KSDLIVENEWS

Real news for everyone

ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തം പാലങ്ങൾ ഒഴുകിപ്പോയി , 13 ഗ്രാമ ങ്ങൾ ഒറ്റപ്പെട്ടു

SHARE THIS ON

ചമോലിയിലെ മഞ്ഞുമല ദുരന്തത്തിൽ പ്രതിരോധ ഗവേഷണരംഗത്തെ വിദഗ്ധർക്ക് ആശ്ചര്യം. ശൈത്യകാലത്ത് കേട്ടുകേൾവി പോലുമില്ലാത്ത ദുരന്തമാണിപ്പോൾ സംഭവിച്ചിരിക്കുന്നത്.

ഇതു സംബന്ധിച്ച് കൂടുതൽ പഠിക്കുന്നതിനായി ഡിആർഡിഒയുടെ ഡിഫൻസ് ജിയോഇൻഫർമാറ്റിക് റിസർച് എസ്റ്റാബ്ലിഷ്മെന്റിലെ (ഡിജിആർഇ) പ്രത്യേക സംഘം ജോഷിമഠിലേക്കു തിരിച്ചു.

ഇന്ത്യ–ചൈന അതിർത്തിയിലെ തപോവന മേഖലയിൽ സംഭവിച്ചത് മഞ്ഞുമലകൾക്കിടയിൽ രൂപംകൊണ്ട തടാകം പൊട്ടിയുണ്ടായ ദുരന്തമാണെന്ന വിലയിരുത്തലാണ് വിദഗ്ധർ നൽകുന്നത്. മൈനസ് 20 ഡിഗ്രിയിൽ പ്രദേശമാകെ മഞ്ഞുമൂടി കിടക്കുകയാണ്.
മഞ്ഞുരുകാത്ത ശീതകാലത്താണ് ഇത്തരം തടാകങ്ങൾ രൂപപ്പെടുക. അപൂർവമായതാണ് സംഭവിച്ചിരിക്കുന്നത്. 50 വർഷത്തിനിടെ ഇത്തരമൊന്ന് ഞാൻ കണ്ടിട്ടില്ല – ഒരു പ്രതിരോധ ശാസ്ത്രജ്ഞൻ പറഞ്ഞു. 

അട്ടിമറി സാധ്യതയും തള്ളിക്കളയാനാവില്ല. മലമുകളിലെ പോരാട്ടവേദികളിൽ ലഭ്യമായ മഞ്ഞുതടാകങ്ങളെ ശത്രുവിനെതിരെ പ്രയോഗിക്കുന്ന സേനകളുണ്ട്. അപ്രതീക്ഷിത പ്രളയത്തിൽ റേനി ഗ്രാമത്തിലെ ഋഷിഗംഗ ജലവൈദ്യുത പദ്ധതിക്കു കാര്യമായ കേടുപാടു സംഭവിച്ചിട്ടുണ്ട്. സുപ്രധാനമായ ഒരു പദ്ധതിയെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നിശ്ചിത അകലത്തിൽ നിന്ന് മഞ്ഞുതടാകം പൊട്ടിച്ചുവിടാനുള്ള സ്ഫോടനം നടത്തിയതാണോ എന്നും പരിശോധിക്കുന്നുണ്ട്. 

ഡിആർഡിഒയുടെ ചണ്ഡിഗഡ് ആസ്ഥാനമായ സ്നോ ആൻഡ് അവലാഞ്ച് സ്റ്റഡി എസ്റ്റാബ്ലിഷ്മെന്റിനെ (എസ്എഎസ്ഇ) ഇക്കാര്യം പരിശോധിക്കുന്നതിനായി നിയോഗിച്ചിട്ടുണ്ട്. 

