KSDLIVENEWS

Real news for everyone

സാങ്കേതിക തകരാറില്‍ ഡല്‍ഹിയില്‍ മാത്രം മുടങ്ങിയത് 800 വിമാന സര്‍വീസുകള്‍, താളംതെറ്റി മറ്റ് വിമാനത്താവളങ്ങളും

SHARE THIS ON

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിലെ സാങ്കേതിക തകരാര്‍ രാജ്യത്തെ വിവിധ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ സർവീസുകളെ ബാധിച്ചതായി റിപ്പോർട്ട്. ഡൽഹി വിമാനത്താവളത്തിലെ ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിങ് സിസ്റ്റത്തിൽ (AMSS) ഉണ്ടായ സാങ്കേതിക തകരാറാണ് വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളെ താളംതെറ്റിച്ചത്. 

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച്, എയർ ട്രാഫിക് കൺട്രോൾ മെസേജിങ് സിസ്റ്റത്തിലെ സാങ്കേതിക തകരാറിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ 800 ഓളം വിമാനങ്ങൾ വൈകിയതിന് പിന്നാലെ, സര്‍വീസുകള്‍ വൈകാൻ സാധ്യതയുണ്ടെന്ന് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം വെള്ളിയാഴ്ച മുന്നറിയിപ്പ് നൽകി .

ഡൽഹിയിൽ നിന്ന് മുംബൈ, ജയ്പുർ, ലക്നൗ, വാരണാസി തുടങ്ങിയ പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കുള്ള വിമാനങ്ങൾ വൈകുന്നതിനാൽ ഡൽഹിയിലെ AMSS തകരാർ ഈ വിമാനത്താവളങ്ങളെയും ബാധിച്ചു തുടങ്ങി. അതേസമയം, മറ്റ് വിമാനത്താവളങ്ങളിൽ ഇത്തരമൊരു പ്രശ്നമുള്ളതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

“എയർ ട്രാഫിക് കൺട്രോളിന്റെ ഫ്ലൈറ്റ് പ്ലാനിങ്ങിനെ സഹായിക്കുന്ന, ഡൽഹിയിലെ ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്റ്റത്തിൽ (AMSS) ഉണ്ടായ സാങ്കേതിക തകരാർ മുംബൈ വിമാനത്താവളത്തിലെ സർവീസുകളെ ബാധിച്ചിരിക്കുന്നു. ബന്ധപ്പെട്ട അധികൃതർ എത്രയും വേഗം പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലമായി, വിമാനക്കമ്പനികളുടെ പ്രവർത്തനങ്ങളിൽ കാലതാമസമുണ്ടാകാം. വിമാനങ്ങളുടെ തൽസ്ഥിതിയെയും പുതുക്കിയ സമയക്രമത്തെയും കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കായി യാത്രക്കാർ അതത് എയർലൈനുകളുമായി ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു. ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നു, നിങ്ങളുടെ ക്ഷമയ്ക്കും സഹകരണത്തിനും നന്ദി”, മുംബൈ വിമാനത്താവളം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

അതേസമയം, ഡൽഹിയിലെ എടിസി തകരാർ മൂലം ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുറഞ്ഞത് 15 വിമാനങ്ങൾ വൈകി. വിമാന സർവീസുകളെ ബാധിച്ചിട്ടുണ്ടെന്നും വിമാനക്കമ്പനികളുടെ പ്രവർത്തനങ്ങളിൽ കാലതാമസമുണ്ടാകാൻ സാധ്യതയുണ്ടെന്നും വിമാനത്താവളം മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ലഖ്നൗ വിമാനത്താവളവും സമാനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ വിമാനങ്ങളുടെ തൽസ്ഥിതിയും പുതുക്കിയ സമയക്രമവും അറിയാൻ യാത്രക്കാർ അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്.

എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലെ സാങ്കേതിക തകരാറിനെ തുടർന്ന് 800-ലധികം ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങൾ വൈകിയതോടെ, രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഡൽഹിയിലെ ഐജിഐ വിമാനത്താവളം വെള്ളിയാഴ്ച ആശങ്കയിലായി. സാങ്കേതിക പ്രശ്‌നങ്ങൾ കാരണം ഡൽഹി വിമാനത്താവളത്തിൽ തങ്ങളുടെ വിമാനങ്ങൾ വൈകുന്നുണ്ടെന്ന് ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ്, ആകാശ എയർ എന്നിവ അറിയിച്ചു.

“എയർ ട്രാഫിക് കൺട്രോൾ ഡാറ്റയെ സഹായിക്കുന്ന ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിങ് സിസ്റ്റത്തിൽ (AMSS) ഉണ്ടായ സാങ്കേതിക തകരാർ കാരണം ഡൽഹി വിമാനത്താവളത്തിലെ വിമാന സർവീസുകൾ വൈകുകയാണ്. കൺട്രോളർമാർ ഫ്ലൈറ്റ് പ്ലാനുകൾ നേരിട്ട് കൈകാര്യം ചെയ്യുന്നതാണ് കാലതാമസത്തിന് കാരണം. സാങ്കേതിക വിദഗ്ധർ എത്രയും വേഗം സിസ്റ്റം പുനഃസ്ഥാപിക്കാൻ ശ്രമിക്കുകയാണ്”, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) പ്രസ്താവനയിൽ പറഞ്ഞു.

എയർ ട്രാഫിക് കൺട്രോളിന്റെ ഫ്ലൈറ്റ് പ്ലാനിങ് പ്രക്രിയയെ പിന്തുണയ്ക്കുന്ന AMSS-ലെ സാങ്കേതിക തകരാർ കാരണം വിമാന സർവീസുകൾ തടസ്സപ്പെട്ടതായി ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും (DIAL) അറിയിച്ചു. റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട് പ്രകാരം, ഈ തകരാർ നിരവധി അന്താരാഷ്ട്ര എയർലൈനുകളെയും ബാധിച്ചു. റോമിലേക്കുള്ള ഐടിഎ എയർവേയ്‌സ് വിമാനം രണ്ട് മണിക്കൂറോളവും ലണ്ടനിലേക്കുള്ള വിർജിൻ അറ്റ്‌ലാന്റിക് വിമാനം ഒരു മണിക്കൂറിലധികവും വൈകി. ഓട്ടോമേഷൻ സോഫ്റ്റ്‌വെയറിൽ മാൽവെയർ മൂലമുണ്ടായ ഓവർലോഡിന്റെ ഫലമാകാം ഈ തടസ്സമെന്ന് വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സിഎൻഎൻ-ന്യൂസ്18-നോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!