സ്വർണക്കടത്ത്: യു.എ.ഇ മുൻ കോൺസൽ ജനറലിന്റെ ബാഗുകള്‍ കസ്റ്റംസ് പരിശോധിച്ചു

തിരുവനന്തപുരം: സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം യുഎഇ കോൺസുലേറ്റ് മുൻ കോൺസൽ ജനറലായിരുന്ന ജമാൽ അൽ സാബിയുടെ ബാഗുകളും മറ്റും കസ്റ്റംസ് പരിശോധിച്ചു. കേന്ദ്രസർക്കാർ അനുമതിയോടെയാണ് പരിശോധന.
എയർ കാർഗോ കോംപ്ലക്സിലാണ് പരിശോധന നടക്കുന്നത്. ജമാൽ അൽ സാബിയുടെ ബാഗുകളും മറ്റും പരിശോധിക്കുന്നതിനുളള അപേക്ഷ കേന്ദ്ര സർക്കാരിന് നൽകിയിരുന്നു.
സ്വർണക്കടത്ത് ചർച്ചയായതിന് പിറകേ അൽസാബി വിദേശത്തേക്ക് പോയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ബാഗേജുകളിൽ ചിലത് ഇവിടെ ഉണ്ടായിരുന്നു. ഇത് യുഎഇയിൽ എത്തിക്കാൻ ജമാൽ അൽ സാബി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കേസുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധന നടത്തേണ്ടതുണ്ടെന്നായിരുന്നു കസ്റ്റംസ് നിലപാട്.
കേസുമായി ബന്ധപ്പെട്ട അന്വേഷണം വിദേശത്തടക്കം നടക്കേണ്ടതുണ്ട് എന്നും കസ്റ്റംസ് വ്യക്തമാക്കിയിരുന്നു.പരിശോധനയിൽ ലഭിക്കുന്ന തെളിവുകൾ കേസിന് സഹായകമാവുമെന്നാണ് കസ്റ്റംസ് കരുതുന്നത്.

