021-ല്‍ ഓര്‍ഡര്‍ ചെയ്ത 99 എന്‍ജിനുകളുടെ വിതരണത്തില്‍ ജിഇയുടെ ഭാഗത്തുനിന്നുണ്ടായ മെല്ലെപ്പോക്കാണ് ഇതിന് കാരണം. ഇതുവരെ നാല് എന്‍ജിനുകള്‍ മാത്രമാണ് ജിഇ എത്തിച്ചിട്ടുള്ളത്. കോവിഡ്-19 നെ തുടര്‍ന്നുള്ള വിതരണ ശൃംഖലയിലെ തടസ്സങ്ങളാണ് ഈ കാലതാമസത്തിന് കാരണമായി ജിഇ എയ്റോസ്പേസ് ചൂണ്ടിക്കാട്ടിയത്. പഴയ കരാര്‍ പ്രകാരമുള്ള എന്‍ജിനുകളുടെ വിതരണം മന്ദഗതിയിലായത് വ്യോമസേനയുടെ സ്‌ക്വാഡ്രണ്‍ ശേഷി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളെയും ബാധിച്ചു. എങ്കിലും പ്രതിസന്ധികള്‍ പരിഹരിച്ച് എന്‍ജിനുകള്‍ പെട്ടെന്ന് ലഭ്യമാക്കുമെന്ന് ജിഇ എയ്റോസ്പേസ് വ്യക്തമാക്കിയിട്ടുണ്ട്.
തേജസ് യുദ്ധവിമാനത്തിന്റെ പരിഷ്‌കരിച്ച വകഭേദമാണ് എംകെ1എ. സിംഗിള്‍ എന്‍ജിന്‍, മള്‍ട്ടി-റോള്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ് ആണ് തേജസ്. പ്രതികൂലമായ പരിതസ്ഥിതിയിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാകും. വ്യോമ പ്രതിരോധം, സമുദ്ര നിരീക്ഷണം, ശത്രുകേന്ദ്രങ്ങള്‍ ആക്രമിക്കല്‍ എന്നീ ദൗത്യങ്ങള്‍ക്കായാണ് തേജസിനെ വികസിപ്പിച്ചത്. ഇതിനോടകം വ്യോമസേന 40 തേജസ് വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്, അതില്‍ രണ്ട് സ്‌ക്വാഡ്രണുകള്‍ മാത്രമാണ് ലഭ്യമായത്. 2021-ല്‍ 83 തേജസ് എംകെ1എ ജെറ്റുകള്‍ക്ക് പ്രതിരോധ മന്ത്രാലയം ഓര്‍ഡര്‍ നല്‍കി. പുതിയ 97 എണ്ണം ഉള്‍പ്പെടെ, 2034 വരെ മൊത്തം 180 വിമാനങ്ങള്‍ വ്യോമസേനയ്ക്ക് കൈമാറും. പഴക്കം ചെന്ന മിഗ്-21 ജെറ്റുകള്‍ അടുത്തിടെ ഒഴിവാക്കിയിരുന്നു. ഈ ഒഴിവ് നികത്താന്‍ ലക്ഷ്യമിട്ടാണ് തേജസിനെ വികസിപ്പിച്ചത്.

