രാജസ്ഥാനിലെ 90 നഗരസഭകളില്‍ 48 ഇടത്ത് ഭരണംപിടിച്ച് കോണ്‍ഗ്രസ്, ബി.ജെ.പി. 37 ഇടത്ത്

ജയ്പുർ: രാജസ്ഥാനിലെ 90 നഗരസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 48 ഇടങ്ങളിൽ കോൺഗ്രസ് ഭരണം പിടിച്ചു. 37 നഗരസഭകളിൽ മാത്രമാണ് ബിജെപി അധ്യക്ഷൻമാർക്ക് വിജയിക്കാനായത്.
19 നഗരസഭകളിൽ ഒറ്റയ്ക്ക് അധികാരം പിടിച്ച കോൺഗ്രസ് സ്വതന്തരുടെ പിന്തുണയോടെയാണ് മറ്റിടങ്ങളിൽ അധികാരത്തിലെത്തിയത്. ജയിച്ച 37 നഗരസഭകളിൽ 24 ഇടങ്ങളിലും ബിജെപി ഒറ്റയ്ക്ക് അധികാരത്തിലെത്തി. അതേസമയം കഴിഞ്ഞ തവണ 90 നഗരസഭകളിൽ 60 ഇടത്തും ബിജെപിയായിരുന്നു അധികാരത്തിലിരുന്നത്.
എൻസിപിയും രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയും ഓരോ നഗരസഭകളുടെ തലപ്പത്തെത്തി. 20 ജില്ലകളിലായി 80 മുനിസിപ്പാലിറ്റികൾ, 9 മുനിസിപ്പൽ കൗൺസിലുകൾ, ഒരു മുനിസിപ്പൽ കോർപ്പറേഷൻ എന്നിവിടങ്ങളിലേക്കാണ് ജനുവരി 28ന് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടന്നത്.
ആകെയുള്ള 3034 വാർഡുകളിൽ 1197 ഇടത്ത് കോൺഗ്രസും 1141 വാർഡുകളിൽ ബിജെപിയുമാണ് വിജയിച്ചിരുന്നത്. 633 ഇടങ്ങളിൽ സ്വതന്ത്രരും ജയിച്ചു
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 60 ഇടത്ത് അധ്യക്ഷപദവി നേടിയ ബി.ജെ.പി. ഇത്തവണ മുപ്പത്തിയേഴിലേക്ക് ഒതുങ്ങിയതായി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഗോവിന്ദ് സിങ് ഡോടാസര പറഞ്ഞു. രണ്ട് സ്വതന്ത്രരുടെ പിന്തുണകൂടി ചേർത്താൽ കോൺഗ്രസിന് 50 നഗരസഭകളിൽ സാരഥ്യം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി. മികച്ചവിജയം നേടിയതായി സംസ്ഥാന അധ്യക്ഷൻ സതീഷ് പുനിയയും അവകാശപ്പെട്ടു. 50ലേറെ ഇടങ്ങളിൽ ഭരണംപിടിക്കുമെന്ന് പറഞ്ഞെങ്കിലും കോൺഗ്രസിന് അതിന് സാധിച്ചില്ല. ഗഹ്ലോത് സർക്കാരിനെ ജനം പാഠം പഠിപ്പിച്ചു. നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അവർ കൂടുതൽ വ്യക്തതയുള്ള മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

