KSDLIVENEWS

Real news for everyone

ചെർക്കള സ്റ്റാൻഡിൽ ബസുകൾ കയറാത്ത പ്രശ്‌നം: നടപടിയുമായി പോലീസ്

SHARE THIS ON

ചെർക്കള: ചെർക്കള സ്റ്റാൻഡിൽ കയറാതെ യാത്രക്കാരെ വട്ടംകറക്കി വന്നിരുന്ന ബസുകൾക്കെതിരേ പോലീസ് നടപടി ശക്തമാക്കും. സ്റ്റാൻഡിൽ കയറാതെപോകുന്ന ബസുകൾ കഴിഞ്ഞ ദിവസം വ്യാപാരി വ്യവസായി ഏകോപനസമിതി ചെർക്കള യൂണിറ്റിന്റെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പിന്തുണയുമായി എത്തി. എൻ.എ.നെല്ലിക്കുന്ന്‌ എം.എൽ.എ., ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ എന്നിവർ കളക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് പോലീസ് നടപടി ശക്തമാക്കുന്നതിന് തീരുമാനിച്ചത്.


ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് വിദ്യാനഗർ ഇൻസ്പെക്ടർ പി.പ്രമോദ് വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കളുമായി ചർച്ചനടത്തിയതിനെ തുടർന്നാണ് ബസ് തടയൽ സമരം അവസാനിപ്പിച്ചത്. ബസ് സ്റ്റാൻഡിലേക്കുള്ള റോഡിൽ സ്ഥാപിച്ച ക്യാമറ നിരീക്ഷിച്ച് കയറാതെ പോകുന്ന ബസുകൾക്ക് പിഴചുമത്തി നോട്ടീസ് നൽകുമെന്ന് ഇൻസ്പെക്ടർ പറഞ്ഞു.

കാത്തുനിൽപ്പിന്റെ ദുരിതം

കെ.എസ്.ആർ.ടി.സി. ബസുകൾ ഉൾപ്പെടെ പലതും പുതിയ ബസ് സ്റ്റാൻഡിൽ കയറാതെയാണ് സർവീസ് നടത്തിയിരുന്നത്. വെയിലും മഴയും കൊണ്ട് യാത്രക്കാർ ബസ് കാത്ത് പാതയോരത്ത് നിൽക്കുന്നത് ഏറെ പ്രയാസപ്പെടുത്തിയിരുന്നു. ബദിയഡുക്ക, കുറ്റിക്കോൽ, മുള്ളേരിയ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്കാണ് ഏറെസമയം റോഡരികിൽ നിൽക്കേണ്ടിവരുന്നത്. ശൗചാലയങ്ങൾ പോലുമില്ല.

വ്യാപാരവും കുറഞ്ഞു

ചെർക്കളയിലെ ബസ് സ്റ്റാൻഡിൽ കയറാതെവരുന്നതോടെ വ്യാപാരം ഗണ്യമായി കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. വ്യാപാരി വ്യവസായി ഏകോപനസമിതി ചെർക്കള യൂണിറ്റ് പ്രസിഡന്റ് ബി.എം.ഷറീഫ്, ജനറൽ സെക്രട്ടറി മുത്തലിബ് ബേർക്ക, സാദിഖ് നെക്കര, സി.എ.ബഷീർ, ഷിഹാബ് നൂർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബസുകൾ തടഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!