യുഎഇയില്‍ മന്ത്രിസഭാ പുനസംഘടന; പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം

യുഎഇയില്‍ മന്ത്രിസഭ പുനസംഘടിപ്പിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ചത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. യു.എ.ഇ.യുടെ യുനെസ്‌കോ പ്രതിനിധി സലീം അല്‍ ഖാസിമി സാംസ്‌കാരിക യുവജന മന്ത്രിയായി ചുമതലയേറ്റു. ( Cabinet reshuffle in UAE ). മറിയം ബിന്‍ത് അഹമ്മദ് അല്‍ ഹമ്മദിയെ കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്സ് സെക്രട്ടറി ജനറലായും നിയമിച്ചിട്ടുണ്ട്. നേരത്തെ യുവജനകാര്യ സഹമന്ത്രിയായിരുന്ന ഷമ്മ അല്‍ മസ്റൂയി, പുതുതായി കമ്മ്യൂണിറ്റി ഡവലപ്മെന്റ് മന്ത്രിയായാണ് ചുമതലയേറ്റത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മന്ത്രി ഒമര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഒലാമ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഡയറക്ടര്‍ ജനറലായും ചുമതല നിര്‍വഹിക്കും. അബ്ദുല്ല നാസര്‍ ലൂത്തയെ കോംപെറ്റിറ്റീവ്നെസ് കൗണ്‍സിലിന്റെ ചെയര്‍മാനായി നിയമിച്ചു. ഇവയ്ക്കു പുറമേ, പ്രധാനപ്പെട്ട പദവികളിലെല്ലാം പുനസംഘാടനം നടത്തിയിട്ടുണ്ട്. സഹ മന്ത്രിമാരുടെ പദവികളിലും കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.

