കോവിഡിന് ശേഷം ഓട്ടം നിര്‍ത്തി ആയിരക്കണക്കിന് പ്രൈവറ്റ് ബസുകള്‍; നികുതി നഷ്ടം കോടികള്‍, പണിപോയത് പതിനായിരങ്ങള്‍ക്ക്; കണക്കുകൾ പുറത്ത്

ഡീസല്‍വില ഉയര്‍ന്നതോടെ സംസ്ഥാനത്ത് പ്രതിസന്ധിയിലായ സ്വകാര്യബസ് മേഖലയില്‍ കോവിഡിനുശേഷം വന്‍ തൊഴില്‍നഷ്ടം. കോവിഡിനു മുമ്പുണ്ടായിരുന്നതിനേക്കാള്‍ സര്‍വീസുകള്‍ കുറഞ്ഞതും ജീവനക്കാരുടെ എണ്ണം കുറച്ചതുമാണ് കാരണം. കോവിഡിനുശേഷം സര്‍വീസുകള്‍ നിര്‍ത്തിയതിനാല്‍ നേരിട്ട് 16,000 പേരുടെയെങ്കിലും തൊഴില്‍ നഷ്ടമായതായാണ് കണക്കാക്കുന്നത്. തൊഴിലാളികളെ കുറച്ചതുമൂലമുള്ള തൊഴില്‍ നഷ്ടം ഇതിനുപുറമേ.
കോവിഡിനുമുമ്പ് സംസ്ഥാനത്ത് 12,000-ഓളം സ്വകാര്യബസ്സുകളുണ്ടായിരുന്നു. ഇത് ഏകദേശം 8000 ആയി കുറഞ്ഞു. ഏറ്റവും കൂടുതല്‍ ബസുകള്‍ ഓടിക്കുന്ന ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്റെ കീഴില്‍ വരുന്ന ബസുകളുടെ മാത്രം കണക്കാണിത്. ദീര്‍ഘദൂരസര്‍വീസുകള്‍ നടത്തുന്നതില്‍നിന്ന് സ്വകാര്യബസുകളെ വിലക്കിയതിനെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം 300 ബസുകള്‍ സര്‍വീസ് നിര്‍ത്തിയിരുന്നു. ഇതുള്‍പ്പെടെയാണ് 4000 ബസുകളുടെ കുറവ്.
ഇതിനെത്തുടര്ന്നുതന്നെ ഈ മേഖലയില്‍ 16,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന് ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥ് പറഞ്ഞു. കോവിഡിനുമുമ്പ് ഒരു ബസില്‍ നാല് തൊഴിലാളികളും ഇവര്‍ക്കു പകരക്കാരായി പുറത്ത് രണ്ടുപേരുമുണ്ടായിരുന്നു. കോവിഡിനുശേഷം പല ബസുകളും തൊഴിലാളികളെ മൂന്നായി കുറച്ചു. പകരം തൊഴിലാളികളുടെ എണ്ണവും കുറച്ചു.
ബസുകളില്‍ പലതിലും ഓട്ടോമാറ്റിക് വാതില്‍ സംവിധാനം ഏര്‍പ്പെടുത്തിയതും തൊഴില്‍നഷ്ടത്തിനിടയാക്കി. ബസില്‍ സ്ഥിരമായുണ്ടായിരുന്ന ക്ലീനര്മാര്ക്കാണ് തൊഴില്‍ നഷ്ടം കൂടുതല്‍. പുതിയ ബസുകളുടെ വന്‍ വിലവര്‍ധന, കോവിഡിനുശേഷം യാത്രക്കാര്‍ സ്വന്തം നിലയ്ക്ക് യാത്രാസൗകര്യങ്ങള്‍ ഉപയോഗിക്കുന്നത് എന്നിങ്ങനെ പല കാരണങ്ങളും ബസുകള്‍ കുറയാനിടയായി.
സര്‍ക്കാരിനും നഷ്ടം
ബസ് സര്‍വീസുകള്‍ നിര്‍ത്തിയതുമൂലം നികുതിയിനത്തില്‍ സംസ്ഥാനസര്‍ക്കാരിനും വന്‍ നഷ്ടം. ഒരു ബസില്‍ ദിവസം ശരാശരി 80 ലിറ്റര്‍ ഡീസലടിക്കും. ഒരു ലിറ്റര്‍ ഡീസല്‍ അടിക്കുമ്പോള്‍ നികുതിയിനത്തില്‍ സംസ്ഥാനസര്‍ക്കാരിനു 22 രൂപയോളം ലഭിക്കും. ഇതിനുപുറമേ മറ്റു നികുതികള്‍കൂടി ചേരുമ്പോള്‍ ഒരു ബസ് സര്‍വീസ് നിര്‍ത്തുന്നതുമൂലം സര്‍ക്കാരിന് ദിവസം കുറഞ്ഞത് 3000 രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ട്. ദിവസം സംസ്ഥാനസര്‍ക്കാരിന് ആകെ നഷ്ടം 1.2 കോടി രൂപയാണ്. സ്പെയര്‍ പാര്‍ട്സുകളുടെ ജി.എസ്.ടി. ഇനത്തില്‍ സര്‍ക്കാരിനു കിട്ടേണ്ട തുക കുറഞ്ഞതു വേറെ.
കോവിഡിനു മുമ്പ്
• ബസുകള്‍- 12,000
• ഒരു ബസിന് ശരാശരി നാലു തൊഴിലാളികള്‍
• ആകെ തൊഴിലാളികള്‍- 48,000
കോവിഡിനുശേഷം
• ബസുകള്‍- 8000
• ആകെ തൊഴിലാളികള്‍- 32,000
• തൊഴില്‍ നഷ്ടപ്പെട്ടത്- 16,000 പേര്‍ക്ക്

