ബ്രിട്ടീഷുകാര്‍ക്കെതിരെ ബിജെപി സമരം ചെയ്തിട്ടില്ല; സമരജീവിയെന്ന വിമര്‍ശത്തില്‍ അഭിമാനം- കര്‍ഷകര്‍

ന്യൂഡൽഹി: രാജ്യത്ത് പുതിയൊരു വിഭാഗം സമര ജീവികൾ ഉദയം ചെയ്തിട്ടുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തെ വിമർശിച്ച് കർഷക സംഘടനകൾ. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിച്ചത് ഒരുകൂട്ടം സമര ജീവികളാണെന്ന് സംയുക്ത കിസാൻ മോർച്ച പ്രധാനമന്ത്രിയെ ഓർമപ്പെടുത്തി. അതിനാൽ സമര ജീവിയെന്നതിൽ അഭിമാനിക്കുന്നുവെന്നും സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിൽ അറിയിച്ചു.
പ്രധാനമന്ത്രിയുടെ പ്രസ്താവനയെ അപലപിക്കുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കാൻ സഹായിച്ചത് സമര ജീവികളാണെന്ന് മോദിയെ ഓർമിപ്പിക്കുന്നു. അതുകൊണ്ടുതന്നെ സമര ജീവിയായതിൽ അഭിമാനിക്കുന്നുവെന്നും സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി.
ബിജെപിയും അവരുടെ മുൻഗാമികളും ബ്രിട്ടീഷുകാർക്കെതിരേയുള്ള പ്രക്ഷോഭത്തിൽ ഒരിക്കലും പങ്കെടുത്തിട്ടില്ല. ജനങ്ങളുടെ പ്രക്ഷോഭങ്ങളെ അവർ എല്ലായിപ്പോഴും ഭയപ്പെടുന്നു. ഇന്നത്തെ കർഷക സമരത്തെ ബിജെപിക്കാർ ഭയപ്പെടുന്നത് അതുകൊണ്ടാണെന്നും കർഷക സംഘടനകൾ വിമർശിച്ചു.
ഇപ്പോഴും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാണെങ്കിൽ കൃഷി പാടങ്ങളിലേക്ക് തിരിച്ചുപോകാൻ കർഷകർക്ക് സന്തോഷമേയുള്ളു. സർക്കാരിന്റെ ധാർഷ്ട്യ മനോഭാവാണ് പ്രക്ഷോഭം നീണ്ടുപോകാൻ കാരണമെന്നും കർഷക നേതാക്കൾ ചൂണ്ടിക്കാണിച്ചു.
തിങ്കളാഴ്ച രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിൻ മേലുള്ള നന്ദി പ്രമേയത്തിൽ രാജ്യസഭയിൽ നടത്തിയ മറുപടി പ്രസംഗത്തിലാണ് കർഷക സമരത്തെക്കുറിച്ച് മോദി പ്രതിപാദിച്ചത്. എവിടെ പ്രതിഷേധമുണ്ടോ അവിടെ സമരജീവികളെ കാണാനാകും. ഇവർക്ക് സമരം ഇല്ലാതെ ജീവിക്കാനാകില്ല. ഇക്കൂട്ടരെ തിരിച്ചറിയണമെന്നും അവരിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കണമെന്നുമാണ് മോദി വിമർശിച്ചത്
കർഷകർ പ്രക്ഷോഭം അവസാനിപ്പിക്കണമെന്നും ചർച്ചയിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ചർച്ചയ്ക്ക് തയ്യാറാണെന്നും ചർച്ചയ്ക്കുള്ള തീയതി കേന്ദ്രസർക്കാരിന് നിശ്ചയിക്കാമെന്നും കർഷക സംഘടനകൾ വ്യക്തമാക്കിയിരുന്നു.