ഈ പ്രളയം മഴമൂലമല്ല: ഭൗമശാസ്ത്ര സെക്രട്ടറി

മഞ്ഞും മണ്ണിടിച്ചിലും പ്രളയവും ഭൂകമ്പവുമായി ഉത്തരാഖണ്ഡിനുമേൽ ഇടയ്‌ക്കിടെ മരണം പെയ്യുകയാണ്‌. മൂന്നു ദശകങ്ങൾക്കിടെ  ഈ മലനിരകളിൽ മൂന്ന്‌ വൻ പ്രകൃതിദുരന്തങ്ങൾ.  പൊലിഞ്ഞത്‌ 8000ത്തോളം മനുഷ്യജീവൻ. നിരവധി ഗ്രാമങ്ങളും ഒലിച്ചുപോയി.  വീണ്ടുമൊരു ദുരന്തമായി മഞ്ഞുമല ഇടിഞ്ഞുവീണു. നാശനഷ്ടത്തിന്റെ കണക്കെടുപ്പുകൾ വരാനിരിക്കുന്നതേയുള്ളൂ. മണ്ണിനടിയിലായ ജീവനുകൾ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്‌ രക്ഷാപ്രവർത്തകർ… ന്യൂഡൽഹി ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ നന്ദാദേവി കൊടുമുടിയിലെ മഞ്ഞുമല ഇടിഞ്ഞുവീണ്‌‌ നൂറ്റമ്പതോളം പേരെ കാണാതായി. 10 മൃതദേഹം കണ്ടെടുത്തു. അളകനന്ദ, ദൗലി ഗംഗ നദികളിൽ പ്രളയമുണ്ടായി. റൈനി ഗ്രാമത്തിനുസമീപം ഋഷിഗംഗ ജലവൈദ്യുത പദ്ധതി പൂർണമായും തകർന്നു. ദൗലി ഗംഗയിലെ തപോവൻ ജലവൈദ്യുത പദ്ധതിക്കും കേടുപാട്‌ സംഭവിച്ചു. ഒട്ടേറെ വീടുകൾ  ഒഴുകിപ്പോയി. ഞായറാഴ്‌ച  രാവിലെ പത്തരയോടെയാണ്‌ രാജ്യത്തെ നടുക്കിയ ദുരന്തം. സമുദ്രനിരപ്പിൽനിന്ന്‌ 7,816 മീറ്റർ ഉയരത്തിലാണ്‌ നന്ദാദേവി പർവതശിഖരം. ഋഷിഗംഗ പദ്ധതിയുടെ ജോലിയിലേർപ്പെട്ടിരുന്ന 120 തൊഴിലാളികൾ ഒഴുകിപ്പോയെന്ന്‌ എൻടിപിസി സ്ഥിരീകരിച്ചു. ടണലിൽ കുടുങ്ങിയ 16 തൊഴിലാളികളെ എൻഡിആർഎഫ്‌ അംഗങ്ങൾ രക്ഷിച്ചു. ദൗലി ഗംഗ നദിക്ക്‌ കുറുകെയുള്ള ജോഷിമഠ്‌–-മലരി പാലവും ഒഴുകിപ്പോയി. അതിർത്തിപ്രദേശങ്ങളിലേക്ക്‌ പോകാൻ കരസേന ഉപയോഗിച്ചിരുന്ന പാലമാണിത്‌. പാലം കഴിയുംവേഗം പുനർനിർമിക്കുമെന്ന്‌ ബോർഡർ റോഡ്‌ ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ ലഫ്‌. ജനറൽ രാജീവ്‌ ചൗധരി അറിയിച്ചു. മറ്റ്‌ രണ്ട്‌ പാലവും തകർന്നു. തീർഥാടനനഗരമായ  ജോഷിമഠിലെ ‌ കൺട്രോൾറൂമിലുണ്ടായിരുന്ന പൊലീസ്‌ കോൺസ്‌റ്റബിളാണ്‌ അപകടവിവരം അറിയിച്ചതെന്ന്‌ ഉത്തരാഖണ്ഡ്‌ ദുരന്തനിവാരണ സേന അധികൃതർ പറഞ്ഞു. നന്ദാ ദേവിയിൽ രണ്ട്‌ ദിവസംമുമ്പ്‌ ചെറിയതോതിൽ മഞ്ഞിടിച്ചിൽ ഉണ്ടായിരുന്നു. കേദാർനാഥിൽ  2013 ജൂണിൽ  മേഘസ്‌ഫോടനം