തിരഞ്ഞെടുപ്പു പരാജയചർച്ച; ബി.ജെ.പിയുടെ സംസ്ഥാനത്തെ യോഗം കേന്ദ്രനേതൃത്വം വിലക്കി

കൊച്ചി: ഉപതിരഞ്ഞെടുപ്പ് പരാജയത്തെച്ചൊല്ലി ബി.ജെ.പി.യിൽ നേതാക്കൾതമ്മിൽ അഭിപ്രായഭിന്നത രൂക്ഷമായിരിക്കെ, അതേക്കുറിച്ച് ചർച്ചചെയ്യാൻ വിളിച്ചിരുന്ന പാർട്ടി സംസ്ഥാന നേതൃയോഗം കേന്ദ്ര നേതൃത്വം ഇടപെട്ട് ഒഴിവാക്കി. തിരഞ്ഞെടുപ്പു പരാജയം വിലയിരുത്താൻ ഡിസംബർ ഏഴ്, എട്ട് തീയതികളിൽ സംസ്ഥാനനേതൃയോഗം ചേരുമെന്ന്് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻതന്നെ പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചതായിരുന്നു.
എന്നാൽ, അവലോകനം പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ രൂക്ഷമാക്കുമെന്ന തിരിച്ചറിവിൽ തത്കാലത്തേക്ക് അതേക്കുറിച്ച് ചർച്ചവേണ്ടെന്ന നിലപാടാണ് കേന്ദ്രനേതൃത്വം സ്വീകരിച്ചത്. സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കറും സഹപ്രഭാരി അപരാജിത സാരംഗിയുമെല്ലാം എത്തുന്നുണ്ടെങ്കിലും സംസ്ഥാനനേതൃയോഗം ഉണ്ടാവില്ല.
അതേസമയം തിങ്കളാഴ്ച കോർ-കമ്മിറ്റി ചേരും. അതിനുമുൻപായി നേതാക്കൾ ആർ.എസ്.എസ്. നേതാക്കളെക്കണ്ട് രാഷ്ട്രീയസ്ഥിതിഗതികൾ വിലയിരുത്തും. ഉപതിരഞ്ഞെടുപ്പ് പരാജയവും ചർച്ചയായേക്കും.
താഴേത്തട്ടിൽ പാർട്ടി സംഘടനാ തിരഞ്ഞെടുപ്പുകൾ ഇൗ മാസം പൂർത്തിയാക്കുന്നവിധത്തിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കഴിഞ്ഞകാര്യങ്ങളിലുള്ള തർക്കങ്ങൾ ഒഴിവാക്കി എത്രയുംവേഗം സംഘടനാ തിരഞ്ഞെടുപ്പ് പൂർത്തിയാക്കി, പൊതുതിരഞ്ഞെടുപ്പുകൾക്കായി പാർട്ടിയെ സജ്ജമാക്കുന്നതിനാണ് കേന്ദ്രം പ്രാധാന്യംനൽകുന്നത്.

