KSDLIVENEWS

Real news for everyone

തദ്ദേശത്തിലെ തിരിച്ചടി പ്രത്യേക അവസ്ഥ: 10 വർഷത്തെ മാറ്റം വോട്ടാകും, ഞങ്ങളുടെ കനഗോലു ജനങ്ങൾ; പിണറായി

SHARE THIS ON

തിരുവനന്തപുരം: എൽഡിഎഫിന് ആത്മവിശ്വാസം പകരുന്നതാണ് കേരളത്തിന്റെ നിലവിലെ പൊതുവായ സ്ഥിതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളോടെ ജനങ്ങൾ എൽഡിഎഫിനെ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി പ്രത്യേകമായ അവസ്ഥയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിന്റെ പൊതുവായ കാര്യങ്ങളെ സംബന്ധിച്ച കാര്യത്തിൽ നാടിന്റെ ഇതുവരെയുള്ള അനുഭവംവെച്ചുകൊണ്ടായിരിക്കും ജനം വിധിയെഴുതുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ പത്തുകൊല്ലത്തെ അനുഭവങ്ങൾ വിലയിരുത്തുമ്പോൾ സ്വാഭാവികമായും അതിനു മുൻപുള്ള കേരളത്തിന്റെ അവസ്ഥയും ജനങ്ങളുടെ മനസ്സിലേക്ക് വരും. അത് വലിയതോതിൽ ജനങ്ങളെ സ്വാധീനിക്കും. അഴിമതി കുറഞ്ഞ നാട്, മികച്ച ആരോഗ്യസംവിധാനങ്ങൾ, മികച്ച വിദ്യാഭ്യാസം എന്നിവയിലെല്ലാം കേരളം വളരെ മുന്നോട്ടുപോയി. കേരളത്തിൽ ഏതെങ്കിലുമൊരു പോസ്റ്റിൽ ആരെയെങ്കിലും നിയമിക്കുന്നതിന് കൈക്കൂലി കൊടുക്കേണ്ടതായിട്ടില്ല. എന്നാൽ അതായിരുന്നില്ല പഴയ കാലം. അത് കാലത്തിന്റെ മാറ്റംകൊണ്ട് മാത്രമുണ്ടായതല്ല. അതിന് എൽഡിഎഫിന് വലിയ പങ്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളാണ് ഞങ്ങളുടെ ‘കനഗോലു’ എന്നും മുഖ്യമന്ത്രി പറഞ്ഞു. വേറെ കനഗോലു ഒന്നും ഞങ്ങൾക്ക് ഇല്ല. ഇത്തരം കാര്യങ്ങളിൽ ജനങ്ങൾ സ്വീകരിക്കുന്ന നിലപാട് അവരുടെ അനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ജമാഅത്തെ ഇസ്ലാമി വിഷയത്തിൽ രാജീവ് ചന്ദ്രശേഖറിന്റേതും തങ്ങളുടേതും ഒരേ ശബ്ദമല്ല. തങ്ങൾ പറയുന്നത് കേരളത്തിലെ മതനിരപേക്ഷത ശക്തിപ്പെടുത്താനാണ്. മതനിരപേക്ഷത ശക്തിപ്പെടുത്തുന്ന കാര്യത്തിൽ ഒരു ഘട്ടത്തിലും ബിജെപിക്കോ രാജീവ് ചന്ദ്രശേഖറിനോ താത്പര്യമില്ല. മതനിരപേക്ഷതയിലൂടെയേ വർഗീയതയെ നേരിടാനാവൂ. വർഗീയതവെച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നവർ ഇടയ്ക്കിടെ നിലപാട് മാറ്റാറുണ്ട്. തങ്ങൾക്ക് ഒരേ നിലപാടേ ഉള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട് പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റേതായി ഏതെങ്കിലും വീടുകൾ പണിയാനാരംഭിച്ചു എന്നത് ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. യൂത്ത് കോൺഗ്രസും ഉടനെ പ്രവാർത്തികമാക്കുമെന്ന് പറഞ്ഞിരുന്നു. അതും ഇതുവരെ കാണാനായിട്ടില്ല. അതേസമയം, ഡിവൈഎഫ്‌ഐ നൂറ് വീടുകൾ പൂർത്തിയാക്കാനുള്ള പണം നേരത്തേതന്നെ സർക്കാരിനെ ഏൽപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!