സൃഷ്ടിച്ച പ്രളയത്തോളം വ്യാപ്‌തി  ഈ ദുരന്തത്തിനില്ലെന്ന്‌ എൻഡിആർഎഫ്‌ ഐജി പറഞ്ഞു. രക്ഷാപ്രവർത്തനം 48 മണിക്കൂർ തുടരും. താഴ്‌ന്ന സ്ഥലങ്ങളിൽനിന്ന്‌ ജനങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക്‌ മാറ്റി. സംസ്ഥാനസർക്കാരിന്റെയും എൻഡിആർഎഫിന്റെയും രക്ഷാപ്രവർത്തനത്തിന്‌ സഹായംനൽകാൻ കരസേനയും വ്യോമസേനയും ഹെലികോപ്‌ടറുകൾ നിയോഗിച്ചു. ഇൻഡോ ടിബറ്റൻ അതിർത്തിരക്ഷാ സേനയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. മരണസംഖ്യ ഉയർന്നേയ്‌ക്കാമെന്ന്‌ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ്‌ റാവത്ത്‌ പറഞ്ഞു. മരിച്ചവരുടെ ആശ്രിതർക്ക്‌ നാല്‌ ലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകും. അപകടകാരണം താപനില വർധന: വിദഗ്‌ധർ രാജ്യത്തെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കൊടുമുടിയായ നന്ദാദേവിയിൽ മഞ്ഞുപാളികൾ ഇടിഞ്ഞത്‌ കാലാവസ്ഥാ വ്യതിയാനത്താലെന്ന്‌ വിദഗ്‌ധർ. ആഗോളതാപനത്താലുണ്ടാകുന്ന മഞ്ഞുരുകൽ ഇത്തരം അപകടം സൃഷ്ടിക്കുമെന്ന്‌ ഈ മേഖലയിൽ രാജ്യാന്തര പഠനങ്ങൾക്ക്‌ നേതൃത്വം നൽകുന്ന ഡോ. അഞ്‌ജൽ  പ്രകാശ്‌ പറഞ്ഞു. ഹിന്ദുകുഷ്‌ മേഖലയിൽ താപനിലയിലുണ്ടായ വർധന ആശങ്കാജനകമാണ്‌. ഹിമാലയത്തിൽ എണ്ണായിരത്തിൽപ്പരം മഞ്ഞുതടാകമുണ്ട്‌. ഇതിൽ ഇരുനൂറോളം അപകടകരമാണ്‌. മഞ്ഞുരുക്കം പർവതശിഖരങ്ങളുടെ ചരിവിന്റെ സ്ഥിരത നഷ്ടപ്പെടുത്തുമെന്ന്‌ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച രാജ്യാന്തര റിപ്പോർട്ട്‌ (ഐപിസിസി) വ്യക്തമാക്കിയിട്ടുണ്ട്‌. ഹിമപാളികളുടെ താപനില മുമ്പ്‌ മൈനസ്‌ ആറിനും 20നും ഇടയിലായിരുന്നു. ഇപ്പോൾ മൈനസ്‌ രണ്ടായി. ഇത്‌ അങ്ങേയറ്റം അപകടകരമാണെന്ന്‌ ഇൻഡോർ ഐഐടിയിലെ ഡോ. മുഹമ്മദ്‌ ഫറൂഖ്‌ അസം പറഞ്ഞു. മേഘസ്‌ഫോടനത്തിനു വഴിയൊരുക്കുന്ന കാലാവസ്ഥ ചമോലിയിൽ ഞായറാഴ്‌ച ഇല്ലായിരുന്നെന്നും താപനിലയിലെ വർധയാണ്‌ അപകടമുണ്ടാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.   രക്ഷാപ്രവർത്തനത്തിന്‌ സൈന്യവും ചമോലിയിൽ രക്ഷാപ്രവർത്തനത്തിന്‌ കരസേനയും വ്യോമസേനയും. കരസേനയിലെ അറുനൂറോളം പേർ  ദുരന്തബാധിത മേഖലകളിലേക്ക്‌ നീങ്ങി. ജോഷിമഠിൽനിന്നും ഔളിയിൽനിന്നുമുള്ള സൈനികരാണ്‌ ഇവർ. രണ്ട്‌ മെഡിക്കൽ സംഘവും ഒരു എൻജിനിയറിങ്‌ സംഘവും ദൗത്യത്തിൽ പങ്കുചേർന്നതായി അധികൃതർ അറിയിച്ചു. നാവികസേനയുടെ ഡൈവിങ്‌ വിദഗ്‌ധരെയും  ജലവൈദ്യുത പദ്ധതികൾ തകർന്ന പ്രദേശങ്ങളിലെത്തിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ(എൻഡിആർഎഫ്‌) അഞ്ച്‌ സംഘങ്ങളും ഡെറാഡൂണിൽനിന്ന്‌ ജോഷിമഠ്‌ വഴി ദുരന്തബാധിത പ്രദേശങ്ങളിലെത്തി. സംസ്ഥാന ദുരന്തനിവാരണ സേനാംഗങ്ങളാണ്‌ രക്ഷാപ്രവർത്തനം തുടങ്ങിയത്‌. ഇൻഡോ ടിബറ്റൻ അതിർത്തിരക്ഷാസേനയും വൈകാതെ പങ്കുചേർന്നു. പ്രളയമുണ്ടായ റൈനിയിലും തപോവനിലും സേനാംഗങ്ങളെത്തി. ഇന്തോ–- ടിബറ്റൻ അതിർത്തിയിലെ 200 സുരക്ഷാ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിന്‌ എത്തിയിട്ടുണ്ട്‌.   ഉത്തരാഖണ്ഡിലെ സ്ഥിതി നിരീക്ഷിച്ചുവരികയാണെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചു. സംസ്ഥാന അധികൃതരുമായും എൻഡിആർഎഫ് കേന്ദ്രങ്ങളുമായും നിരന്തരം ബന്ധപ്പെടുകയാണെന്നും അദ്ദേഹം ട്വീറ്റ്‌ ചെയ്‌തു. മരിച്ചവരുടെ ആശ്രിതർക്ക്‌ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന്‌ രണ്ട്‌ ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക്‌ അരലക്ഷം വീതവുംനൽകും. എൻസിഎംസി(നാഷണൽ ക്രൈസിസ്‌ മാനേജ്‌മെന്റ്‌ കമ്മിറ്റി) വൈകിട്ട് ക്യാബിനറ്റ്‌ സെക്രട്ടറി രാജീവ്‌ ഗൗബയുടെ അധ്യക്ഷതയിൽ  യോഗം ചേർന്നു. പ്രളയനില നിയന്ത്രണാധീനമാണെന്ന്‌ എൻസിഎംസി വ്യക്തമാക്കി. ഗാസിയാബാദിലെ ഹിൻഡൺ വ്യോമസേന താവളത്തിൽനിന്ന്‌ 15 ടൺ സാധനസാമഗ്രികളുമായി എൻഡിആർഎഫിന്റെ മൂന്ന്‌ സംഘം രണ്ട്‌ സി–-130ജെ സൂപ്പർ ഹെർക്കുലീസ്‌ ഹെലികോപ്‌ടറിൽ ദുരന്തമേഖലയിലേക്ക്‌ പോയി. രണ്ട്‌ എംഐ –- 17 ഹെലികോപ്‌ടറുകളുടെയും എഎൽഎച്ച്‌ ധ്രുവ്‌ കോപ്‌ടറിന്റെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്‌. വ്യോമസേനയുടെ എയർക്രാഫ്‌റ്റുകളും രംഗത്തുണ്ട്‌. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!